നമ്മുടെ മലയാളം
ചരിത്ര പശ്ചാത്തലം
അനവധി നൂറ്റാണ്ടുകളുടെ ചരിത്രം പറയാനുണ്ട് കേരളത്തിന്. രാമായണത്തിലും മഹാഭാരതത്തിലും കേരളത്തെക്കുറിച്ച് പറയുന്നു, ക്രിസ്തുവിനു മുമ്പ് 4-ആം നൂറ്റാണ്ടില്‍ അലക്സാണ്ടറുടെ പ്രതിനിധിയായി ഭാരതത്തിലെത്തിയ മെഗസ്തനീസിന്റെ സഞ്ചാര കുറിപ്പുകളിലും കേരളമുണ്ട്. ചാണക്യന്റെ അർത്ഥശാസ്ത്രത്തിലെ ചൂര്‍ണി നദിയെക്കുറിച്ചുള്ള പരാമര്‍ശം പെരിയാറിനെക്കുറിച്ചാണ്. ക്രിസ്തുവിനുമുമ്പ് അഞ്ചാംനൂറ്റാണ്ടുമുതല്‍ ക്രിസ്തുവിനുശേഷം ഒന്നാംനൂറ്റാണ്ട് വരെയുള്ള കാലം സംഘകാലം എന്നറിയപ്പെടുന്നു. സംഘകാല കൃതികളില്‍ കേരളത്തെക്കുറിച്ച് വളരെ വ്യക്തമായിതന്നെ പറയുന്നു. പുറംനാനൂറില്‍ ആദിചേരന്മാരെക്കുറിച്ചും അവരുടെ ഭരണത്തെക്കുറിച്ചും പറയുന്നുണ്ട്. അങ്ങിനെ പറയുന്ന പാട്ടുകളെല്ലാം ചേര്‍ത്തു പത്തുപാടല്‍ എന്നറിയപ്പെടുന്നു. പതിറ്റുപത്തു. മണിമേഖല, ചിലപ്പതികാരം തുടങ്ങിയ സംഘകാല കൃതികള്‍ ചേരഭരണത്തിന്റെ സാക്ഷ്യ പത്രങ്ങളാണ്.
1498ല് പോര്‍ത്തുഗീസ്സുകാര് കോഴിക്കോട് എത്തിയതു മുതല്‍ പോർത്തുഗീസ്സുകാരുടെയും ഡച്ചുകാരുടെയും വാണിജ്യപരവും, ഭരണപരവുമായ സ്വാധീനം കേരളത്തില്‍ വ്യാപിക്കാന്‍ തുടങ്ങി.
സ്വാതന്ത്രത്തിനു ശേഷം 1949 ൽ തിരുകൊച്ചി സംസ്ഥാനം നിലവിൽവന്നു. 1956 ൽ സംസ്ഥാന പുന:സംഘടനാ കമ്മീഷന്റെ നിർദ്ദേശം നടപ്പിലായതേടെ തിരുകൊച്ചി,മലബാര്‍, കാസർക്കോട് ഇവ ചേർന്നു കേരളസംസ്ഥാനം നിലവിൽവന്നു
മലയാള ഭാഷയുടെ പിറവി
നമ്മുടെ മാതൃഭാഷയ്ക്ക് "മലയാളം" എന്ന പേര് ലഭിച്ചിട്ട് അധികകാലമായിട്ടുണ്ടെന്ന് തോന്നുന്നില്ല. മലയോടു ചേർന്നു കിടക്കുന്ന പ്രദേശം എന്ന നിലയിൽ ( മല + അളം ) മലയാളം ആദ്യകാലങ്ങളിൽ ദേശനാമം മാത്രമായിരുന്നുവെന്ന് പറയപ്പെടുന്നു. പിന്നീടെപ്പോഴോ ആണ് ദേശനാമം ഭാഷാ നാമമായി പരിണമിച്ചത്. ഭാഷാ പിതാവായ എഴുത്തച്ഛന്‍ തന്റെ കൃതികളിലൊരിടത്തും താൻ രചന നടത്തുന്നത് മലയാളത്തിലാണെന്ന് പറഞ്ഞിട്ടില്ല എന്നാൽ കേരളഭാഷായെന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ടുതാനും.
മലയാളം തമിഴിന്റെ ശാഖ മാത്രമാണെന്ന് പല ഭാഷാവിശാരദന്മാരും അഭിപ്രായപ്പെടുന്നു. ഭാഷാവിശാരദനായ കാൾഡ്വൽ ഈ അഭിപ്രായത്തിന്റെ വക്താവാണ്. കേരളപാണിനീയത്തിൽ കേരളപാണിനിയും ഇതുതന്നെ പറയുന്നു( കൊടും തമിഴിലിരുന്നാണ് മലയാളം ഉണ്ടായത്) ഈ വാദം ഉറപ്പിക്കാനായി തന്റെ ആറുനയങ്ങളും അവതരിപ്പിക്കുന്നു. എന്നാൽ മിശ്രഭാഷാവാദം, ഭാഷാ സംക്രമണവാദം, സംസ്കൃതജന്യവാദം, എന്നിങ്ങനെ മലയാള ഭാഷയുടെ പിറവിയെപ്പറ്റി വ്യത്യസ്തങ്ങളായ വാദങ്ങളും നിലനില്ക്കുന്നുണ്ട്.
