Monday, December 31, 2018

താമരസ ( കവിത)

താമരസ
*********
വിതുമ്പുന്ന ഹൃത്തിൻ്റെ തേങ്ങലായ്ത്തീരുന്ന
കനവുകളൊരുപാടു കണ്ടിരുന്നു

പകലോനൊരുക്കിയ നിറമുള്ള  സന്ധ്യയിൽ
കനവുകൾക്കെന്നും മണിത്തിളക്കം

അംബരം സിന്ദൂരം ചാർത്തുന്ന നേരത്ത്
നെഞ്ചകമാകെ കുളിരുകോരും

അവിടെ വിരിയുന്ന ചെന്താമരപ്പൂവി-
ലവളുടെ മുഖശ്രീ തെളിഞ്ഞു കാണും

വാനവുമാഴിയുമധരങ്ങൾ ചേർക്കുന്ന
ചക്രവാളസീമയിലൊന്നു നോക്കി

അവളുടെ ചെഞ്ചുണ്ടെന്നിൽ പകരുന്ന
മാധുര്യമൊക്കെ നുണഞ്ഞിറക്കും

കാണുന്ന പൂക്കളിലെല്ലാം തെളിഞ്ഞതും
അവളുടെ മുഖകാന്തിയായിരുന്നു

മെല്ലെത്തഴുകുന്ന മാരുതൻ തന്നതും
അവളുടെ നറുമണമായിരുന്നു

രജനിയിൽ, ലാവു പരത്തുന്നയിന്ദുവി-
നെതിരിയുമവൾ മാത്രമായിരുന്നു

പുലരിയിലാസ്യം കുനിച്ചങ്ങു പോകയായ്
പനിമതി നാണം നിറകയാലെ

എന്നുള്ളിൽ കളകളം പാടുന്ന പൊയ്കയിൽ
ശതപത്രിയൊന്നേ വിരിഞ്ഞതുള്ളു

മന്ദാകിനിക്കുള്ളം കൊതിയേറും, തന്നിലും
ശ്രീപർണമിത്തരം വിടർന്നുകാണാൻ

ചിത്രപതംഗമായ്,മാറിയവളുടെ
ദളങ്ങളിലെത്തി തപമിരിക്കും

ശൃംഗാരരാഗങ്ങളൊരുപാടു മൂളി ഞാൻ
അവളുമായാനന്ദ നൃത്തമാടും
(മൂത്തേടം)

പാർവ്വതി പരിണയം ( കവിത)

പാര്‍വ്വതീ പരിണയം
**************(മൂത്തേടം)

