Tuesday, April 23, 2019

ഗംഗയിലെ മുതല

ഗംഗയിലെ മുതല  
_____________________________________________________________________

    വളരെ നാളുകൾകൂടിയാണ് ഗുരുവായൂർ ക്ഷേത്രത്തിൽ ഒരു കുളിച്ചുതൊഴൽ നടത്തുന്നത്. സാധാരണയായി അമ്പലത്തിന്റെ കിഴക്കേദീപസ്തംഭചുവട്ടിൽ നിന്നും ഭഗവാനെ കണ്ടുതൊഴുക എന്നതു  മാത്രമാണ് ചെയ്യാറുള്ളത്. ഗുരുവായൂർക്കാരനാണ് എങ്കിലും ക്ഷേത്ര മതിലകത്തെക്കുള്ള പ്രവേശനം വളരെ അപൂർവ്വമായിരുന്നു. അവിടെ എന്നും ഭക്തജന തിരക്കാണ്. മണിക്കൂറുകളോളം  വരിയിൽ നിന്നാൽ മാത്രമേ നാലമ്പലത്തിനകത്ത് കയറി നിമിഷങ്ങൾ  മാത്രം നീളുന്ന ഭഗവത്ദർശ്ശനം ലഭിക്കയുള്ളൂ, ശരിക്കും ആ കാഞ്ചനവിഗ്രഹം ഒന്നു  കാണുന്നതിനുമുമ്പേതന്നെ ക്ഷേത്ര കാവൽക്കാരാൽ  തിരുനടയിൽ നിന്നും തള്ളി മാറ്റപ്പെട്ടിരിക്കും അതുകൊണ്ടുതന്നെ ആ സാഹസം സാധാരണയായി നടത്താറില്ല. ഗുരുവായൂർക്കാരനാണ് ക്ഷേത്രത്തിനുള്ളിൽ ശാന്തിക്കാർ മുതൽ ധാരാളംപേർ  പരിചയക്കാരായുണ്ട് അതിനാൽ  തന്നെ വരിയിൽ  നില്ക്കാതെ ഭഗവത്ദർശ്ശനം അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. എങ്കിലും അന്യദേശങ്ങളിൽ നിന്നും വന്നു മണിക്കൂറുകളോളം ലൈനിൽ നിന്ന് ഭഗവത് ദർശ്ശനം  നടത്തുന്ന ഭക്തജനങ്ങളെ കാണുന്നതിരക്കിൽ ഒരു പക്ഷെ സൗകര്യപൂർവ്വം  അകത്തുകയറി ദർശ്ശനം  നടത്തുന്ന എന്നെ കാണാൻ ഭഗവാനു സമയം കിട്ടിയില്ലെങ്കിലോ എന്ന ഭയം എന്നും അത്തരത്തിലുള്ള ദർശ്ശന  സൗഭാഗ്യം നേടുന്നതിൽ നിന്നും എന്നെ പിന്തിരിപ്പിച്ചിരുന്നു. എന്നാൽ അന്ന് ഏതോ ഒരു ഉൾപ്രേരണ  ഭഗവത്ദർശ്ശനം നടത്തുന്നതിനു എന്നെ പ്രേരിപ്പിക്കുകയായിരുന്നു. ഒരു ഒഴിവു ദിവസം, ഞായറാഴ്ച്ച , കാലത്ത് രണ്ടുമണിയോടെ തന്നെ ക്ഷേത്രകുളത്തിൽ കുളിച്ചു ഈറനായി ക്ഷേത്രത്തിന്റെ കിഴക്ക് ഭാഗത്ത് ഏകദേശം ഔട്ടർ റിംഗ് റോഡ് വരെ നീണ്ടുകിടക്കുന്ന വരിയുടെ അവസാനമായി സ്ഥാനം പിടിച്ചു. ശ്രീ ലളിതാ സഹസ്രനാമവും, വിഷ്ണു സഹസ്രനാമവും, നാരായണ ജപവും വരിയിലെ ബോറടിയിൽ നിന്നും രക്ഷനേടാൻ പര്യാപ്തമായിരുന്നു. ഏകദേശം  നാലര മണിക്കൂറുകളോളം നീളുന്ന കാത്തുനിൽപ്പിനൊടുവിൽ ശ്രീകോവിലിനു മുന്നിൽ  നിന്നുകൊണ്ട് ഒരു നിമിഷം ആ കാഞ്ചന വിഗ്രഹം കണ്ടുതൊഴുതു  വടക്കേ നടയിലൂടെ പുറത്തു ചുറ്റമ്പലത്തിലെത്തി. പ്രസാദ വിതരണം നടത്തുന്ന കീഴ്ശാന്തിയിൽ നിന്നും തീർഥവും  ചന്ദനവും വാങ്ങി തിരിഞ്ഞതും നടപ്പുരയുടെ ഒരു തൂണിനുകീഴിൽ  ഒരു പരിചിത മുഖം. എവിടെയോ കണ്ടു മറന്നതുപോലെ നിർവികാരമായ  ആ കണ്ണുകൾ  തിരക്കിൽ  ആരെയോ തേടുകയാണോ, അല്ല അനന്തതയിലെവിടെയോ ലക്ഷ്യമില്ലാതെ അലയുകയാണ് എന്ന് തോന്നുന്നു. ഏകദേശം  അമ്പതുവയസ്സിനടുത്തു പ്രായം ആ സ്ത്രീയെ എവിടെയോ കണ്ടിട്ടുണ്ട്. വളരെ അടുത്തു പരിചയമുള്ള മുഖം. പത്തു  മിനിറ്റോളം അവരെ തന്നെ നോക്കിനിന്നു കൂടെ അതെപ്രായത്തിലുള്ള മറ്റൊരു സ്ത്രീയുമുണ്ട് സഹായിയാണ് എന്ന് തോന്നുന്നു. ഓർമ്മകൾ  ഒരു വിധത്തിലും പിടിതരാതിരുന്നപ്പോൾ പതുക്കെ നോട്ടം പിൻവലിച്ചു നടന്നു. തുടർന്ന് മമ്മിയൂരപ്പനെ  കാണാൻ കയറി പക്ഷേ മനസ്സ് അസ്വസ്ഥമായിരുന്നു കണ്ണിൽ  ആ സ്ത്രീ രൂപം മാത്രം. തൊഴുതെന്നു വരുത്തി വീട്ടിലേക്കു മടങ്ങി. ആവിപറക്കുന്ന ഇഡ്ഡലിയും ചമ്മന്തിയും മുന്നിൽ വെച്ച ഭാര്യപോലും അത്ഭുതപ്പെട്ടു ഭക്ഷണപ്രിയനായ ഞാൻ കഴിച്ചെന്നു വരുത്തി എഴുനേൽക്കുന്നതുകണ്ട് . ഉമ്മറത്ത് മുത്തശ്ചന്റെ ചാരുകസേരയിലേക്ക് ചാഞ്ഞു. പതുക്കെ കണ്ണുകളടച്ചു കണ്ണിനുള്ളിൽ ആ സ്ത്രീ മാത്രം. മനസ്സ് പതുക്കെ പിന്നോട്ട് മടങ്ങുകയായിരുന്നു പതുക്കെ പതുക്കെ ഓർമകൾ മിഴിതുറന്നു.