എന്തുകൊണ്ട് തമിഴും മലയാളവും തമ്മിൽ മറ്റൊരു ഭാഷകൾക്കിലുമില്ലാത്തൊരടുപ്പം സംഭവിക്കാൻ കാരണമെന്ന് ചിന്തിക്കുന്നതാകയാൽ അടിസ്ഥാനപരമായി ഈ രണ്ടുഭാഷകളും ഒരേ ഭാഷാഗോത്രത്തിൽപ്പെട്ടതാണെന്ന് മനസിലാക്കാം. ദ്രാവിഡ ഗോത്രത്തിൽപ്പെട്ട കന്നഡ, തെലുങ്ക്, തുടങ്ങിയ ഭാഷകളോടും മലയാളം വ്യാകരണപരമായും, പദസംഹിതാപരമായും വളരെയധികം അടുപ്പം കാണിക്കുന്നു. ദ്രാവിഡ ഭാഷകളായ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, തുളു എന്നിവയിൽ പൊതുവിൽ നിലനിന്നിരുന്ന അയ്യായിരത്തിൽപരം പദങ്ങൾ ഭാഷവിശാരദന്മാർ കണ്ടെത്തിയിട്ടുണ്ട്. തമിഴിന്റെയും, മലയാളത്തിന്റെയും അടുപ്പകൂടുതലിനു കാരണമായി ഇതുകൂടാതെ ഭൂമിശാസ്ത്രപരമായും, സാംസ്കാരികമായും, ഭരണപരമായും മറ്റു കാരണങ്ങൾ കൂടിയുണ്ട്.
ഒരുകാലത്ത് നിലവിലിരുന്ന മൂലദ്രാവിഡ ഭാഷയിൽനിന്ന് വിവിധ കാലഘട്ടങ്ങളിൽ ഭൂമിശാസ്ത്രപരമായും, സാമൂഹികമായും, രാഷ്ട്രീയവുമായ കാരണങ്ങളകൊണ്ട് പലപ്പോഴായി പിരിഞ്ഞു സ്വതന്ത്രഭാഷകളായി മാറിയവയായിയിരിക്കണം വിവിധ ദ്രാവിഡഭാഷകൾ ഇതിൽതന്നെ മലയാളവും തമിഴും സഹ്യപർവ്വതനിരകളുടെ സാന്നിധ്യം രാജ്യവിഭജനത്തിനു കാരണമാവുക നിമിത്തം സ്വതന്ത്രഭാഷകളായി വളരാന്‍ തുടങ്ങിയെങ്കിലും മൂവേന്തര്‍മാരുടെ ഭരണപരമായ അധിനിവേശങ്ങള്‍ ഭാഷാപരമായും സാംസ്കാരിക പരമായും ഈ പ്രദേശങ്ങളിലെ ജനങ്ങളെ പരസ്പരം ബന്ധിപ്പിച്ചു നിർത്തുകയും ഭാഷാപരമായ സ്വാധീനത്തിന് കാരണമാവുകയും ചെയ്തുവെന്ന് വിശ്വസിക്കേണ്ടിയിരിക്കുന്നു. അതിനാല്‍ തന്നെയായിരിക്കണം കേരളത്തിലെ രാജശാസനങ്ങള്‍ പ്രമാണങ്ങള്‍ എന്നിവയെല്ലാം എഴുതപ്പെട്ടതു ചെന്തമിഴിലായിരുന്നു. ഇങ്ങനെ രാജഭാഷയായി മാറിയ ചെന്തമിഴിലേക്കു കേരളത്തിലെ വ്യവഹാരഭാഷ നുഴഞ്ഞുകയറി ചെന്തമിഴിനെ ദുഷിപ്പിക്കുകയും വ്യവഹാരഭാഷ ക്രമേണ കൂടുതല്‍ സ്വാധീനം ചൊലുത്തുകയും ചെയ്തതുകൊണ്ടാണ് മലയാളഭാഷയുടെ ഉത്പത്തിയെന്ന് ഡോ. സി.എല്‍ .ആന്റണി തന്റെ ഭാഷസംക്രമണവാദത്തിൽ പറയുന്നു. എന്നാൽ തമിഴിലെ വ്യവഹാരഭാഷയായ കൊടുംതമിഴിനു സഹ്യനു പടിഞ്ഞാറുവശത്ത് സംഭവിച്ച പരിണാമമാണ് മലയാള ഭാഷയുടെ പിറവികാരണമെന്നു കേരളപാണിനി പറയുന്നു. ഏളംകുളം കുഞ്ഞന്‍പിള്ള തന്റെ മിശ്രഭാഷാവാദത്തില്‍ വ്യവഹാരഭാഷയില്‍ സംസ്കൃതത്തിന്റെയും, മധ്യകാല തമിഴിന്റെയും മിശ്രണം മൂലം രൂപപ്പെട്ടുവന്ന മിശ്രഭാഷയാണ് മലയാളമായി പരിണമിച്ചതെന്ന് പറയുന്നു. മറ്റു ചിലര്‍ മൂലദ്രാവിഡ ഭാഷയോട് തമിഴിനേക്കാള്‍ അടുപ്പം മലയാളത്തിനാണെന്ന് പറഞ്ഞുകൊണ്ട് മേല്‍പറഞ്ഞ എല്ലാ വാദങ്ങളെയും നിരാകരിക്കുന്നു. തമിഴിനേക്കാളും പ്രാചീനത മലയാളത്തിനു അവകാശപ്പെടുകയും ചെയ്യുന്നു. മറ്റു ചിലര്‍ മലയാളം ദ്രാവിഡ ഗോത്രത്തില്‍ പെട്ടതല്ല ഇന്‍ഡോ-ആര്യന്‍ ഗോത്രത്തില്‍ പെട്ടതാണെന്ന് വാദിക്കുകയും ചെയ്യുന്നു. ആധുനികഭാഷാ വിശാരദര്‍ ഈ വാദം ശാസ്ത്രീയമായി നിലനില്പ്പില്ലാത്തതാണെന്ന് തെളിയിച്ചിട്ടുണ്ട്
മലയാളത്തെ പ്രാചീനകാലം മുതല്‍ തമിഴെന്നുതന്നെയാണ് വ്യവഹരിച്ചുവന്നിട്ടുള്ളത്, അതിനാലായിരിക്കണം തമിഴും മലയാളവും ഒന്നായിരുന്നു എന്നോ, തമിഴിന്റെ ഒരു വകഭേദമാണ് മലയാളമെന്നോയുള്ള ചിന്തക്ക് കാരണമായി തീർന്നിട്ടുള്ളത്. മൂലദ്രാവിഡഭാഷയില്‍നിന്നും ഏകദേശം ഒരേ കാലത്ത് പിരിഞ്ഞു മാറിയ പുത്രീഭാഷകളായിരിക്കണം മലയാളവും തമിഴും, അതുകൊണ്ട്തന്നെ ധാരാളം പൊതുവായ പദസമ്പത്ത് ഇരു ഭാഷകളിലും കാണാവുന്നതാണ് ചില പദങ്ങൾക്ക് അർത്ഥവ്യതിയാനമുണ്ടെകിലും പദങ്ങൾ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ഉദാഹരണമായി "പനി" എന്ന പദം തമിഴില്‍ മഞ്ഞു എന്നർത്ഥത്തിലും മലയാളത്തില്‍ ഒരു രോഗം എന്ന നിലയിലും ഉപയോഗിച്ചുവരുന്നു. മലയാളത്തിലെ "വെള്ളം" തമിഴില് പ്രളയജലത്തെ കാണിക്കുന്നു "പലത്തുള്ളി പെരുവെള്ളം"ത്തില് ഒരേ അർത്ഥത്തിൽതന്നെ പ്രയോഗിക്കപ്പെടുന്നു. "തണ്ണീര്‍ " വെള്ളം എന്നർത്ഥത്തിൽ തമിഴിലുപയോഗിക്കുമ്പോള്‍ മലയാളത്തില്‍ ആ പദം തണ്ണീര്‍ പന്തലിലും തണ്ണീര്‍ മത്തനിലും സംരക്ഷിക്കുന്നു. മൂലദ്രാവിഡത്തിന്റെ പിരിവുകളെന്ന നിലയില്‍ കന്നടത്തെ കരിനാട്ടുതമിഴെന്നും, മലയാളത്തെ മലനാട്ടുതമിഴെന്നും, തുളുവിനെ തുളുനാട്ടുതമിഴെന്നും പ്രാചീനകാലത്ത് വിളിച്ചുവന്നു എന്നേയുള്ളു അതുകൊണ്ട്തന്നെ ദക്ഷിണേന്ത്യന്‍ ഭാഷകൾക്കുള്ള സാമാന്യ നാമമായിരിക്കണം "തമിഴെന്നത്. മലയാളം, കന്നടം, തുളു എന്നിവ തമിഴ് ഉപേക്ഷിച്ചപ്പോള്‍ ഇന്നത്തെ തമിഴ് ആ പേര് നിലനിർത്തിയെന്ന് മാത്രം
വ്യവഹാരത്തിലിരിക്കുന്ന ഭാഷകളെയാണ് ജീവല്‍ ഭാഷകളെന്ന് വിളിക്കുന്നത്. മറ്റു ജീവല്‍ഭാഷകളിലെന്നപോലെ മലയാളത്തിലും പ്രാചീനകാലം മുതല്‍ തന്നെ പ്രാദേശിക വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു. സാമാന്യമായി വടക്കന്‍ മലയാളം, തെക്കന്‍ മലയാളം എന്നിങ്ങനെ പറയാറുണ്ടല്ലോ? ഇതിലും സൂക്ഷ്മമായും വേർത്തിരിവ് ഇന്ന് അതിനു നടത്താവുന്നതാണ് ജാതിയും, മതവും പ്രദേശവും, എല്ലാം ഈ സൂക്ഷ്മവ്യതിരിക്തതക്കു കാരണമാകുന്നുണ്ട്. എന്നാല്‍ അതിനെക്കുറിച്ച് ഒരു വിശദീകരണം ഇവിടെ ആവിശ്യമുണ്ടെന്ന് കരുതുന്നില്ല