വിശ്വത്തിനാധാരരൂപന്‍ പ്രഭാകരന്‍
പൂര്‍വ്വാംബരത്തിലുദിച്ചു സുശോഭയില്‍
പാരാകെ പൂക്കള്‍ വിരിച്ചുകാക്കുന്നിതാ
മാംഗല്യമേടയ്ക്കലങ്കാരമെന്നപോല്‍.
പക്ഷികളൊക്കെ കളകൂജനങ്ങളാല്‍
മംഗളഗാനങ്ങള്‍ പാടിനടക്കുന്നു.
ദേവന്മാര്‍ ദ്യോവിലായ് വന്നുനിരക്കുന്നു
ആശിസ്സു നല്‍കുവാനുത്സാഹപൂര്‍ണ്ണരായ്
പ്രേമത്തിനുത്തമസാക്ഷിയാം ഗൗരിതന്‍
പുഞ്ചിരി പാരിനു ശ്രീയായ് വിളങ്ങുന്നു.
നാഗേന്ദ്രധാരി വരുന്നുണ്ടു, കൂടെയോ
വിഷ്ണുവും വേധാവുമുണ്ടു പാര്‍ശ്വസ്ഥരായ്
പാരാകെ ഘോഷംമുഴക്കിത്തിരിയുന്നു
ഭൂതഗണങ്ങളുമാമോദചിത്തരായ്.
കോമളരൂപിണി, കായാമ്പൂവര്‍ണ്ണിനി
കല്മഷനാശിനി, നാരായണീദേവി,
നവവധൂലാവണ്യമോടെ വന്നീടവേ
കുരവയിട്ടീടുന്നു കാനനനാരികള്‍
മയിലുകളാനന്ദനൃത്തമാടീടുന്നു
കുയിലുകള്‍  മാംഗല്യമന്ത്രമോതീടുന്നൂ...
കാട്ടാനക്കൂട്ടം പനിനീരു വീശുന്നു
കാട്ടുരാജാക്കളോ സ്വാഗതമോതുന്നു.
പാരാകെയാനന്ദക്കുളിരണിഞ്ഞീടുന്നു
വാനമോ പനിമഴ മെല്ലേ പൊഴിക്കുന്നു.
ചിത്തംനിറഞ്ഞവരാനന്ദതുന്ദിലര്‍
''ജയജയശങ്കര''ഘോഷം മുഴക്കുന്നു.
അവനിക്കു നോവാത്ത പാദചലനമായ്
അവനീധരസുത മന്ദം ഗമിക്കുന്നു.
കാഞ്ചനവര്‍ണ്ണത്തനുവില്‍ മരവുരി
മാന്‍മിഴിയാളവള്‍ ത്രൈലോക്യസുന്ദരി !
ചെമ്പനീര്‍പ്പൂക്കളും നാണിച്ചുപോയിടും
ചെഞ്ചുണ്ടു മെല്ലേ വിടര്‍ത്തി ഹസിച്ചവള്‍ !
തുമ്പപ്പൂ തുല്യമാം ദന്തനിര കാണ്‍കേ
ഛായാപതിമുഖം തെല്ലു കനത്തുവോ!
ശതകോടിസൂര്യപ്രഭപോലും മങ്ങിടും
രത്നം പതിച്ചു തിളങ്ങുന്നു മൂക്കത്തി,
പൊന്നിൻനിറമാര്‍ന്ന നാസികത്തുമ്പിലും
'ശ്രീ'യിന്‍ മുഖശ്രീയിരട്ടിയാക്കീടുവാന്‍.
പനിമതിയില്ലാത്ത രാവിന്‍നിറമാര്‍ന്നൊ-
രിടതൂര്‍ന്ന ഘനശോഭ കേശഭാരത്തിലും
കാണ്‍കേ, കുനിഞ്ഞ ശിരസ്സുമായ് നില്ക്കുന്നു
ഉര്‍വ്വശി,മേനക,രംഭ,തിലോത്തമ.
ഭസ്മാംഗരാഗന്‍, പരംപുരുഷോത്തമന്‍
പാറോട്ടിദേവിയെ തിരുമണംചെയ്യുവാന്‍
മേടയിലേറിയിരുന്നതു കാണ്‍കയാല്‍
പാദപദ്മങ്ങളോ ചിത്രമെഴുതുന്നു.
മംഗല്യസൂത്രം ഭവന്‍ കൈയിലേന്തവേ
മാമലപുത്രിയോ നാണിച്ചുനില്ക്കുന്നൂ
ദുന്ദുഭിനാദം മുഴങ്ങിയുച്ചത്തിലായ്
ഗന്ധര്‍വഗായകര്‍ വീണ മീട്ടീടുന്നു.
അരുണന്‍ രഥവേഗം തെല്ലുകുറയ്ക്കുന്നു
നിശ്ചലരായ് നിന്നു പക്ഷിമൃഗാദികള്‍
ശൈലേശപുത്രിക്കു മാംഗല്യനാളല്ലോ
ശങ്കരീശങ്കരരൊന്നാവും നാളല്ലോ
മനവും ശരീരവും തുല്യം പകുത്തൊരാ
അര്‍ദ്ധനാരീശ്വരദേവനെ കുമ്പിടാം.
ദ്വൈതങ്ങളല്ലാ പുരുഷപ്രകൃതികള്‍
ശക്തിസ്വരൂപമാം ദേവിയെ കുമ്പിടാം.
കൂടുമ്പോളിമ്പം തുളുമ്പുന്ന വീടുകള്‍
അര്‍ദ്ധനാരീശ്വരക്ഷേത്രങ്ങളല്ലയോ!.
ശങ്കരീശങ്കരര്‍ വാഴും ഗൃഹങ്ങളില്‍
വാണിയും ലക്ഷ്മിയും വന്നുവസിക്കുന്നു
പുലരട്ടെയോരോ സനാതനഗേഹവും
അര്‍ദ്ധനാരീശ്വരമന്ദിരമെന്നപോല്‍ !
മൂത്തേടം