         അതെ എന്റെ ചാന്ദിനിചേച്ചി, അതെ ചാന്ദിനിചേച്ചി തന്നെ ഏകദേശം  ഇരുപത്തിയഞ്ചു  വർഷങ്ങൾക്കു  മുമ്പ് കണ്ടു മറന്ന മുഖം. അന്ന് മദിരാശിയിൽ ഒരു തോൽ  കമ്പനിയിൽ ജോലിചെയുന്ന കാലം. കമ്പനിയിൽ ഉയർന്ന ഉദ്ദ്യോഗസ്ഥന്മാരോടെല്ലാം നല്ല ബന്ധത്തിലായിരുന്നു അതുകൊണ്ടുതന്നെ കമ്പനിയിൽ മറ്റു ജോലിക്കാർക്കുള്ളതിൽ കൂടുതൽ സ്വാതന്ത്ര്യം എനിക്കുണ്ടായിരുന്നു അവരിൽ  കൂടുതൽ അടുപ്പം പേർസണൽ മാനേജർ ആയിരുന്ന മോഹൻ രാജും  ആയിട്ടായിരുന്നു. അവിവാഹിതനായ ചെറുപ്പക്കാരൻ അന്നേ കുറച്ചു ആത്മീയതയോട് അടുപ്പം കാണിച്ചിരുന്ന വ്യക്തി. അദ്ദേഹത്തിൻറെ പെരുമാറ്റവും, സംഭാഷണവും എന്നെ കൂടുതൽ അദ്ദേഹത്തോടടുപ്പിച്ചു. അങ്ങിനെ അദ്ദേഹത്തോടോപ്പമാണ് ഞാൻ ആദ്യമായി തിരുവണ്ണാമലയിൽ എത്തുന്നത് രമണമഹർഷിയടക്കമുള്ള ആയിരക്കണക്കിന് അവദൂതന്മാരുടെ ആത്മീയചൈതന്യം അവിടെ നിറഞ്ഞു നിന്നിരുന്നു. ഭഗവാനെ കണ്ടു തൊഴുതു കുറച്ചുനേരം ക്ഷേത്ര മതിലകത്ത് കണ്ണുമടച്ചിരുന്നു. മനസ്സിലിരുന്നു ആരോ വിളിക്കുന്നു. അല്ല വിളി മനസ്സിന് പുറത്തുനിന്നു തന്നെ വളരെ ശ്രദ്ധിച്ചാൽ മാത്രം തിരിച്ചറിയാവുന്ന ശബ്ദം. അത് നിശബ്ദമായിരുന്നു മറ്റാർക്കും കേൾക്കാൻ  സാധിക്കാത്തത്ര.  അവിടെനിന്നും മടങ്ങി, മടക്കത്തിൽ മനസ്സ് മറ്റൊരു യാത്രക്ക് തയ്യാറെടുക്കുകയായിരുന്നു. മദിരാശിയിൽ തിരിച്ചെത്തിയതും കഴുത്തിനെ അലങ്കരിച്ചിരുന്ന രണ്ടു പവന്റെ സ്വർണമാലയും , ഒരു പവനോളം വരുന്ന മോതിരവും മാർവാഡി  സ്വന്തമാക്കി എന്റെ പേര്സ്സിന്  കനവും വെച്ചു . ഒരാഴ്ചത്തെ ലീവ് മോഹൻ  രാജിനോട് മാത്രം  പറഞ്ഞു സെൻട്രൽ സ്റ്റേഷനിൽ നിന്നും തീവണ്ടിയിൽ കയറി തിരക്കിൽ  പോര്ട്ടർക്ക് അമ്പതുരൂപ കൊടുത്തു ഇരിപ്പിടം സ്വന്തമാക്കി. യാത്രയവസാനിച്ചത് കാശിവിശ്വനാഥന്റെ  തിരുമുന്നിലായിരുന്നു. ക്ഷേത്ര ദർശനവും  ഗംഗയുടെ വശ്യ സൗന്ദര്യവും ആവോളം നുകർന്നു  രണ്ടുദിവസം, മൂന്നാം ദിവസം മടങ്ങാൻ തീരുമാനിച്ചു കാലത്ത് ക്ഷേത്ര ദര്ശന ശേഷം ഗംഗയുടെ സൗന്ദര്യവും ആസ്വദിച്ചുകൊണ്ട് നിൽക്കുമ്പോൾ വലതുകൈയിൽ ആരോ പിടിച്ചു വലിക്കുന്നു തിരിഞ്ഞു നോക്കി ഒരു അഞ്ചുവയസ്സുമാത്രം പ്രായം വരുന്ന ഒരു സുന്ദരികുട്ടി എന്നെ  നോക്കി ചിരിക്കുന്നു. അറിയില്ല എന്തായിരിക്കും എന്നെ വിളിക്കാൻ ആ മോളെ പ്രേരിപ്പിച്ചതെന്ന്. പേരെന്താണ് എന്ന് ചോദിക്കാൻ സംശയിച്ചു നിന്നു, ഭാഷ തടസമായിരുന്നു. പക്ഷെ കുട്ടിയുടെ മാമാ എന്ന വിളി  ഭാഷയുടെ തടസം മാറ്റി. "ഗൗരി " അതായിരുന്നു പേര് ശരിക്കും ഹിമവൽ പുത്രിയുടെ സൗന്ദര്യം  ഐശ്വര്യം അത് മുഴുവൻ തന്നിലേക്ക് ആവാഹിച്ചിരിക്കുന്നു ഗൗരി . ആ കുട്ടിയോട് കൂടുതൽ ചോദിക്കുന്നതിനു മുമ്പേ അവരെത്തി അച്ഛനും അമ്മയും, സന്ദീപും, ചാന്ദിനിയും, തിരുവനന്തപുരത്തുകാരാണ്  വെറുതെ ഒരു ടൂർ , എന്നാ ഉദ്ദേശത്തിൽ ഇറങ്ങിയതാണ്. യാത്രക്കിടയിൽ ഇവടെയും എത്തി. പതുക്കെ അവരോടുള്ള പരിചയം വല്ലത്തോരടുപ്പമായി മാറുകയായിരുന്നു. സന്ദീപ് എനിക്ക് സന്ദീപേട്ടനായി, ചാന്ദിനി ചാന്ദിനിചേച്ചിയും. ഗൗരി  എനിക്കെല്ലാമായി. ആ അടുപ്പം അന്ന് തിരിക്കാനുള്ള എന്റെ യാത്ര ഒരു ദിവസം കൂടി വൈകിച്ചു. പിറ്റേന്ന് ഒരുമിച്ചു പുറപ്പെടാൻ തീരുമാനിക്കയായിരുന്നു. വേണ്ടായിരുന്നു. ആ തീരുമാനം അതായിരുന്നു ഞങ്ങളെ ഗംഗയിലൂടെയുള്ള ആ ചെറു തോണിയാത്രക്ക് സമയമുണ്ടാക്കി തന്നത്. ഒരു വലിയ തോണി ഒരു ഇരുപതോളംപേര്ക്ക് യാത്രചെയാവുന്നത്. അത്രയും പേർ  അതിലുണ്ടായിരുന്നു ഞങ്ങളും. എല്ലാവരും വലിയ സന്തോഷത്തിൽ അങ്ങിനെ ഞങ്ങളടങ്ങുന്ന ആ വള്ളം ഗംഗയുടെ ഓളപരപ്പിൽ ഒഴുകിനടക്കുകയാണ്. ശാന്തമായ ഗംഗ, അസ്തമയ സൂര്യൻ തന്റെ പൊൻ രശ്മികളാൽ ഗംഗയിൽ മനോഹരമായ ചിത്രരചന  നടത്തിക്കൊണ്ടിരുന്നു. പെട്ടന്നായിരുന്നു ഗൗരിയുടെ  കരച്ചിൽ . ചാന്ദിനചേച്ചിയുടെ സമീപത്തിരുന്ന അവൾ വള്ളത്തിളിരുന്നുകൊണ്ട്  വെള്ളത്തിൽ കൈകൊണ്ടു താളമിട്ടുകൊണ്ടിരുന്നത് ആരുടേയും ശ്രദ്ധയിൽ പെട്ടിരുന്നില്ല. ഒരു മുതല ഗൗരിയുടെ  കൈയിൽ  തന്റെ പല്ലുകൾ മുറുക്കിയിരിക്കുന്നു. ചാന്ദിനിചേച്ചി അവളെ മാറോട് ചേർത്തു  വലിക്കുന്നു മുതയുടെ വായിൽ നിന്നും രക്ഷിക്കാനുള്ള ശ്രമമാണ്. വള്ളം ആടിയുലയുന്നു. മുതല തന്റെ മുൻകാലുകൾ വള്ളത്തിന്റെ ഓരത്തേക്ക്  കയറ്റിവെച്ചിരിക്കുന്നു, ഇതു നിമിഷവും മുതല വള്ളം മറിച്ചിടും എല്ലാവരും ഗംഗയിലെ മുതലകൾക്ക് ഭക്ഷണമാകുകായും ചെയ്യും. അതിനാൽ  കുഞ്ഞിനെ മുതലക്ക് വിട്ടു കൊടുക്കുന്നതാണ് നല്ലത് എന്ന  വള്ളക്കാരന്റെ  വാക്കുകൾ  മനസ്സിലാക്കാൻ ഭാഷ എനിക്ക് തടസ്സമായില്ല. നിമിഷങ്ങള്ക്ക് മണിക്കൂറുകളുടെ നീളം വെക്കുന്നു. ഭയം എല്ലാ കണ്ണുകളിലും നേരിപ്പോടെരിക്കുന്നു, വേറെ വഴിയില്ല വള്ള ക്കാരന്റെ വാക്കുകൾ  കാതുകൾക്ക് അശ്ശനീപാതമായി. വീണ്ടും എല്ലാവരും ഉറക്കെ കരയുന്ന ശബ്ദം. ഒന്നും ചെയ്യാനില്ലാതെ എല്ലാവരും. സാന്ദീപേട്ടൻ  പതുക്കെ ചാന്ദിനിചേച്ചിയുടെ കൈയിൽ  നിന്നും ഗൌരിയെ വാങ്ങുന്നതിനുമുമ്പെ ചാന്ദിനിചേച്ചിയുടെ കരച്ചിൽ  നിന്നിരുന്നു. ആ കണ്ണുകൾ  വരണ്ടിരുന്നു. ഗൌരിയെ സാന്ദീപേട്ടൻ  ആ മുതലക്കു  കൊടുക്കുന്നത് കാണുവാനാകാതെ  ഞാൻ കണ്ണുകളടച്ചു. വള്ളത്തിൽ നിന്നും ആശ്വാസത്തിന്റെ നിശ്വാസമുയർന്നു. അവരുടെ ജീവൻ  അവര്ക്കും വിലപ്പെട്ടതല്ലേ. നഷ്ടം ഇപ്പോൾ ഞങ്ങൾ മൂന്നു പേര്ക്കും മാത്രം. ചാന്ദിനിചേച്ചി നിശബ്ദയായിരുന്നു, ആ കണ്ണുകളിലൂടെ അവരുടെ മാനസികാവസ്ഥ വായിച്ചെടുക്കാൻ സാധ്യവും അല്ലായിരുന്നു അവ തികച്ചും നിര്ജീവങ്ങളായിരുന്നു. അതെ ആ കാശി യാത്രയിൽ തങ്ങൾക്കു പ്രിയപ്പെട്ടത് എന്തെങ്കിലും അവിടെ വിട്ടൊഴിയണം എന്ന  ചൊല്ല് അവരുടെ ജീവിതത്തിൽ സത്യമാവുകയായിരുന്നു. ഗൌരി എനിക്കും പ്രിയപ്പെട്ടവളായിരുന്നു ആത്രയും സമയം കൊണ്ട്. അതെ അന്ന് കാശിയിൽ വെച്ചുമറന്ന  ആ നിർജീവമായ കണ്ണുകൾ  തന്നെയല്ലേ ഇന്ന് ഗുരുവായുരപ്പ  സന്നിധിയിലും കണ്ടത്. അതെ എന്റെ ചാന്ദിനിചേച്ചി തന്നെ വീട്ടില് നിന്നും ഒരു ഷർട്ടുമെടുത്തിട്ടു വേഗം നടന്നു അമ്പലത്തിലേക്ക്, നടക്കുകയായിരുന്നില്ല ഓടുകയായിരുന്നു . ഇല്ല കണ്ടില്ല ക്ഷേത്ര പരിസരം മുഴുവൻ അരിച്ചുപെറുക്കി കണ്ടില്ല, വീട്ടിൽ  തിരിച്ചെത്തി പഴയ ഡയറികളൊന്നിൽ  നിന്നും സന്ദീപേട്ടന്റെ  മേൽവിലാസം  കണ്ടെത്തി. പുറപ്പെട്ടു തിരുവനന്തപുരത്തേക്ക്  രാത്രിവണ്ടിക്ക് തന്നെ. ഗുരുവായൂരില്നിന്നും മദിരാശിയിലേക്ക് തിരുവനന്തപുരം നാഗർകോവിൽ വഴി പോകുന്ന തീവണ്ടിയിൽ. ഏകദേശം  രാത്രി നാലുമണിയോടെ തിരുവനന്തപുരത്തെത്തി. അവിടെ ഒരു ഹോട്ടലിൽ മുറിയെടുത്തു. നല്ല  ക്ഷീണം, ഉറക്കം വന്നില്ലങ്കിലും  ഏകദേശം എട്ടു മണിവരെ അങ്ങിനെ കിടന്നു. ഒമ്പത് മണിയോടെ ഒരു ഓട്ടോറിക്ഷയിൽ സന്ദീപേട്ടന്റെ  വീട്ടിലേക്കു, ഓട്ടോറിക്ഷ ഒരു വലിയ വീടിന്റെ ഗൈറ്റിലാണ്  ചെന്നുനിന്നത്. പതുക്കെ ഓട്ടോയിൽ നിന്നുമിറങ്ങി ഗൈറ്റ്  തള്ളിത്തുറന്നു മുറ്റത്തെത്തി. എന്തോ മനസ്സ് കൂടുതൽ ശോകമയമായി തീരുകയായിരുന്നു. കോളിംഗ് ബെല്ലിൽ വിരലമർത്തി, പതുക്കെ വാതില്  തുറക്കപ്പെട്ടു അതെ ചാന്ദിനിചേച്ചിയുടെ കൂടെയുണ്ടായിരുന്ന ആ സ്ത്രീ തന്നെ ,