മലയാളത്തിനു സ്വന്തമായുള്ള ഒരു ലിപിയാണ് ഇന്നുപയോഗത്തിലുള്ളത് എന്നാല്‍ മുമ്പ് വട്ടെഴുത്ത് എന്ന ലിപി രീതിയാണ് സാമാന്യമായി ഉപയോഗിച്ചുവന്നത് ഈ വട്ടെഴുത്തില്‍ നിന്നും ക്രമേണ കോലെഴുത്തു രൂപപ്പെട്ടുവന്നു. കാലപ്പോക്കില്‍ സംസ്കൃതം അടക്കമുള്ള ഭാഷകളുടെ സ്വാധീനം മലയാളത്തിന്റെ പദസമ്പത്തിൽ വളരെ വലിയ വിപുലീകരണത്തിനു കാരണമായി അതുകൊണ്ടുതന്നെ അതുവരെ ഉപയോഗിച്ചുവന്ന വട്ടെഴുത്ത് ലിപിയും, കോലെഴുത്തു ലിപിയും മതിയാകാതെ വന്നു അതിന്റെ ഫലമായാണ് ഇന്ന് ഉപയോഗിക്കുന്ന ഗ്രന്ഥാക്ഷരലിപി നിലവില്‍ വന്നത്.
മലയാള സാഹിത്യം
→→→→→→→→→→→→→→→→
മലയാളസാഹിത്യ ചരിത്രത്തെ ഘട്ടങ്ങളായി വിഭജിക്കാന്‍ ഭാഷാ ചരിത്രകാരാന്മാർ ശ്രമിക്കുകയും വിഭജിക്കയും ചെയ്തിട്ടുണ്ട്. ഇതില്‍ പ്രധാനപ്പെട്ടതാണ് പ്രാചീനം, മധ്യകാലം, ആധുനികം എന്നിങ്ങനെയുള്ളത്
മൂലദ്രാവിഡത്തില്‍നിന്നും പിരിഞ്ഞ മലയാളം ചെന്തമിഴിന്റെ സ്വാധീനത്തിന് വിധേയമായി. തുടര്‍ന്ന് സംസ്കൃതത്തിന്റെയും സ്വാധീനത്തില്‍പ്പെട്ടു. ഈ സ്വാധീനങ്ങളുടെ ഗുണഫലമായി മലയാളം ഒരു സാഹിത്യഭാഷയായി വളർന്നു. പാട്ട്, മണിപ്രവാളം തുടങ്ങിയ പ്രസ്ഥനങ്ങളിലുള്ള കൃതികളെകൊണ്ട് പരിപുഷ്ടമായുള്ള ഈ കാലഘട്ടമാണ് പ്രഥമദശയെന്ന പ്രാചീനഘട്ടം. ഇതുവരെ ലഭിച്ചിട്ടുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ കൃസ്തുവിനു ശേഷം 10-ആം നൂറ്റാണ്ട് മുതൽ 15-ആം നൂറ്റാണ്ടുവരെയുള്ള കാലം ഈ ദശയില്‍ പെടുത്താം. 15-ആം നൂറ്റാണ്ടുമുതൽ 18-ആം നൂറ്റാണ്ടിന്റെ മധ്യകാലം വരെയയുള്ള കാലഘട്ടം മധ്യദശയിലും, തുടർന്നുള്ളത് ആധുനികദശയിലും പെടുത്താവുന്നതാണ്.
ആദ്യകാല മലയാള സാഹിത്യം
↔↔↔↔↔↔↔↔↔↔↔↔↔↔
ഈ കാലഘട്ടത്തിലെ സാഹിത്യസ്വഭാവത്തെ വിശദമായി പറയാവുന്ന രീതിയില്‍ സാമഗ്രഹികളൊന്നുംതന്നെ ലഭ്യമല്ല. എന്നാല്‍ എല്ലാ ഭാഷകളിലും കാണാവുന്നതുപോലെ വാമൊഴിയായി പകർന്നുവന്ന നാടൻ പാട്ടുകള്‍ പഴംചൊല്ലുകള്‍ കൃഷിപ്പാട്ടുകള്‍ ഭക്തിപ്പാട്ടുകള്‍ തുടങ്ങിയവ മലയാളത്തിലുമുണ്ട്. എന്നാല്‍ വാമൊഴിയായി പകരുമ്പോള്‍ കാലക്രമേണ സംഭവിക്കാവുന്ന ചില വ്യത്യാസങ്ങള്‍ ഇതിനും സംഭവിച്ചിരിക്കാന്‍ സാധ്യതയുണ്ട്. എന്നാലും ആദ്യകാല സാഹിത്യത്തിന്റെ സ്വഭാവം മനസ്സിലാക്കുന്നതിനു ഇത് ഒരു പരിധിവരെ സഹായകമാവും.
