Tuesday, September 29, 2020

അമ്മയോട്

അമ്മയോട്
************
എന്തിനീ സാഹസമെന്നോടു  കാട്ടുന്നു.
എന്തിനീ സന്ധ്യയിലെന്നെപ്പിരിയുന്നു
എന്തിനീ ദാസന്റെ പൂജയെത്തള്ളുന്നു
എന്തിനീയെന്നെ നീ യാചകനാക്കുന്നു

നിൻ വരംനേടുവാൻ മാത്രമായ് ഞാനെത്ര-
നാളുകളായെൻ തപസ്സുത്തുടരുന്നു
നാളുകളേറെയോടിയകന്നിട്ടും 
നായികേ നീമാത്രം വന്നില്ലിതുവരെ

എൻമനം നിനക്കായ് തുടികൊട്ടിടുംനേര-
മെന്തിനെൻ ദേവതേ ! എന്നെപ്പിരിയുന്നു?
എന്തെന്നു ചൊല്ലു,നീ, പൂജ പിഴച്ചുവോ?
എന്തേ,യെൻ നേദ്യങ്ങൾ ശുദ്ധമല്ലെന്നാണോ?

ആയിരം ജന്മസുകൃതത്താലല്ലേയെ-
ന്നംബികേ ഞാൻ നിന്നുപാസകനായതും
ആത്മാവിൽനിന്നുമുയരുമെൻ രോദനം
ആശ്രിതവത്സലേ കേൾക്കാത്തതെന്തേ നീ 

പഞ്ചാഗ്നിമദ്ധ്യേ  തപമിരുന്നീടാം  ഞാൻ
പാപപരിഹാരമായ് വെറെന്തു ചെയ്യണം
പാമരനെങ്കിലും ഞാനും നിൻ മകനല്ലേ!
പാപങ്ങൾ പൊറുത്തു മാറോടു ചേർക്കമ്മേ .

കലുഷമാകുമീ കാലഘട്ടത്തിലും
കലുഷമല്ലാതെ വരിയെഴുതിടാൻ
കല്മഷനാശിനീ വരമരുളു നീ
കാരുണ്യശാലിനീ നിന്നെ നമിച്ചിടാം 

വേണ്ടായെനിക്കു നിൻ മകുടമാകേണ്ട
വേണ്ടായെനിക്കു നിന്നലങ്കാരമാവേണ്ട
വെറുതെയെങ്കിലുമാപാദപദ്മങ്ങളിൽ
വീണുകിടക്കുന്ന ധൂളിയായ്മാറണം..
(മൂത്തേടം)

No comments:

Post a Comment