എന്തേ? ആരാ?
    ഗുരുവായൂരിൽ നിന്നുമാണ് സന്ദീപേട്ടനെ  കാണണം. ഞാൻ പറഞ്ഞു
വാതിലടഞ്ഞു വീണ്ടും മുറ്റത്ത് ഞാൻ മാത്രം. വാതിൽ  വീണ്ടും തുറക്കപ്പെടുന്നു. നെഞ്ചോളം വെളുത്ത താടിയും, നെറ്റിയിൽ  ചന്ദനകുറിയുമായി വെളുത്തുമെലിഞ്ഞ ഒരാൾരൂപം, വിശ്വസിക്കാൻ മനസ്സുമടിച്ചു. പക്ഷെ അത് സന്ദീപേട്ടൻ  തന്നെയായിരുന്നു.

ആരാ?
   പരിചയപ്പെടുത്തലുകൾ ആ ശോകനയനങ്ങളിൽ ഒരു പ്രകാശം .നിറച്ചു. അകത്തേക്ക് കൂട്ടി. നേരെ ചാന്ദിനിചേച്ചിയുടെ മുറിയിലേക്കായിരുന്നു. ഒരു ചൂരൽ  കസ്സേരയിലിരുക്കുന്നു. നേരത്തെ വാതിൽ  തുറന്ന സ്ത്രീ മുടി വാരി ഒതുക്കി കെട്ടികൊണ്ടിരിക്കുന്നു. ഞാൻ ചാന്ദിനിചേച്ചിയുടെ മുറിയിലെത്തി. അപ്പോഴും നിർജീവങ്ങളായിരുന്നു  ആ കണ്ണുകൾ . അനന്തതയിലേക്ക് മിഴികളൂന്നി ലോകത്ത് നടക്കുന്നതൊന്നും അറിയാതെയുള്ള ആ ഇരുപ്പ്. എന്നെ പരിചയപ്പെടുത്താൻ ഞാൻ ആവോളം ശ്രമിച്ചു തോളിൽ സന്ദീപേട്ടന്റെ  കൈ പതുക്കെ സ്പര്ശ്ശിച്ചപ്പോഴാണ് പരാജിതനായി ഞാൻ പിൻമാറിയത്. നേരെ സന്ദർശക മുറിയിലേക്ക്. തനിയെ ആ സെറ്റിയിലിരുന്നു. ചായകുടിക്കാനുള്ള സന്ദീപേട്ടന്റെ  ക്ഷണമാണ് ചിന്തയിൽ നിന്നും ഉണർത്തിയത്. ഭക്ഷണമേശയിൽ  ഞാനും സന്ദീപേട്ടനും. സന്ദീപേട്ടൻ  ഭക്ഷണം കഴിച്ചില്ല. അന്ന് കാശിയിലെ സംഭവത്തിനുശേഷം ചാന്ദിനിചേച്ചി ഇങ്ങനെയാണത്രെ, പിന്നെ മിണ്ടിയിട്ടില്ല, ചിരിച്ചിട്ടില്ല, കരഞ്ഞിട്ടില്ല, ആരെയും അറിയില്ല, ഒന്നും അറിയുന്നില്ല. ചിലപ്പോൾ  രാത്രിയിൽ അലറിവിളിക്കും അത്രമാത്രം. കാണിക്കാത്ത ഡോക്ടര്മാറില്ല, ചെയ്യാത്ത ചികിത്സകളില്ല. ഇപ്പോൾ കേരളത്തിലെ ഏറ്റവും പ്രസിദ്ധനായ മനോരോഗ വിദഗ്ദ്ധൻ  ഡോക്ടർ  വല്യത്താന്റെ ചികിത്സയിലാണ്. സകല ദേവകളോടും കാരുണ്യം തേടിയലയുന്നു.

സന്ദീപേട്ടൻ  കഴിക്കുന്നില്ലേ ?
  ഇല്ല എനിക്ക് അവളുടെ കൂടെ വേണം ഭക്ഷണം കഴിക്കാൻ. എന്നെയും അവൾ അറിയില്ല. ഞാൻ അടുത്തിരിക്കുന്നതുപോലും അവൾ അറിയാറില്ല. എന്നിട്ടും ഞാൻ എപ്പോഴും അവളുടെ കൂടെയാണ്.

സന്ദീപേട്ടനെപോലും അറിയില്ലെങ്കിൽ പിന്നെ..................... ഞാൻ നിറുത്തി
സന്ദീപേട്ടൻ  പതുക്കെ ചിരിച്ചു, വിഷാദം നിഴലിച്ച ചിരി. അവൾ എന്നെ അറിയില്ലെങ്കിലും എനിക്കവളെ അറിയാമല്ലോ?
സന്ദീപേട്ടാ ................  രണ്ടു തുള്ളി കണ്ണുനീർ  ഹൃദയത്തിൽ നിന്നും മനസിന്റെ ഊഷരതയിൽ  വീണുടഞ്ഞു.

( മൂത്തേടം )

കാലം തെറ്റി

കാലംതെറ്റി
************
പ്രണയം പരത്തും മനസ്സേ മടങ്ങുക
പ്രായം നിനക്കനുയോജ്യമല്ല.
നാമം ജപിച്ചു കാലനെ കാക്കാതെ
നീ, കാലം കഴിക്കുന്നതാർക്കുവേണ്ടി

കാലം കഴിഞ്ഞു പെയ്യുന്നവർഷമേ
നിനക്കാകില്ലവനിയിൽ നന്മചെയ്യാൻ
കാലം കഴിഞ്ഞുദിക്കുന്ന രാഗമേ
നിനക്കാകില്ല പ്രണയത്തിനൊളി പകരാൻ

നഷ്ടസ്വപ്നങ്ങളെ പണിയുവാനായെൻ
നഷ്ടപ്രണയമേ, ഉദിക്കല്ലേ വീണ്ടും, നീ
പുലരിയിലുദിക്കേണ്ട രാഗാർദ്ര മാനസം
അന്തിയിലുദിച്ചാലതു തവറുതന്നെ....

പ്രായം തീർത്തൊരാ വേലികൾക്കപ്പുറം
മരണമെന്നുള്ളൊരു നിത്യസത്യം
പറുദീസനഷ്ടത്തെ ഉണ്മയെന്നുണർന്നിടാം
ചെംറോജാവളയങ്ങൾ നെഞ്ചിലുമേറ്റിടാം

മടങ്ങുന്നു ഞാനിന്നെൻ പ്രായം വിധിച്ചൊരു 
കർമ്മങ്ങൾക്കായുള്ള ഭൂമിതേടി
വീണ്ടും മരുവായി മാറ്റണം മനസ്സിനെ
കള്ളിമുൾ മാത്രം വിരിയേണമെന്നുമേ!!!!
( മൂത്തേടം).

