Thursday, January 3, 2019

കലിയുഗ പാർത്ഥൻ( കവിത)

കലിയുഗ പാർത്ഥൻ
********************
പ്രപഞ്ചത്തിനാധാരരൂപേ മനോജ്ഞേ!
ശിവേ ശങ്കരീ! നിൻ്റെ പാദം തൊഴുന്നേൻ
ജ്വലിക്കേണമെന്നുള്ളിൽ ദീപം കണക്കേ
പ്രകാശം പരത്തി ധ്വനിക്കട്ടെ വാക്കും

നവോന്മേഷപൂർണ്ണം നഭസ്സിൻ്റെയാസ്യം
സുഗന്ധം പടർത്തിത്തലോടുന്നു കാറ്റും
ശ്രവിക്കാൻ കൊതിക്കും കിളിക്കൊഞ്ചലാലും
മനസ്സിൻ്റെയുള്ളിൽ പ്രസൂനം വിരിഞ്ഞു

ഉറക്കത്തിനാലസ്യഭാവം കളഞ്ഞി-
ട്ടുണർത്തട്ടെ ഞാനെൻ്റെ കണ്ണും മനസ്സും
കഴിഞ്ഞുള്ള കാലം മറക്കാതെ ഞാനീ
നടപ്പുള്ള കാലത്തെ കാവ്യം രചിക്കാം

ധനുർപ്പാഠമൊന്നും പഠിച്ചില്ലേ പാർത്ഥൻ
എടാകൂടമായിട്ടയക്കുന്നു ബാണം
വരത്തൻ്റെ ശാസ്ത്രം നയിക്കുന്ന നേരം
പവിത്രങ്ങളെന്തെന്നറിഞ്ഞില്ല പോലും

ഇരുട്ടിൻ്റെയാത്മാവു ചൊല്ലുന്ന ഗീതം
ശ്രവിച്ചിട്ടു നേടും ചതിക്കുന്ന മാർഗ്ഗം
കുരുക്ഷേത്രമാകെത്തിളയ്ക്കുന്ന ചോര-
പ്പുഴയ്ക്കുള്ള ശോണം കൊതിക്കുന്നു പാർത്ഥൻ.
മൂത്തേടം

No comments:

Post a Comment