ചെന്തമിഴും മലയാളവും
↔↔↔↔↔↔↔↔↔↔↔↔↔↔
ആദ്യകാലങ്ങളില്‍ മലയാളത്തില്‍ എടുത്തുപറയത്തക്ക സാഹിത്യകൃതികള്‍ ഉണ്ടായതായി പറയാന്‍ തെളിവുകളില്ലയെങ്കിലും രാജ ഭാഷയായ ചെന്തമിഴില്‍ മഹത്തായ കൃതികള രചിക്കാന്‍ കഴിവുള്ളവര്‍ കേരളക്കരയിലുണ്ടായിരുന്നുവെന്നതിന് ചിലപ്പതികാരവും, മണിമേഖലയും,പതിറ്റുപ്പത്തും, തെളിവാണ്. ഈ കവികളില്‍ ഏറ്റവും പ്രമുഖന്‍ ചേരരാജാവായ ചെങ്കുട്ടുവന്റെ സഹോദരന്‍ ഇളങ്കോവടികളാണ്. ഇന്നത്തെ കൊടുങ്ങലൂരിനടുത്തുള്ള തിരുവഞ്ചികുളം ആയിരുന്നു ചേരരാജക്കാന്‍മാരുടെ ആസ്ഥാനം ചിലപതികാരത്തിന്റെയും, മണിമേഖലയുടെയും രചയിതാവാണ് ഇളങ്കോവടികള്‍ . വേറെയും ചേരരാജക്കാന്‍മാര്‍ ചെന്തമിഴ് സാഹിത്യരചയിതാക്കളായി ഉണ്ടായിരുന്നതായി തെളിവുകളുണ്ട്. 7-ആം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന അയ്യനരിതനാർ ആണ് വെണ്‍പുമാല എന്ന കൃതിയുടെ കർത്താവ്. 7-ആം നൂറ്റാണ്ടിന്റെയും 9-ആം നൂറ്റാണ്ടിന്റെയും മദ്ധ്യേ ജീവിച്ചിരുന്ന നായാനാരന്‍മാരെന്ന അറുപത്തിമൂന്ന് ഭക്തകവികളില്‍ രണ്ടുപേർ കേരളീയരായിരുന്നു. ചേരരാജാക്കാന്‍മാരുടെ വംശപരമ്പരയില്‍ ഉണ്ടായിട്ടുള്ളവരാണ് വേണാട്ടടികളും, കുലശേഖര ആഴ്വാരും.
പാട്ട് സാഹിത്യം
→→→→→→→→→→→
കേരള ഭാഷയിലെ ആദ്യ സാഹിത്യപ്രസ്ഥാനമെന്ന് കരുതാവുന്നത് പാട്ടുപ്രസ്ഥാനത്തെയാണ്. അതിനുള്ള തെളിവുകളെയിന്ന് ലഭ്യമായിട്ടുള്ളൂ. മണിപ്രവാള ലക്ഷണഗ്രന്ഥമായ ലീലാ തിലകത്തിലാണ് ആദ്യമായി പാട്ടുപ്രസ്ഥാനത്തെപ്പറ്റി പറയുന്നത് കേരളഭാഷക്കുള്ള ആദ്യ വ്യാകരണഗ്രന്ഥമായും ലീലാതിലകത്തെ കരുതാവുന്നതാണ്.
" ദ്രമിഡസംഘാതക്ഷരനിബന്ധം എതുക ,മോന വൃത്തവിശേഷയുക്തം പാട്ട് " എന്ന് ലക്ഷണം. അതായത് തമിഴ് അക്ഷരമാലയിലെ അക്ഷരങ്ങളെ കൊണ്ട് മാത്രം എഴുതാവുന്നതും, എതുക , മോന തുടങ്ങിയ പ്രാസവ്യവസ്ഥകളുള്ളതും, സംസ്കൃതവൃത്തങ്ങളില്‍ നിന്നും വ്യത്യസ്തങ്ങളായ വൃത്തങ്ങളില്‍മാത്രം രചിക്കപ്പെട്ടതുമായ പദ്യം, പാട്ട് ചീരാമനെന്ന കവിയാല്‍ എഴുതപ്പെട്ട രാമച്ചരിതവും, കോവിന്ദന്റെ തിരുനിഴല്‍ മാലയുമാണ് ഇന്ന് പാട്ട്പ്രസ്ഥാനത്തിലെതായി നമ്മുടെ കൈവശം ഉള്ളത്.
പാട്ട് പ്രസ്ഥാനത്തിലെ തുടർകാലങ്ങളില്‍ വന്ന രചനകള്‍ പ്രസ്ഥാനത്തിന് ലീലാതിലകക്കാരന്‍ പറഞ്ഞ ലക്ഷണങ്ങളെ പടിപടിയായി ലംഘിക്കുന്നത് കാണാം നിരണം കൃതികള്‍ , രാമകഥാപ്പാട്ട്, കൃഷണഗാഥാ മുതലായവ.