Tuesday, January 22, 2019

പ്രതീക്ഷ (കവിത)

പ്രതീക്ഷ
**********
നിരന്തരം ചലിച്ചിടും മനസ്സതിൻ്റെ പാതയിൽ
ക്ഷണിച്ചുവന്നതല്ലയിന്നു നോവുദിച്ച സന്ധ്യയും
കറുത്തിരുണ്ട വാനിലായുദിച്ചുനിന്ന താരകം
കൊഴിഞ്ഞിടുന്ന ജീവിതത്തെനോക്കി പുഞ്ചിരിക്കയോ?

കൊതിച്ചിടുന്നതൊക്കെയും ലഭിച്ചിടുന്നതെങ്കിലോ,
പ്രതീക്ഷയെന്ന വാക്കുപോലുമന്യമായി മാറിടും
സുവർണ്ണമായ ജീവിതം ലഭിച്ചിടും ചിലർക്കഹോ!
ജനിച്ചതേ പിഴച്ചതെന്നുറച്ചിടുന്നി ജീവനും

ഹസിച്ചിരുന്ന ചെമ്പകം മുഖം കനത്തു നില്ക്കവേ
പിടഞ്ഞിടുന്നു മാനസം കരയ്ക്കടിഞ്ഞ മത്സ്യമായ്
മനം നിറഞ്ഞ നോവുകൾക്കു കാവ്യ ഛായയാകിലോ?
മൊഴിഞ്ഞിടുന്ന വാക്കുകൾക്കു രക്തവർണ്ണ ശോഭയോ?

മനം നിറഞ്ഞ രാഗമിന്നകന്നിടുന്ന നേരവും
സമർത്ഥമായി ഹൃത്തിലായ് മറയ്ച്ചിടുന്നതുണ്ടു ഞാൻ
വിറച്ചിടുന്നനെഞ്ചിലുള്ളയാലിലയ്ക്കു മോക്ഷമായ്
വരുന്നതെന്നു പാശമോടെ മൃത്യുവെന്ന ദേവനും

ജ്വലിച്ചിടുന്ന സൂര്യനും മറഞ്ഞിടുന്നതാഴിയിൽ
ക്ഷിതിക്കുമേലെ പന്തലിക്കുമന്ധതയ്ക്കു വെന്നിടാൻ
സുനാമിയെന്നപോലെയങ്ങുയർന്നിടുന്ന നോവിലും
പ്രതീക്ഷയെന്ന തോണിയിൽച്ചരിച്ചിടുന്നു ജീവിതം.
മൂത്തേടം

Sunday, January 13, 2019

മൂഢാനുരാഗം

മൂഢാനുരാഗം
************
വിശ്വനാഥൻതന്റെ വാമപ്രകൃതിയാം
ശ്രീപാർവ്വതി! നിന്നെ കൈതൊഴുന്നേൻ

ഉള്ളിന്റെയുള്ളാകും ശ്രീകോവിലിൽ നിന്റെ
കാഞ്ചനരൂപം പ്രതിഷ്ഠിച്ചു ഞാൻ

ശംഖുസുമങ്ങളാൽ ഹാരങ്ങൾ തീർത്തു ഞാൻ
ആ ഗളനാളമലങ്കരിക്കാൻ

തെച്ചിമന്ദാരകുസുമജാലങ്ങളാൽ
നിൻപാദപദ്മമലങ്കരിച്ചു

കസ്തൂരി, മഞ്ഞളും കുങ്കുമം, ചന്ദനം
ചേരുംകളഭമൊരുക്കിവച്ചു

കൺകളിൽ കൺമഷി നന്നായെഴുതുവാൻ
നല്ല മഷിക്കൂട്ടൊരുക്കിവച്ചു

ഇത്യാദിയെല്ലാമലങ്കാരമായപ്പോൾ
നിൻരൂപമുജ്ജ്വലമായിത്തീർന്നു

കാമശരത്തിനു തെല്ലുമറിയില്ലേ
കാമാരിയാകുന്ന നിൻനാഥനെ ?

അറിയാതെയപ്പോൾ നിന്നെ പ്രണയിച്ചു
മൂഢനാം പാമരനീ ജീവനും

മാതേ! മഹാമായേ മന്നിക്കവേണ്ടും നീ
മൂഢാനുരാഗമാം ചിന്തകളെ.

മൂത്തേടം

രമ്യരമ്യം ( കവിത)

രമ്യരമ്യം
********
ഉർവ്വിയിൽ രമ്യമിതൾ വിരിച്ചീടുമ്പോൾ
വാനിലെ രാകേന്ദു മെല്ലെ മറയുന്നോ?

പൊന്നുഷസന്ധ്യയും നാണം കുണുങ്ങുന്നോ?
മന്ദം ഹസ്സിക്കും പ്രസൂനത്തെ കാൺകയാൽ

ബാലാർക്കശോണിമ മങ്ങിവിളറുന്നോ?
ചെമ്പകപ്പൂവൊന്നു പുഞ്ചിരിതൂകവേ.

അപ്സരകന്യകളാളിയായുള്ളോനാം
നാകലോകധിപനായിരം കണ്ണുള്ളോൻ

വീണ്ടുമൊരായിരം കൺകളെ തേടുന്നോ?
പാറോട്ടിക്കൊത്തൊരാ സൂനത്തെ കാണുവാൻ

രംഭ, തിലോത്തമയുർവ്വശിമാരെല്ലാം
ഡംഭം കുറഞ്ഞതാലാസ്യം കുനിക്കുന്നോ?

ദേവലോകത്തിലായ് വീശുന്ന തെന്നലീ
സൂനത്തെ തൊട്ടുതലോടാൻ കൊതിക്കുന്നോ?

നീഹാരമായങ്ങവളിലലിഞ്ഞീടാൻ
മന്ദാകിനിയുമിന്നേറെ കൊതിക്കുന്നോ?

ബാലത്വം വിട്ടുണർന്നീടുന്നൊരാദിത്യൻ
ശൃംഗാരവേപഥുപൂണ്ടു ഗമിക്കുന്നോ?

ചിത്രമാം ചിത്രപതംഗങ്ങൾ പാറുമ്പോൾ
ചിത്തത്തിലീകരിയാളിയുദിക്കുമോ?

അരുതായ്മയെങ്കിലുമകതാരിലായ-
യരുതാരസങ്ങളുദിക്കുന്ന വേളയിൽ

ഇക്ഷിതി തന്നിൽ വിടർന്നു വിലസീടും
ലക്ഷണമൊത്തൊരീ രമ്യമാം രമ്യത്തെ

നെഞ്ചകത്തൊന്നുഞാൻ ചേർത്തു പുണരട്ടെ
മറ്റാരും കാണാതെയൊന്നു ചുംബിക്കട്ടെ
(മൂത്തേടം.)

Tuesday, January 8, 2019

മലയാള ഭാഷ

നമ്മുടെ മലയാളം

ചരിത്ര പശ്ചാത്തലം

   അനവധി നൂറ്റാണ്ടുകളുടെ ചരിത്രം പറയാനുണ്ട് കേരളത്തിന്. രാമായണത്തിലും മഹാഭാരതത്തിലും കേരളത്തെക്കുറിച്ച് പറയുന്നു, ക്രിസ്തുവിനു മുമ്പ് 4-ആം  നൂറ്റാണ്ടില്‍    അലക്സാണ്ടറുടെ  പ്രതിനിധിയായി ഭാരതത്തിലെത്തിയ മെഗസ്തനീസിന്റെ സഞ്ചാര കുറിപ്പുകളിലും കേരളമുണ്ട്. ചാണക്യന്റെ അർത്ഥശാസ്ത്രത്തിലെ ചൂര്‍ണി  നദിയെക്കുറിച്ചുള്ള പരാമര്‍ശം  പെരിയാറിനെക്കുറിച്ചാണ്. ക്രിസ്തുവിനുമുമ്പ് അഞ്ചാംനൂറ്റാണ്ടുമുതല്‍   ക്രിസ്തുവിനുശേഷം ഒന്നാംനൂറ്റാണ്ട് വരെയുള്ള കാലം സംഘകാലം എന്നറിയപ്പെടുന്നു. സംഘകാല കൃതികളില്‍  കേരളത്തെക്കുറിച്ച് വളരെ വ്യക്തമായിതന്നെ പറയുന്നു. പുറംനാനൂറില്‍    ആദിചേരന്മാരെക്കുറിച്ചും അവരുടെ ഭരണത്തെക്കുറിച്ചും പറയുന്നുണ്ട്. അങ്ങിനെ പറയുന്ന പാട്ടുകളെല്ലാം ചേര്‍ത്തു  പത്തുപാടല്‍  എന്നറിയപ്പെടുന്നു. പതിറ്റുപത്തു. മണിമേഖല, ചിലപ്പതികാരം തുടങ്ങിയ സംഘകാല കൃതികള്‍   ചേരഭരണത്തിന്റെ സാക്ഷ്യ പത്രങ്ങളാണ്.

    1498ല്  പോര്‍ത്തുഗീസ്സുകാര്  കോഴിക്കോട് എത്തിയതു മുതല്‍  പോർത്തുഗീസ്സുകാരുടെയും ഡച്ചുകാരുടെയും വാണിജ്യപരവും,  ഭരണപരവുമായ സ്വാധീനം കേരളത്തില്‍   വ്യാപിക്കാന്‍   തുടങ്ങി.