ഞാൻ ഭാരതം ( കവിത)

ഞാന്‍ ഭാരതം
****************
പറഞ്ഞുവന്നതൊക്കെ സത്യമെന്നറിഞ്ഞുവെങ്കിലും
ഭയന്നിടുന്നു ഞാന്‍ ശിരസ്സുയര്‍ത്തിനിന്നു പോരിടാന്‍
ഉയര്‍ന്നിരുന്നു പണ്ടുവാനിലെൻ്റെ വീരശബ്ദവും
നഭസ്സിതില്‍ക്കഴിഞ്ഞുപോയ നല്ലനാളുമോര്‍മ്മയില്‍

ഉയര്‍ന്നുവന്ന സൂര്യനായ് കതിർച്ചൊരിഞ്ഞ നാളുകള്‍
അധര്‍മ്മമെന്നു ഹൃത്തുറച്ച കർമ്മരോധനത്തിനായ്
ചൊരിഞ്ഞിരുന്നു ശക്തമായ രശ്മികള്‍ നിരന്തരം
തളര്‍ന്നുപോയിയീ നിറഞ്ഞ സന്ധ്യയില്‍ മറഞ്ഞിടാന്‍

വിരിച്ച മാറു കാട്ടിനിന്നുറച്ചുനിന്നു പോരിടാന്‍
കുതിച്ചുയര്‍ന്ന ശത്രുശക്തിയൊക്കെ തച്ചുടച്ചിടാന്‍
ജയിച്ചു വീരനെന്നു പേരുകേട്ട വീര്യമൊക്കെയും
തളര്‍ന്നിടുന്നു എന്റെ, ചിന്തയുള്‍വലിഞ്ഞ നാളിതില്‍

നിറഞ്ഞിരുന്നു എന്റെയുള്ളിലമ്മയെന്ന ഭാവവും
പകര്‍ന്നിരുന്നു ഞാനിതെന്നും വിദ്യയീ ധരിത്രിയില്‍
നളന്ദയെന്ന പേരുകേട്ട സര്‍വ്വകാലവൈഭവം
കൊതിച്ചിരുന്നു ലോകമാകെയങ്ങുയര്‍ന്ന ശോഭയെ.

തടഞ്ഞതില്ലൊരിക്കലും കടന്നുവന്ന ചിന്തകള്‍
നിറഞ്ഞ ഹര്‍ഷമോടെയെന്റെ നെഞ്ചിനോടു ചേര്‍ത്തു ഞാന്‍
ഭയന്നിടുന്നു, ഇന്നു ഞാന്‍ വിരുന്നുവന്ന  ചിന്തകള്‍
ചൊരിഞ്ഞ പാപപീഡനങ്ങളെന്നു ഞാന്‍ മറന്നിടും

വിരുന്നുവന്ന ചിന്തയാണു ധര്‍മ്മമെന്നുറച്ചവര്‍
സ്വധര്‍മ്മചിന്തയെ മറന്നു, ചെയ്തിടുന്ന കൂത്തുകള്‍.
തകര്‍ക്കയാണുയര്‍ന്നുനിന്ന ധന്യയായ  ഭൂമിയെ
മറന്നിടില്ലൊരിക്കലും ക്ഷമിച്ചിടുന്നു ഇന്നു ഞാന്‍.