മണിപ്രവാളം
↔↔↔↔↔↔↔↔
മലയാളഭാഷയില്‍ തമിഴ് ചൊലുത്തിയ സ്വാധീനത്തിന്റെ ഫലമാണ് പാട്ടുപ്രസ്ഥാനം അതേപോലെ മലയാളത്തില്‍ സംസ്കൃതം ചൊലുത്തിയ സ്വാധീനത്തിന്റെ ഫലമാണ് മണിപ്രവാളം
" ഭാഷാ സംസ്കൃത സംയോഗാ മണിപ്രവാളം " എന്ന് ലീലാതിലക ലക്ഷണം ഭാഷയുടെയും, സംസ്കൃതത്തിന്റെയും ഹൃദയാഹ്ലാദകാരിയായ സംയോഗമാണ് മണിപ്രവാളം. ഹൃദയാഹ്ലാദകാരിയെന്നാല്‍ പദ്യം അനുവാചകമനസ്സില്‍ സൃഷ്ടിക്കുന്ന രസംതന്നെ. ഇങ്ങനെ രസത്തിന്റെയും, ഭാഷയുടെയും അടിസ്ഥാനത്തില്‍ ലീലാതിലകക്കാരന്‍ മണിപ്രവാളത്തെ അഞ്ചായി തിരിച്ചിരിക്കുന്നു. ഉത്തമം, ഉത്തമകല്പം. മദ്ധ്യമം, മദ്ധ്യമകല്പം, അധമം എന്നിങ്ങനെ. ഉത്തമത്തില്‍ ഭാഷയുടെയും, രസത്തിന്റെയും സാന്നിധ്യം കൂടുതലായിരിക്കുംപോള്‍ അധമത്തില്‍ ഇത് രണ്ടും പേരിനു മാത്രമായി മാറുന്നു. മണിപ്രവാളത്തില്‍ രണ്ടുവ്യവസ്ഥകള്‍ പ്രധാനമായും പാലിക്കേണ്ടിയിരിക്കുന്നു . ഉപയോഗിക്കുന്ന ഭാഷാപദങ്ങള്‍ പാമരര്‍ക്കിടയില്‍ പോലും സാധാരണമായിരിക്കണം, സംസ്കൃതപദങ്ങള്‍ ഭാഷാപദങ്ങള്‍ പോലെ അതിപ്രസിദ്ധവും, സുകുമാരക്ഷരവുമായിരിക്കണം.മണിപ്രവാള ലക്ഷണ ഗ്രന്ഥമായ ലീലാതിലകം ആര് എന്ന് എഴുതിയതാണ് എന്നു പറയുവാന്‍ തെളിവുകളില്ല . എന്നാല്‍ ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ 15 -ആം നൂറ്റാണ്ടിന്റെ ആദ്യ കാലമോ അതിനും മുന്നെയോ ആയിരിക്കണം അതിന്നാല്‍ തന്നെ ആ കാലത്തിനും മുന്നേ തന്നെ പാട്ടുപ്രസ്ഥാനവും മണിപ്രവാളപ്രസ്ഥാനവുമിവിടെ പ്രബലമായിരുന്നിരിക്കണം. അതിനാലാണ് ഈ രണ്ടു പ്രസ്ഥാനങ്ങളെക്കുറിച്ചു പറയാതിരിക്കാന്‍ ലീലാതിലകക്കാരന് കഴിയാതിരുന്നത്
മണിപ്രവാളത്തെ പോലെ ജീവിതത്തിന്റെ സാരസ്യവും, സൌരഭ്യവും അലതല്ലുന്ന മറ്റൊരു കാവ്യലോകമില്ലയെന്നുതന്നെ പറയാം. ആ കാലഘട്ടത്തിലെ ജീവിത രസികത്വത്തിന്റെ പ്രതിബിംബമായിരിക്കണം മണിപ്രവാള കൃതികളില്‍ കാണുന്ന കാമാതുരതയുടെ അതിപ്രസരം. സാമാന്യ ജനതയുടെ ജീവിതമായിരുന്നില്ല മണിപ്രവാള കൃതികളില്‍ കാണുന്ന ഇതിവൃത്തം. ഫ്യൂഡല്‍ വ്യവസ്ഥിതിയില്‍ ഉയര്‍ മണ്ഡലങ്ങളില്‍ ജീവിച്ചിരുന്നവരുടെ ജീവിതമായിരുന്നു. ആ പ്രമേയങ്ങളെ ഗണികവനിതാ രത്നങ്ങള്‍ സ്വാധീനിച്ചതില്‍ അത്ഭുതം തോന്നേണ്ടതില്ല. കവിതയെയെത്ര ആനന്ദകരമാക്കാമൊ അതിന്റെ പരമാവധിയായിരുന്നു മണിപ്രവാള കവികളുടെ ലക്ഷ്യം. അതിനാല്‍തന്നെ ശൃംഗാര രസത്തിന് പ്രാമുഖ്യം ലഭിക്കുന്ന വളരെ ഹൃദയകാരിയായ ഒരന്തരീക്ഷമാണ് കൃതികളില്‍ കാണുന്നത്. വൈശികതന്ത്രം , ഉണ്ണിയച്ചീ ചരിതം, ഉണ്ണിയാടിചരിതം,ഉണ്ണിചിരുതേവീ ചരിതം എന്നിങ്ങനെ പോകുന്നു . പ്രാചീന മണിപ്രവാള പ്രസ്ഥാനം.