    സ്വാതന്ത്രത്തിനു ശേഷം 1949 ൽ  തിരുകൊച്ചി സംസ്ഥാനം നിലവിൽവന്നു. 1956 ൽ സംസ്ഥാന പുന:സംഘടനാ കമ്മീഷന്റെ നിർദ്ദേശം നടപ്പിലായതേടെ  തിരുകൊച്ചി,മലബാര്‍, കാസർക്കോട്  ഇവ ചേർന്നു കേരളസംസ്ഥാനം നിലവിൽവന്നു

മലയാള ഭാഷയുടെ പിറവി

    നമ്മുടെ മാതൃഭാഷയ്ക്ക്  "മലയാളം" എന്ന പേര്  ലഭിച്ചിട്ട് അധികകാലമായിട്ടുണ്ടെന്ന് തോന്നുന്നില്ല. മലയോടു  ചേർന്നു കിടക്കുന്ന പ്രദേശം എന്ന നിലയിൽ ( മല + അളം ) മലയാളം ആദ്യകാലങ്ങളിൽ ദേശനാമം മാത്രമായിരുന്നുവെന്ന് പറയപ്പെടുന്നു. പിന്നീടെപ്പോഴോ ആണ് ദേശനാമം ഭാഷാ നാമമായി പരിണമിച്ചത്. ഭാഷാ പിതാവായ എഴുത്തച്ഛന്‍  തന്റെ കൃതികളിലൊരിടത്തും താൻ  രചന നടത്തുന്നത് മലയാളത്തിലാണെന്ന് പറഞ്ഞിട്ടില്ല എന്നാൽ കേരളഭാഷായെന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ടുതാനും.
    
     മലയാളം തമിഴിന്റെ ശാഖ മാത്രമാണെന്ന് പല ഭാഷാവിശാരദന്മാരും  അഭിപ്രായപ്പെടുന്നു. ഭാഷാവിശാരദനായ കാൾഡ്വൽ  ഈ അഭിപ്രായത്തിന്റെ വക്താവാണ്. കേരളപാണിനീയത്തിൽ കേരളപാണിനിയും ഇതുതന്നെ പറയുന്നു( കൊടും തമിഴിലിരുന്നാണ് മലയാളം ഉണ്ടായത്) ഈ വാദം ഉറപ്പിക്കാനായി തന്റെ ആറുനയങ്ങളും അവതരിപ്പിക്കുന്നു. എന്നാൽ മിശ്രഭാഷാവാദം,  ഭാഷാ സംക്രമണവാദം, സംസ്കൃതജന്യവാദം, എന്നിങ്ങനെ മലയാള ഭാഷയുടെ പിറവിയെപ്പറ്റി  വ്യത്യസ്തങ്ങളായ വാദങ്ങളും നിലനില്ക്കുന്നുണ്ട്. 

എന്തുകൊണ്ട് തമിഴും മലയാളവും തമ്മിൽ മറ്റൊരു ഭാഷകൾക്കിലുമില്ലാത്തൊരടുപ്പം സംഭവിക്കാൻ  കാരണമെന്ന് ചിന്തിക്കുന്നതാകയാൽ അടിസ്ഥാനപരമായി ഈ രണ്ടുഭാഷകളും ഒരേ ഭാഷാഗോത്രത്തിൽപ്പെട്ടതാണെന്ന് മനസിലാക്കാം. ദ്രാവിഡ ഗോത്രത്തിൽപ്പെട്ട കന്നഡ, തെലുങ്ക്,  തുടങ്ങിയ ഭാഷകളോടും  മലയാളം വ്യാകരണപരമായും, പദസംഹിതാപരമായും  വളരെയധികം അടുപ്പം കാണിക്കുന്നു. ദ്രാവിഡ ഭാഷകളായ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, തുളു  എന്നിവയിൽ പൊതുവിൽ  നിലനിന്നിരുന്ന അയ്യായിരത്തിൽപരം പദങ്ങൾ ഭാഷവിശാരദന്മാർ  കണ്ടെത്തിയിട്ടുണ്ട്. തമിഴിന്റെയും, മലയാളത്തിന്റെയും അടുപ്പകൂടുതലിനു കാരണമായി ഇതുകൂടാതെ ഭൂമിശാസ്ത്രപരമായും, സാംസ്കാരികമായും, ഭരണപരമായും മറ്റു കാരണങ്ങൾ  കൂടിയുണ്ട്.

   ഒരുകാലത്ത് നിലവിലിരുന്ന മൂലദ്രാവിഡ  ഭാഷയിൽനിന്ന് വിവിധ കാലഘട്ടങ്ങളിൽ ഭൂമിശാസ്ത്രപരമായും, സാമൂഹികമായും, രാഷ്ട്രീയവുമായ കാരണങ്ങളകൊണ്ട് പലപ്പോഴായി പിരിഞ്ഞു സ്വതന്ത്രഭാഷകളായി മാറിയവയായിയിരിക്കണം വിവിധ ദ്രാവിഡഭാഷകൾ ഇതിൽതന്നെ മലയാളവും തമിഴും സഹ്യപർവ്വതനിരകളുടെ സാന്നിധ്യം രാജ്യവിഭജനത്തിനു കാരണമാവുക നിമിത്തം സ്വതന്ത്രഭാഷകളായി വളരാന്‍  തുടങ്ങിയെങ്കിലും മൂവേന്തര്‍മാരുടെ ഭരണപരമായ അധിനിവേശങ്ങള്‍  ഭാഷാപരമായും സാംസ്കാരിക പരമായും ഈ പ്രദേശങ്ങളിലെ ജനങ്ങളെ പരസ്പരം ബന്ധിപ്പിച്ചു  നിർത്തുകയും ഭാഷാപരമായ സ്വാധീനത്തിന് കാരണമാവുകയും ചെയ്തുവെന്ന് വിശ്വസിക്കേണ്ടിയിരിക്കുന്നു. അതിനാല്‍   തന്നെയായിരിക്കണം കേരളത്തിലെ രാജശാസനങ്ങള്‍  പ്രമാണങ്ങള്‍  എന്നിവയെല്ലാം എഴുതപ്പെട്ടതു ചെന്തമിഴിലായിരുന്നു. ഇങ്ങനെ രാജഭാഷയായി മാറിയ ചെന്തമിഴിലേക്കു കേരളത്തിലെ വ്യവഹാരഭാഷ നുഴഞ്ഞുകയറി ചെന്തമിഴിനെ ദുഷിപ്പിക്കുകയും വ്യവഹാരഭാഷ ക്രമേണ കൂടുതല്‍  സ്വാധീനം ചൊലുത്തുകയും ചെയ്തതുകൊണ്ടാണ് മലയാളഭാഷയുടെ ഉത്പത്തിയെന്ന് ഡോ. സി.എല്‍ .ആന്റണി   തന്റെ ഭാഷസംക്രമണവാദത്തിൽ  പറയുന്നു. എന്നാൽ  തമിഴിലെ വ്യവഹാരഭാഷയായ കൊടുംതമിഴിനു സഹ്യനു പടിഞ്ഞാറുവശത്ത് സംഭവിച്ച പരിണാമമാണ് മലയാള ഭാഷയുടെ പിറവികാരണമെന്നു  കേരളപാണിനി പറയുന്നു. ഏളംകുളം  കുഞ്ഞന്‍പിള്ള തന്റെ മിശ്രഭാഷാവാദത്തില്‍  വ്യവഹാരഭാഷയില്‍  സംസ്കൃതത്തിന്റെയും, മധ്യകാല തമിഴിന്റെയും മിശ്രണം മൂലം രൂപപ്പെട്ടുവന്ന മിശ്രഭാഷയാണ്  മലയാളമായി പരിണമിച്ചതെന്ന് പറയുന്നു. മറ്റു ചിലര്‍ മൂലദ്രാവിഡ ഭാഷയോട് തമിഴിനേക്കാള്‍  അടുപ്പം മലയാളത്തിനാണെന്ന് പറഞ്ഞുകൊണ്ട് മേല്‍പറഞ്ഞ എല്ലാ വാദങ്ങളെയും നിരാകരിക്കുന്നു. തമിഴിനേക്കാളും   പ്രാചീനത മലയാളത്തിനു അവകാശപ്പെടുകയും ചെയ്യുന്നു. മറ്റു ചിലര്‍ മലയാളം ദ്രാവിഡ ഗോത്രത്തില്‍  പെട്ടതല്ല ഇന്‍ഡോ-ആര്യന്‍  ഗോത്രത്തില്‍  പെട്ടതാണെന്ന് വാദിക്കുകയും ചെയ്യുന്നു. ആധുനികഭാഷാ വിശാരദര്‍  ഈ വാദം ശാസ്ത്രീയമായി നിലനില്പ്പില്ലാത്തതാണെന്ന് തെളിയിച്ചിട്ടുണ്ട്