ജ്വലിച്ചിടുന്നുവങ്ങു ദൂരെ, ദീപമൊന്നു കാണ്‍കയായ്
സ്വധര്‍മ്മമാണു ജീവനെന്നുറച്ച നവ്യചിന്തകര്‍
മറഞ്ഞിടുന്നു, എന്റെ ഹൃത്തുറഞ്ഞ ദുഃഖഭാവവും
തെളിഞ്ഞിടുന്നു എന്‍മുഖം ശുഭപ്രതീക്ഷയോടെയും....
മൂത്തേടം

സീതയോട് ( കവിത)

സീതയോട് (അഥവാ) രാമന്റെ ദുഃഖം
***********************************
ആരുമറിയാതെയെന്മനക്കോട്ടയിൽ
അന്തഃപ്പുരമൊന്നൊരുക്കിവെച്ചു
അംബരം പൊൻനിറം തൂകുന്ന വേളയിൽ
ആരുമറിയാതെ കൂട്ടുകൂടാൻ

അംബരമംബരം തൂകുമീ വേളയിൽ
അബുജലോചനേ നിന്നെത്തഴുകിടും
അംബരനാഥന്റെ പൊൻകിരണങ്ങളും
അബുജേ നിന്നുടൽ കാന്തിയോടൊക്കുമോ!

ആയിരം ജന്മസുകൃതത്താലല്ലയോ
ആരോമലേ നീയെൻ സ്വന്തമായ്ത്തീർന്നതും
അന്തണരാവണൻ നിന്നെ കവർന്നപ്പോൾ
ആയുധശക്തിയാൽ നിന്നെ ഞാൻ വീണ്ടതും

ആയിരമായിരം കേൾവിയെ തീർക്കുവാൻ
അഗ്നിപരീക്ഷയിൽ വഹ്നിയെ വെന്നി നീ!
ആരോ പറഞ്ഞ പൊഴിയതു കേട്ടു ഞാൻ
അടവിതൻ മദ്ധ്യേ, നിന്നെക്കളഞ്ഞതും

അശ്വമേധത്തിന്നായ് കാഞ്ചനരൂപത്തിൽ
അംബികേ നിന്നുടൽ വീണ്ടും വരിച്ചതും.
അടവിതൻ മദ്ധ്യേ, നിന്നെക്കളഞ്ഞ ഞാൻ
ആശ്രമവാസിയായ് നീയെന്നറിഞ്ഞതും

അഗ്നിപരീക്ഷണം വീണ്ടുമൊരുക്കി ഞാൻ
ആര്യേ, നിനക്കായെൻ കൈകൾ വിരിച്ചതും
അഗ്നിയെ വെന്നിയും, എന്നെ കടന്നും നീ
അമ്മയാം ഭൂമിയെത്തന്നെ വരിച്ചില്ലേ?

അരചന്റെ ആചാരനിഷ്ഠകളൊക്കേ...
ആര്യേ, നിനക്കന്നേ അറിവുള്ളതല്ലേ?
ആയിരമായിരം വർഷങ്ങൾ താണ്ടിയും
അവനിയിലിന്നും പഴിയെനിക്കല്ലോ!
(മൂത്തേടം ).

പ്രണയമേ ( കവിത)

പ്രണയമേ!
***********
കാഞ്ചനവർണ്ണമാം വാനത്തിനോരത്തായ്
കണ്ണിമചിമ്മുന്ന താരകമേ!

മണ്ണിൽ വിരിഞ്ഞൊരീ ചെമ്പകപ്പൂവിൻ്റെ
ലാവണ്യം കണ്ടു മയങ്ങിയോ നീ?