പ്രാചീന കവിത്രയങ്ങള്‍
പ്രാചീന കവിത്രങ്ങള്‍ എന്നറിയപ്പെടുന്നത് ചെറുശ്ശേരി, എഴുത്തച്ഛന്‍ , കുഞ്ചന്‍ നമ്പ്യാര്‍ എന്നിവരാണ്
ചെറുശ്ശേരി
ചെറുശ്ശേരി ഈ പേര് കേട്ടലുടന്‍ മനസ്സിലോടിയെത്തുന്നത് കൃഷ്ണഗാഥയാണ്. കൃഷണഗാഥ അഥവാ കൃഷണപ്പാട്ട് അന്നും , ഇന്നും, ഭാഷയിലെ മറ്റു സാഹിത്യ കൃതികളില്‍ നിന്നും ഉയർന്ന തലത്തില്‍ തനിക്കായിതന്നെ ഒരു സുവർണ്ണ സിംഹാസനം സൃഷ്ടിച്ചു അതില്‍ ആസനസ്ഥമായിരിക്കുന്നു.. ഭാഗവതം ദശമസ്കന്ധമാണ് കൃഷണഗാഥയുടെ രചനയ്ക്ക് ആധാരമായുള്ളത്. പാട്ടുപ്രസ്ഥാനത്തിന്റെയും, മണിപ്രവാളത്തിന്റെയും , ഗാനസാഹിത്യകാവ്യധാരാ സങ്കലനമാണ് കൃഷണഗാഥയെ കൂടുതല്‍ ഹൃദയകാരിയാക്കുന്നത്. പച്ചമലയാളത്തിന്റെ വഴിയെ അനർഗളമായ കാവ്യപ്രവാഹം. അതാണ് കൃഷണഗാഥ. നിത്യനൂതനങ്ങളായ നാടോടിമൊഴികള്‍ , അതില്‍ പുനര്‍ജനിക്കുന്നു. അതിലളിത സംസ്കൃതപദങ്ങള്‍ അതിനു മാറ്റുകൂട്ടുന്നു.
മലയാളത്തിലെ ആദ്യ മഹാകാവ്യമെന്ന സ്ഥാനത്തിനു പാത്രമാകേണ്ടിയിരുന്ന കാവ്യം മഹാകാവ്യലക്ഷണത്തിലെ ചില നിയമങ്ങള്‍ ലംഘിക്കപ്പെട്ടു എന്നതിന്നാലും . മലയാള വൃത്തത്തിലാണ് രചനയെന്നതിന്നാലും, ശ്രീരാമചന്ദ്രവിലാസത്തിന് വഴി മാറേണ്ടി വന്നു.
എഴുത്തച്ഛന്‍
ആധുനിക മലയാളത്തിന്റെ കുലഗുരു, ഭാഷാപിതാവ് എന്നെല്ലാം അറിയപ്പെടുന്നു തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍
ഒട്ടും സംശയം കൂടാതെ പറയാന്‍ കഴിയുന്ന എഴുത്തച്ഛൻ കൃതികളാണ്, അദ്ധ്യാത്മ രാമായണം കിളിപ്പാട്ടും, മഹാഭാരതം കിളിപ്പാട്ടും. സംസ്കൃതത്തിലെ അദ്ധ്യാത്മരാമായണത്തിന്റെ സ്വതന്ത്ര പരിഭാഷയാണ് അദ്ധ്യാത്മരാമായണം കിളിപ്പാട്ട്. വേണ്ടതിനെ കൊള്ളുകയും , വേണ്ടാത്തതിനെ തള്ളുകയും ചെയ്തുകൊണ്ട് എഴുത്തച്ഛൻ രാമായണത്തിന് തന്റേതായ ഒരു സര്‍ഗ്ഗചൈതന്യം ചാർത്തിയിരിക്കുന്നു. വാല്മീകിയില്‍നിന്നും വ്യത്യസ്തമായി രാമന് ദൈവികഭാവം നല്കിയിരിക്കുന്നു എഴുത്തച്ഛന്‍
മലയാളഭാഷയ്ക്ക് എന്തായിരുന്നു എഴുത്തച്ഛന്റെ സംഭാവന, എഴുത്തച്ഛനുമുന്നെ മലയാളസാഹിത്യത്തില്‍ പാട്ടുഭാഷ, മണിപ്രവാളഭാഷ നാടന്‍പാട്ടിലെ വഗ്മൊഴിഭാഷ, മലയാള തനിമയാര്‍ന്ന കൃഷണഗാഥയിലെ ഭാഷ എന്നിങ്ങനെ വിവിധ കൈവഴികള്‍ കാവ്യഭാഷയില്‍ നിലനിന്നിരുന്നു . പുതിയൊരു സമൂഹവും, സാമൂഹ്യനന്മയുമാണ് തന്റെ കാവ്യസപര്യയുടെ ലക്ഷ്യം എന്നുറച്ചുകൊണ്ടാണ് എഴുത്തച്ഛന് തന്റെ കാവ്യജീവിതം തുടങ്ങുന്നത് അതിനാലാണ് ധാര്‍മികത, ഭക്തി, പ്രബോധനാത്മകത, മാനവികസംസ്കാരികാവബോധം എന്നിവ തന്റെ രചനകളുടെ അന്തർധാരയാകി മാറ്റാന്‍ അദ്ദേഹത്തിനു കഴിഞ്ഞത്. പോര്‍ത്തുഗീസ്സുക്കാരുടെ ഭരണവും, ആയുധ ഉപയോഗിച്ചുള്ള നിര്‍ബന്ധിത മതപരിവര്‍ത്തനവും മറ്റും കേരളത്തിലെ ജനജീവിതത്തെ താറുമാറക്കിക്കൊണ്ടിരുന്ന അവസ്ഥയിലാണ് തന്റെ രചനകളുമായി എഴുത്തച്ഛന്റെ രംഗപ്രവേശം. അത് കേരളീയർക്ക് നല്കിയ ആതമവിശ്വാസം ചെറുതായിരുന്നില്ല..