   മലയാളത്തെ പ്രാചീനകാലം മുതല്‍  തമിഴെന്നുതന്നെയാണ് വ്യവഹരിച്ചുവന്നിട്ടുള്ളത്, അതിനാലായിരിക്കണം തമിഴും മലയാളവും ഒന്നായിരുന്നു എന്നോ, തമിഴിന്റെ ഒരു വകഭേദമാണ് മലയാളമെന്നോയുള്ള ചിന്തക്ക് കാരണമായി തീർന്നിട്ടുള്ളത്. മൂലദ്രാവിഡഭാഷയില്‍നിന്നും ഏകദേശം ഒരേ കാലത്ത് പിരിഞ്ഞു മാറിയ പുത്രീഭാഷകളായിരിക്കണം  മലയാളവും തമിഴും, അതുകൊണ്ട്തന്നെ ധാരാളം പൊതുവായ പദസമ്പത്ത്  ഇരു ഭാഷകളിലും കാണാവുന്നതാണ് ചില പദങ്ങൾക്ക് അർത്ഥവ്യതിയാനമുണ്ടെകിലും പദങ്ങൾ  സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ഉദാഹരണമായി "പനി" എന്ന പദം തമിഴില്‍  മഞ്ഞു എന്നർത്ഥത്തിലും മലയാളത്തില്‍  ഒരു രോഗം എന്ന നിലയിലും ഉപയോഗിച്ചുവരുന്നു. മലയാളത്തിലെ "വെള്ളം" തമിഴില്  പ്രളയജലത്തെ കാണിക്കുന്നു "പലത്തുള്ളി പെരുവെള്ളം"ത്തില്  ഒരേ അർത്ഥത്തിൽതന്നെ പ്രയോഗിക്കപ്പെടുന്നു. "തണ്ണീര്‍ " വെള്ളം  എന്നർത്ഥത്തിൽ തമിഴിലുപയോഗിക്കുമ്പോള്‍  മലയാളത്തില്‍  ആ പദം  തണ്ണീര്‍ പന്തലിലും  തണ്ണീര്‍ മത്തനിലും സംരക്ഷിക്കുന്നു. മൂലദ്രാവിഡത്തിന്റെ പിരിവുകളെന്ന നിലയില്‍  കന്നടത്തെ കരിനാട്ടുതമിഴെന്നും, മലയാളത്തെ മലനാട്ടുതമിഴെന്നും, തുളുവിനെ  തുളുനാട്ടുതമിഴെന്നും പ്രാചീനകാലത്ത് വിളിച്ചുവന്നു എന്നേയുള്ളു അതുകൊണ്ട്തന്നെ ദക്ഷിണേന്ത്യന്‍  ഭാഷകൾക്കുള്ള സാമാന്യ നാമമായിരിക്കണം "തമിഴെന്നത്. മലയാളം, കന്നടം, തുളു എന്നിവ തമിഴ് ഉപേക്ഷിച്ചപ്പോള്‍  ഇന്നത്തെ തമിഴ് ആ പേര് നിലനിർത്തിയെന്ന് മാത്രം  

വ്യവഹാരത്തിലിരിക്കുന്ന  ഭാഷകളെയാണ്  ജീവല്‍ ഭാഷകളെന്ന് വിളിക്കുന്നത്. മറ്റു ജീവല്‍ഭാഷകളിലെന്നപോലെ മലയാളത്തിലും പ്രാചീനകാലം മുതല്‍ തന്നെ പ്രാദേശിക വ്യത്യാസങ്ങള്‍  ഉണ്ടായിരുന്നു. സാമാന്യമായി വടക്കന്‍  മലയാളം,  തെക്കന്‍   മലയാളം എന്നിങ്ങനെ പറയാറുണ്ടല്ലോ? ഇതിലും സൂക്ഷ്മമായും വേർത്തിരിവ് ഇന്ന് അതിനു നടത്താവുന്നതാണ് ജാതിയും, മതവും പ്രദേശവും, എല്ലാം ഈ സൂക്ഷ്മവ്യതിരിക്തതക്കു കാരണമാകുന്നുണ്ട്.  എന്നാല്‍  അതിനെക്കുറിച്ച് ഒരു വിശദീകരണം ഇവിടെ ആവിശ്യമുണ്ടെന്ന് കരുതുന്നില്ല 

    മലയാളത്തിനു സ്വന്തമായുള്ള ഒരു ലിപിയാണ് ഇന്നുപയോഗത്തിലുള്ളത് എന്നാല്‍  മുമ്പ് വട്ടെഴുത്ത് എന്ന ലിപി രീതിയാണ് സാമാന്യമായി ഉപയോഗിച്ചുവന്നത് ഈ വട്ടെഴുത്തില്‍  നിന്നും ക്രമേണ കോലെഴുത്തു രൂപപ്പെട്ടുവന്നു. കാലപ്പോക്കില്‍  സംസ്കൃതം അടക്കമുള്ള  ഭാഷകളുടെ സ്വാധീനം മലയാളത്തിന്റെ പദസമ്പത്തിൽ  വളരെ വലിയ വിപുലീകരണത്തിനു കാരണമായി അതുകൊണ്ടുതന്നെ അതുവരെ ഉപയോഗിച്ചുവന്ന വട്ടെഴുത്ത് ലിപിയും, കോലെഴുത്തു ലിപിയും മതിയാകാതെ വന്നു അതിന്റെ ഫലമായാണ് ഇന്ന് ഉപയോഗിക്കുന്ന ഗ്രന്ഥാക്ഷരലിപി നിലവില്‍  വന്നത്.

മലയാള സാഹിത്യം
→→→→→→→→→→→→→→→→

     മലയാളസാഹിത്യ ചരിത്രത്തെ ഘട്ടങ്ങളായി വിഭജിക്കാന്‍  ഭാഷാ ചരിത്രകാരാന്മാർ ശ്രമിക്കുകയും വിഭജിക്കയും ചെയ്തിട്ടുണ്ട്. ഇതില്‍  പ്രധാനപ്പെട്ടതാണ് പ്രാചീനം, മധ്യകാലം, ആധുനികം എന്നിങ്ങനെയുള്ളത്

      മൂലദ്രാവിഡത്തില്‍നിന്നും പിരിഞ്ഞ മലയാളം ചെന്തമിഴിന്റെ സ്വാധീനത്തിന് വിധേയമായി. തുടര്‍ന്ന് സംസ്കൃതത്തിന്റെയും സ്വാധീനത്തില്‍പ്പെട്ടു. ഈ സ്വാധീനങ്ങളുടെ ഗുണഫലമായി  മലയാളം ഒരു സാഹിത്യഭാഷയായി വളർന്നു. പാട്ട്, മണിപ്രവാളം തുടങ്ങിയ പ്രസ്ഥനങ്ങളിലുള്ള  കൃതികളെകൊണ്ട് പരിപുഷ്ടമായുള്ള ഈ കാലഘട്ടമാണ് പ്രഥമദശയെന്ന  പ്രാചീനഘട്ടം. ഇതുവരെ ലഭിച്ചിട്ടുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍   കൃസ്തുവിനു ശേഷം 10-ആം നൂറ്റാണ്ട് മുതൽ 15-ആം നൂറ്റാണ്ടുവരെയുള്ള കാലം ഈ ദശയില്‍ പെടുത്താം. 15-ആം നൂറ്റാണ്ടുമുതൽ 18-ആം നൂറ്റാണ്ടിന്റെ മധ്യകാലം വരെയയുള്ള  കാലഘട്ടം മധ്യദശയിലും, തുടർന്നുള്ളത് ആധുനികദശയിലും പെടുത്താവുന്നതാണ്.

ആദ്യകാല മലയാള സാഹിത്യം
↔↔↔↔↔↔↔↔↔↔↔↔↔↔

ഈ കാലഘട്ടത്തിലെ സാഹിത്യസ്വഭാവത്തെ വിശദമായി പറയാവുന്ന രീതിയില്‍  സാമഗ്രഹികളൊന്നുംതന്നെ ലഭ്യമല്ല. എന്നാല്‍  എല്ലാ ഭാഷകളിലും കാണാവുന്നതുപോലെ വാമൊഴിയായി പകർന്നുവന്ന നാടൻ പാട്ടുകള്‍  പഴംചൊല്ലുകള്‍  കൃഷിപ്പാട്ടുകള്‍  ഭക്തിപ്പാട്ടുകള്‍  തുടങ്ങിയവ മലയാളത്തിലുമുണ്ട്. എന്നാല്‍  വാമൊഴിയായി പകരുമ്പോള്‍  കാലക്രമേണ സംഭവിക്കാവുന്ന ചില വ്യത്യാസങ്ങള്‍  ഇതിനും സംഭവിച്ചിരിക്കാന്‍  സാധ്യതയുണ്ട്. എന്നാലും ആദ്യകാല സാഹിത്യത്തിന്റെ സ്വഭാവം മനസ്സിലാക്കുന്നതിനു ഇത് ഒരു പരിധിവരെ സഹായകമാവും.