പൊൻനിറമാർന്നൊരാ ബാലസൂര്യൻതൻ്റെ
കന്ദളം ചെമ്പകമായ് വിരിഞ്ഞോ?

പൊന്നുഷസന്ധ്യയിൽ നാണം കുണുങ്ങുന്ന
പാരിജാതപ്പൂവിൻ ശോണിമയിൽ

തെല്ലും മയങ്ങാതെ, രാഗം പകരുവാൻ
ഈ രമ്യം തന്നെ നിനക്കു വേണോ?

കാലങ്ങളേറെയായ് നട്ടുനനച്ചൊരെൻ
പ്രേമപ്പൂവാടിയിൻ റാണിയവൾ

ഓരിതൾ രണ്ടിതൾ മെല്ലെ വിരിയുമ്പോൾ
നെഞ്ചിനകത്തായൊരിണ്ടൽപോലെ

മന്ദസമീരനവളെ തഴുകുമ്പോൾ,
ആ മേനിയെങ്ങാനും നൊന്തിടുമോ?

താരാട്ടു പാടുന്ന മർമരഗീതങ്ങൾ
നിദ്രയ്ക്കു ഭംഗം വരുത്തിടുമോ?

പൗർണമി തൂകുന്ന ചന്ദ്രികയേല്ക്കവേ
ആ മുഖമെങ്ങാനും വാടിടുമോ?

മാരിവിൽമേഘങ്ങൾ ചാറ്റൽ മഴയായാൽ
വേപഥുപൂണ്ടു തളർന്നിടുമോ?

ഭൂലോകസൗന്ദര്യമാകെ സ്വരൂപിച്ചാ
നിത്യസുഭഗ ഹസിച്ചിടുമ്പോൾ

വിണ്ടലകന്യകളാസ്യം കുനിക്കുന്നു
അത്ഭുതസൂനത്തെ കാൺമതിന്നായ്

കാളമളിഞാനടുക്കുന്ന നേരത്താ-
യെന്തേയവൾമുഖം ശ്യാമളമായ്

എൻനിഴൽവീണു മറഞ്ഞതിനാലാണോ
എൻഹലം ദുഃഖമായ് മാറിയതോ

ദൂരേയായ് പാറുന്ന വർണ്ണപതംഗത്തെ
നോക്കിയവൾ തൂകും പുഞ്ചിരിയും

ആസ്യത്തില്ലാസ്യം പകരും മിഴികളാൽ
ലാവണ്യപൂർണ്ണിമയെത്തി നോക്കേ

വർണ്ണച്ചിറകുകൾ വീശിയടുത്തിടും
ചിത്രപതംഗവുമെത്ര ചിത്രം

ഞാൻ മൂളും രാഗത്തിൻ  പ്രേമസങ്കല്പ്പങ്ങൾ
എന്തേ, പ്രിയതമ കാണുന്നില്ല.

കാർവർണ്ണമൊത്തൊരെൻ ദേഹത്തിനുള്ളിലെ
ദേഹിതൻ ദേഹിയുമീസൂനമേ.

എന്തേ മറുക്കുന്നു കരിവണ്ടാമെന്നെ
പ്രാണൻ്റെ പ്രാണനായ് കാത്തിടാം ഞാൻ

അവളിലലിയുവാൻ യോഗ്യനല്ല ഞാ-
നെങ്കിൽ മടങ്ങിടുന്നഗ്നിയാവാൻ

വീണ്ടുമൊരായിരം ജന്മമെടുക്കും ഞാൻ
രമ്യമെനിക്കുള്ളതാകുമെങ്കിൽ.
മൂത്തേടം

പ്രതീക്ഷ( കവിത)

പ്രതീക്ഷ
**********
നിരന്തരം ചലിച്ചിടും മനസ്സതിൻ്റെ പാതയിൽ
ക്ഷണിച്ചുവന്നതല്ലയിന്നു നോവുദിച്ച സന്ധ്യയും
കറുത്തിരുണ്ട വാനിലായുദിച്ചുനിന്ന താരകം
കൊഴിഞ്ഞിടുന്ന ജീവിതത്തെനോക്കി പുഞ്ചിരിക്കയോ?