കിളിപ്പാട്ട്പ്രസ്ഥാനം എഴുത്തച്ഛനു മുമ്പേ ഭാഷയില്‍ നിലനിന്നിരുന്നുവെങ്കിലും അതുതികച്ചും ജനകീയമാക്കിയത്
എഴുത്തച്ഛനാണ്. പരാപരക്കണ്ണി . പൈങ്കിളിക്കണ്ണി എന്നിങ്ങനെ കിളിപ്പാട്ടില്‍ പെടുത്താവുന്ന കാവ്യസാങ്കേതങ്ങള്‍ നിലവിലുണ്ടായിരുന്നു. എന്നാലിവയില്‍ കിളി വെറും കേള്‍വിക്കാരി മാത്രമായിരുന്നു. കിളിയെക്കൊണ്ട് കഥ പറയിച്ചത് എഴുത്തച്ഛനാണ്
കുഞ്ചന്‍ നമ്പ്യാര്‍
ഭടജനങ്ങടെ നടുവിലുളൊരു
പടയനിക്കിഹ ചേരുവാന്‍
വടിവിയന്നൊരു ചാരു-
കേരളഭാഷതന്നെ ചിതംവരൂ
മലയാള കാവ്യസരണിയിലെ ആദ്യ ജനകീയകവിയെന്ന് വിശേഷിപ്പിക്കപ്പെടാന്‍ തികച്ചും അര്‍ഹനായ നമ്പ്യാരുടെ കാവ്യഭാഷ സങ്കല്പമാണ് മുകളിലെ വരികള്‍ ചാക്യരോട് തോന്നിയ ഈർഷ്യയുടെ ഫലമായി പെട്ടന്ന്പൊട്ടി മുളച്ചതല്ല നമ്പ്യാരുടെ തുള്ളല്‍ . നിരവധി കാലത്തെ തപസ്യയുടെ പരിണിത ഫലമാണത്. ക്ഷേത്രകലകളില്‍ നിന്നും ആവിശ്യമായത് തന്റെ പുതിയ കലാരൂപത്തിലേക്ക് സ്വീകരിച്ചുകൊണ്ട് ഒരു സാമൂഹിക വിമര്‍ശ്ശന പ്രസ്ഥാനത്തിനാണ് അദ്ദേഹം രൂപം നല്കിയത്
തരംഗിണിയാണ് ഓട്ടന്‍ തുള്ളലിലെ പ്രധാന വൃത്തം, കാകളി, കേക, കളകാഞ്ചി, തുടങ്ങിയവ ശീതങ്കന്‍ തുള്ളലിലുണ്ട്.
ഓട്ടം, പറയന്‍ , ശീതങ്കന്‍ എന്നിവയാണ് പ്രധാന തുള്ളല്‍ വിഭാഗങ്ങള്‍
സാമൂഹിക പുന:സൃഷ്ടിക്കുള്ള ആയുധമായി പരിഹാസത്തെ സ്വീകരിക്കുകയായിരുന്നു നമ്പ്യാരെന്നു സുകുമാര്‍ അഴിക്കോട് പറയുന്നു
നാടോടി അറിവുകളും, നാടോടി സംസ്കാരവും കൊണ്ട് സമ്പന്നമാണ് തുഞ്ചന്‍ കവിതകള്‍
(മൂത്തേടം )
( സഹായത്തിനു മലയാള സാഹിത്യ ചരിത്രവും, ചവറ കെ. എസ് . പിള്ളയുടെ " ചെറുശ്ശേരി, എഴുത്തച്ഛന്‍ , കുഞ്ചന്‍ നമ്പ്യാര്‍ എന്ന പുസ്തകവും )