ചെന്തമിഴും മലയാളവും
↔↔↔↔↔↔↔↔↔↔↔↔↔↔

    ആദ്യകാലങ്ങളില്‍  മലയാളത്തില്‍  എടുത്തുപറയത്തക്ക സാഹിത്യകൃതികള്‍  ഉണ്ടായതായി പറയാന്‍  തെളിവുകളില്ലയെങ്കിലും രാജ ഭാഷയായ ചെന്തമിഴില്‍  മഹത്തായ കൃതികള രചിക്കാന്‍  കഴിവുള്ളവര്‍ കേരളക്കരയിലുണ്ടായിരുന്നുവെന്നതിന് ചിലപ്പതികാരവും, മണിമേഖലയും,പതിറ്റുപ്പത്തും, തെളിവാണ്. ഈ കവികളില്‍  ഏറ്റവും പ്രമുഖന്‍   ചേരരാജാവായ ചെങ്കുട്ടുവന്റെ സഹോദരന്‍   ഇളങ്കോവടികളാണ്. ഇന്നത്തെ കൊടുങ്ങലൂരിനടുത്തുള്ള തിരുവഞ്ചികുളം ആയിരുന്നു ചേരരാജക്കാന്‍മാരുടെ ആസ്ഥാനം ചിലപതികാരത്തിന്റെയും, മണിമേഖലയുടെയും രചയിതാവാണ് ഇളങ്കോവടികള്‍ . വേറെയും ചേരരാജക്കാന്‍മാര്‍ ചെന്തമിഴ് സാഹിത്യരചയിതാക്കളായി ഉണ്ടായിരുന്നതായി തെളിവുകളുണ്ട്. 7-ആം നൂറ്റാണ്ടില്‍  ജീവിച്ചിരുന്ന അയ്യനരിതനാർ ആണ് വെണ്‍പുമാല എന്ന കൃതിയുടെ കർത്താവ്. 7-ആം നൂറ്റാണ്ടിന്റെയും 9-ആം നൂറ്റാണ്ടിന്റെയും മദ്ധ്യേ ജീവിച്ചിരുന്ന നായാനാരന്‍മാരെന്ന അറുപത്തിമൂന്ന് ഭക്തകവികളില്‍  രണ്ടുപേർ കേരളീയരായിരുന്നു. ചേരരാജാക്കാന്‍മാരുടെ വംശപരമ്പരയില്‍ ഉണ്ടായിട്ടുള്ളവരാണ്   വേണാട്ടടികളും, കുലശേഖര ആഴ്വാരും.

പാട്ട് സാഹിത്യം
→→→→→→→→→→→

     കേരള ഭാഷയിലെ ആദ്യ സാഹിത്യപ്രസ്ഥാനമെന്ന് കരുതാവുന്നത് പാട്ടുപ്രസ്ഥാനത്തെയാണ്. അതിനുള്ള തെളിവുകളെയിന്ന് ലഭ്യമായിട്ടുള്ളൂ. മണിപ്രവാള ലക്ഷണഗ്രന്ഥമായ ലീലാ തിലകത്തിലാണ് ആദ്യമായി പാട്ടുപ്രസ്ഥാനത്തെപ്പറ്റി പറയുന്നത് കേരളഭാഷക്കുള്ള ആദ്യ വ്യാകരണഗ്രന്ഥമായും ലീലാതിലകത്തെ കരുതാവുന്നതാണ്.
" ദ്രമിഡസംഘാതക്ഷരനിബന്ധം എതുക ,മോന  വൃത്തവിശേഷയുക്തം പാട്ട് " എന്ന് ലക്ഷണം. അതായത് തമിഴ് അക്ഷരമാലയിലെ അക്ഷരങ്ങളെ കൊണ്ട് മാത്രം എഴുതാവുന്നതും, എതുക , മോന തുടങ്ങിയ  പ്രാസവ്യവസ്ഥകളുള്ളതും, സംസ്കൃതവൃത്തങ്ങളില്‍  നിന്നും വ്യത്യസ്തങ്ങളായ വൃത്തങ്ങളില്‍മാത്രം രചിക്കപ്പെട്ടതുമായ പദ്യം, പാട്ട്  ചീരാമനെന്ന കവിയാല്‍  എഴുതപ്പെട്ട രാമച്ചരിതവും, കോവിന്ദന്റെ തിരുനിഴല്‍ മാലയുമാണ് ഇന്ന് പാട്ട്പ്രസ്ഥാനത്തിലെതായി നമ്മുടെ കൈവശം ഉള്ളത്.

  പാട്ട് പ്രസ്ഥാനത്തിലെ തുടർകാലങ്ങളില്‍  വന്ന രചനകള്‍   പ്രസ്ഥാനത്തിന് ലീലാതിലകക്കാരന്‍  പറഞ്ഞ ലക്ഷണങ്ങളെ പടിപടിയായി ലംഘിക്കുന്നത് കാണാം നിരണം കൃതികള്‍  , രാമകഥാപ്പാട്ട്, കൃഷണഗാഥാ മുതലായവ.

മണിപ്രവാളം
↔↔↔↔↔↔↔↔

  മലയാളഭാഷയില്‍  തമിഴ് ചൊലുത്തിയ  സ്വാധീനത്തിന്റെ ഫലമാണ് പാട്ടുപ്രസ്ഥാനം അതേപോലെ മലയാളത്തില്‍  സംസ്കൃതം ചൊലുത്തിയ  സ്വാധീനത്തിന്റെ ഫലമാണ് മണിപ്രവാളം

" ഭാഷാ സംസ്കൃത സംയോഗാ മണിപ്രവാളം " എന്ന് ലീലാതിലക ലക്ഷണം ഭാഷയുടെയും, സംസ്കൃതത്തിന്റെയും ഹൃദയാഹ്ലാദകാരിയായ സംയോഗമാണ് മണിപ്രവാളം. ഹൃദയാഹ്ലാദകാരിയെന്നാല്‍  പദ്യം അനുവാചകമനസ്സില്‍   സൃഷ്ടിക്കുന്ന രസംതന്നെ. ഇങ്ങനെ രസത്തിന്റെയും, ഭാഷയുടെയും അടിസ്ഥാനത്തില്‍   ലീലാതിലകക്കാരന്‍   മണിപ്രവാളത്തെ അഞ്ചായി തിരിച്ചിരിക്കുന്നു. ഉത്തമം, ഉത്തമകല്പം. മദ്ധ്യമം, മദ്ധ്യമകല്പം, അധമം എന്നിങ്ങനെ. ഉത്തമത്തില്‍  ഭാഷയുടെയും, രസത്തിന്റെയും സാന്നിധ്യം കൂടുതലായിരിക്കുംപോള്‍   അധമത്തില്‍  ഇത് രണ്ടും പേരിനു മാത്രമായി മാറുന്നു. മണിപ്രവാളത്തില്‍  രണ്ടുവ്യവസ്ഥകള്‍  പ്രധാനമായും പാലിക്കേണ്ടിയിരിക്കുന്നു . ഉപയോഗിക്കുന്ന ഭാഷാപദങ്ങള്‍  പാമരര്‍ക്കിടയില്‍  പോലും സാധാരണമായിരിക്കണം, സംസ്കൃതപദങ്ങള്‍   ഭാഷാപദങ്ങള്‍  പോലെ അതിപ്രസിദ്ധവും, സുകുമാരക്ഷരവുമായിരിക്കണം.മണിപ്രവാള ലക്ഷണ ഗ്രന്ഥമായ ലീലാതിലകം ആര് എന്ന് എഴുതിയതാണ് എന്നു പറയുവാന്‍  തെളിവുകളില്ല . എന്നാല്‍  ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍  15  -ആം നൂറ്റാണ്ടിന്റെ ആദ്യ കാലമോ അതിനും മുന്നെയോ ആയിരിക്കണം അതിന്നാല്‍  തന്നെ ആ കാലത്തിനും മുന്നേ തന്നെ പാട്ടുപ്രസ്ഥാനവും മണിപ്രവാളപ്രസ്ഥാനവുമിവിടെ പ്രബലമായിരുന്നിരിക്കണം. അതിനാലാണ് ഈ രണ്ടു പ്രസ്ഥാനങ്ങളെക്കുറിച്ചു പറയാതിരിക്കാന്‍  ലീലാതിലകക്കാരന് കഴിയാതിരുന്നത് 

മണിപ്രവാളത്തെ പോലെ ജീവിതത്തിന്റെ സാരസ്യവും, സൌരഭ്യവും അലതല്ലുന്ന മറ്റൊരു കാവ്യലോകമില്ലയെന്നുതന്നെ പറയാം. ആ കാലഘട്ടത്തിലെ ജീവിത രസികത്വത്തിന്റെ പ്രതിബിംബമായിരിക്കണം മണിപ്രവാള കൃതികളില്‍  കാണുന്ന കാമാതുരതയുടെ  അതിപ്രസരം. സാമാന്യ ജനതയുടെ ജീവിതമായിരുന്നില്ല മണിപ്രവാള കൃതികളില്‍  കാണുന്ന ഇതിവൃത്തം. ഫ്യൂഡല്‍   വ്യവസ്ഥിതിയില്‍  ഉയര്‍  മണ്ഡലങ്ങളില്‍  ജീവിച്ചിരുന്നവരുടെ ജീവിതമായിരുന്നു. ആ പ്രമേയങ്ങളെ ഗണികവനിതാ രത്നങ്ങള്‍  സ്വാധീനിച്ചതില്‍  അത്ഭുതം തോന്നേണ്ടതില്ല. കവിതയെയെത്ര ആനന്ദകരമാക്കാമൊ അതിന്റെ പരമാവധിയായിരുന്നു മണിപ്രവാള കവികളുടെ ലക്ഷ്യം. അതിനാല്‍തന്നെ ശൃംഗാര  രസത്തിന്  പ്രാമുഖ്യം ലഭിക്കുന്ന വളരെ ഹൃദയകാരിയായ ഒരന്തരീക്ഷമാണ് കൃതികളില്‍  കാണുന്നത്. വൈശികതന്ത്രം ,  ഉണ്ണിയച്ചീ ചരിതം, ഉണ്ണിയാടിചരിതം,ഉണ്ണിചിരുതേവീ  ചരിതം എന്നിങ്ങനെ പോകുന്നു . പ്രാചീന മണിപ്രവാള പ്രസ്ഥാനം.

പ്രാചീന കവിത്രയങ്ങള്‍ 

പ്രാചീന കവിത്രങ്ങള്‍  എന്നറിയപ്പെടുന്നത് ചെറുശ്ശേരി, എഴുത്തച്ഛന്‍ , കുഞ്ചന്‍  നമ്പ്യാര്‍ എന്നിവരാണ്

ചെറുശ്ശേരി
               ചെറുശ്ശേരി ഈ പേര് കേട്ടലുടന്‍  മനസ്സിലോടിയെത്തുന്നത് കൃഷ്ണഗാഥയാണ്. കൃഷണഗാഥ അഥവാ കൃഷണപ്പാട്ട് അന്നും , ഇന്നും, ഭാഷയിലെ  മറ്റു സാഹിത്യ കൃതികളില്‍  നിന്നും ഉയർന്ന തലത്തില്‍  തനിക്കായിതന്നെ ഒരു സുവർണ്ണ സിംഹാസനം സൃഷ്ടിച്ചു അതില്‍  ആസനസ്ഥമായിരിക്കുന്നു.. ഭാഗവതം ദശമസ്കന്ധമാണ് കൃഷണഗാഥയുടെ രചനയ്ക്ക് ആധാരമായുള്ളത്. പാട്ടുപ്രസ്ഥാനത്തിന്റെയും, മണിപ്രവാളത്തിന്റെയും , ഗാനസാഹിത്യകാവ്യധാരാ സങ്കലനമാണ് കൃഷണഗാഥയെ  കൂടുതല്‍  ഹൃദയകാരിയാക്കുന്നത്. പച്ചമലയാളത്തിന്റെ വഴിയെ അനർഗളമായ  കാവ്യപ്രവാഹം. അതാണ് കൃഷണഗാഥ. നിത്യനൂതനങ്ങളായ നാടോടിമൊഴികള്‍ , അതില്‍  പുനര്‍ജനിക്കുന്നു. അതിലളിത സംസ്കൃതപദങ്ങള്‍  അതിനു മാറ്റുകൂട്ടുന്നു.

മലയാളത്തിലെ ആദ്യ മഹാകാവ്യമെന്ന സ്ഥാനത്തിനു പാത്രമാകേണ്ടിയിരുന്ന കാവ്യം മഹാകാവ്യലക്ഷണത്തിലെ ചില നിയമങ്ങള്‍   ലംഘിക്കപ്പെട്ടു എന്നതിന്നാലും . മലയാള വൃത്തത്തിലാണ് രചനയെന്നതിന്നാലും, ശ്രീരാമചന്ദ്രവിലാസത്തിന് വഴി മാറേണ്ടി വന്നു.

എഴുത്തച്ഛന്‍

  ആധുനിക മലയാളത്തിന്റെ കുലഗുരു, ഭാഷാപിതാവ് എന്നെല്ലാം അറിയപ്പെടുന്നു തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍

ഒട്ടും  സംശയം കൂടാതെ പറയാന്‍  കഴിയുന്ന എഴുത്തച്ഛൻ കൃതികളാണ്, അദ്ധ്യാത്മ രാമായണം കിളിപ്പാട്ടും, മഹാഭാരതം കിളിപ്പാട്ടും. സംസ്കൃതത്തിലെ അദ്ധ്യാത്മരാമായണത്തിന്റെ സ്വതന്ത്ര പരിഭാഷയാണ് അദ്ധ്യാത്മരാമായണം കിളിപ്പാട്ട്. വേണ്ടതിനെ കൊള്ളുകയും , വേണ്ടാത്തതിനെ  തള്ളുകയും  ചെയ്തുകൊണ്ട് എഴുത്തച്ഛൻ രാമായണത്തിന് തന്റേതായ ഒരു സര്‍ഗ്ഗചൈതന്യം ചാർത്തിയിരിക്കുന്നു. വാല്മീകിയില്‍നിന്നും വ്യത്യസ്തമായി രാമന് ദൈവികഭാവം നല്കിയിരിക്കുന്നു എഴുത്തച്ഛന്‍

   മലയാളഭാഷയ്ക്ക് എന്തായിരുന്നു എഴുത്തച്ഛന്റെ സംഭാവന, എഴുത്തച്ഛനുമുന്നെ മലയാളസാഹിത്യത്തില്‍  പാട്ടുഭാഷ, മണിപ്രവാളഭാഷ നാടന്‍പാട്ടിലെ വഗ്മൊഴിഭാഷ, മലയാള തനിമയാര്‍ന്ന കൃഷണഗാഥയിലെ  ഭാഷ എന്നിങ്ങനെ വിവിധ  കൈവഴികള്‍  കാവ്യഭാഷയില്‍  നിലനിന്നിരുന്നു . പുതിയൊരു സമൂഹവും, സാമൂഹ്യനന്മയുമാണ്  തന്റെ കാവ്യസപര്യയുടെ ലക്ഷ്യം എന്നുറച്ചുകൊണ്ടാണ് എഴുത്തച്ഛന് തന്റെ കാവ്യജീവിതം തുടങ്ങുന്നത് അതിനാലാണ് ധാര്‍മികത, ഭക്തി, പ്രബോധനാത്മകത, മാനവികസംസ്കാരികാവബോധം എന്നിവ തന്റെ രചനകളുടെ അന്തർധാരയാകി മാറ്റാന്‍  അദ്ദേഹത്തിനു കഴിഞ്ഞത്. പോര്‍ത്തുഗീസ്സുക്കാരുടെ ഭരണവും, ആയുധ ഉപയോഗിച്ചുള്ള നിര്‍ബന്ധിത മതപരിവര്‍ത്തനവും മറ്റും കേരളത്തിലെ ജനജീവിതത്തെ താറുമാറക്കിക്കൊണ്ടിരുന്ന അവസ്ഥയിലാണ് തന്റെ രചനകളുമായി  എഴുത്തച്ഛന്റെ രംഗപ്രവേശം. അത് കേരളീയർക്ക് നല്കിയ ആതമവിശ്വാസം ചെറുതായിരുന്നില്ല..

കിളിപ്പാട്ട്പ്രസ്ഥാനം എഴുത്തച്ഛനു മുമ്പേ ഭാഷയില്‍  നിലനിന്നിരുന്നുവെങ്കിലും അതുതികച്ചും ജനകീയമാക്കിയത്
എഴുത്തച്ഛനാണ്. പരാപരക്കണ്ണി . പൈങ്കിളിക്കണ്ണി   എന്നിങ്ങനെ കിളിപ്പാട്ടില്‍  പെടുത്താവുന്ന കാവ്യസാങ്കേതങ്ങള്‍  നിലവിലുണ്ടായിരുന്നു. എന്നാലിവയില്‍  കിളി വെറും കേള്‍വിക്കാരി മാത്രമായിരുന്നു. കിളിയെക്കൊണ്ട് കഥ പറയിച്ചത് എഴുത്തച്ഛനാണ്

കുഞ്ചന്‍  നമ്പ്യാര്‍

ഭടജനങ്ങടെ നടുവിലുളൊരു 
പടയനിക്കിഹ ചേരുവാന്‍ 
വടിവിയന്നൊരു ചാരു-
കേരളഭാഷതന്നെ ചിതംവരൂ

      മലയാള കാവ്യസരണിയിലെ ആദ്യ ജനകീയകവിയെന്ന് വിശേഷിപ്പിക്കപ്പെടാന്‍  തികച്ചും അര്‍ഹനായ നമ്പ്യാരുടെ കാവ്യഭാഷ സങ്കല്പമാണ് മുകളിലെ വരികള്‍  ചാക്യരോട് തോന്നിയ ഈർഷ്യയുടെ  ഫലമായി പെട്ടന്ന്പൊട്ടി മുളച്ചതല്ല  നമ്പ്യാരുടെ തുള്ളല്‍ . നിരവധി കാലത്തെ തപസ്യയുടെ പരിണിത ഫലമാണത്. ക്ഷേത്രകലകളില്‍  നിന്നും ആവിശ്യമായത് തന്റെ പുതിയ കലാരൂപത്തിലേക്ക് സ്വീകരിച്ചുകൊണ്ട് ഒരു സാമൂഹിക വിമര്‍ശ്ശന പ്രസ്ഥാനത്തിനാണ് അദ്ദേഹം രൂപം നല്കിയത്

തരംഗിണിയാണ് ഓട്ടന്‍ തുള്ളലിലെ പ്രധാന വൃത്തം, കാകളി, കേക, കളകാഞ്ചി, തുടങ്ങിയവ ശീതങ്കന്‍ തുള്ളലിലുണ്ട്.

ഓട്ടം, പറയന്‍ , ശീതങ്കന്‍  എന്നിവയാണ് പ്രധാന തുള്ളല്‍   വിഭാഗങ്ങള്‍

സാമൂഹിക പുന:സൃഷ്ടിക്കുള്ള ആയുധമായി പരിഹാസത്തെ സ്വീകരിക്കുകയായിരുന്നു നമ്പ്യാരെന്നു സുകുമാര്‍ അഴിക്കോട് പറയുന്നു

നാടോടി അറിവുകളും, നാടോടി സംസ്കാരവും കൊണ്ട് സമ്പന്നമാണ് തുഞ്ചന്‍  കവിതകള്‍

(മൂത്തേടം )

( സഹായത്തിനു  മലയാള സാഹിത്യ ചരിത്രവും, ചവറ കെ. എസ് . പിള്ളയുടെ " ചെറുശ്ശേരി, എഴുത്തച്ഛന്‍  , കുഞ്ചന്‍  നമ്പ്യാര്‍  എന്ന പുസ്തകവും  )