കൊതിച്ചിടുന്നതൊക്കെയും ലഭിച്ചിടുന്നതെങ്കിലോ,
പ്രതീക്ഷയെന്ന വാക്കുപോലുമന്യമായി മാറിടും
സുവർണ്ണമായ ജീവിതം ലഭിച്ചിടും ചിലർക്കഹോ!
ജനിച്ചതേ പിഴച്ചതെന്നുറച്ചിടുന്നി ജീവനും

ഹസിച്ചിരുന്ന ചെമ്പകം മുഖം കനത്തു നില്ക്കവേ
പിടഞ്ഞിടുന്നു മാനസം കരയ്ക്കടിഞ്ഞ മത്സ്യമായ്
മനം നിറഞ്ഞ നോവുകൾക്കു കാവ്യ ഛായയാകിലോ?
മൊഴിഞ്ഞിടുന്ന വാക്കുകൾക്കു രക്തവർണ്ണ ശോഭയോ?

മനം നിറഞ്ഞ രാഗമിന്നകന്നിടുന്ന നേരവും
സമർത്ഥമായി ഹൃത്തിലായ് മറയ്ച്ചിടുന്നതുണ്ടു ഞാൻ
വിറച്ചിടുന്നനെഞ്ചിലുള്ളയാലിലയ്ക്കു മോക്ഷമായ്
വരുന്നതെന്നു പാശമോടെ മൃത്യുവെന്ന ദേവനും

ജ്വലിച്ചിടുന്ന സൂര്യനും മറഞ്ഞിടുന്നതാഴിയിൽ
ക്ഷിതിക്കുമേലെ പന്തലിക്കുമന്ധതയ്ക്കു വെന്നിടാൻ
സുനാമിയെന്നപോലെയങ്ങുയർന്നിടുന്ന നോവിലും
പ്രതീക്ഷയെന്ന തോണിയിൽച്ചരിച്ചിടുന്നു ജീവിതം.
മൂത്തേടം

????? ( കവിത)


?????????
**********
സ്വയം വെറുപ്പു തോന്നിടുമ്പൊഴെന്തിനായി
വാഴണം
പിരിഞ്ഞിടുന്നതല്ലയോ നിനക്കു നന്മയെപ്പൊഴും
മനസ്സിലേറ്റിവച്ചിരുന്ന രാഗചിന്തയെന്നപോ-
ലിതായിരുട്ടുവീണിടുന്നു സൂര്യയാത്രപാതിയിൽ.

മറന്നിടുന്നതുത്തമം പ്രപഞ്ചനീതിയെന്നപോൽ
തനിക്കുവേണ്ടിമാത്രമായിയൊന്നുമില്ലറിഞ്ഞിടാം
നിനയ്പ്പതൊക്കെ സാധ്യമെങ്കിലെന്തിനായി ജീവിതം
കറുത്തിരുണ്ട ഭൂമിയിൽക്കൊഴിഞ്ഞിടുന്നതിക്ഷണം

മനസ്സിനുള്ളിലാകെ പൊൻവെളിച്ചമേകുമിന്ദുവും
കറുത്തവാവുപോലെനിന്നു മന്ദമായ് ചിരിക്കയോ?
ഹസിച്ചിരുന്ന ചെമ്പകം മുഖം തിരിച്ചു നില്ക്കവേ-
യറിഞ്ഞിടുന്നു ഞാനിതെൻ്റെ കർമ്മദോഷമെന്നതേ.

മുളയ്ക്കുമുമ്പു നുള്ളിടേണ്ടതാണു രാഗഭാവവും
പ്രകാശപൂർണ്ണ ചിന്തകൾക്കതന്ത്യമായിടുന്നതാൽ
തെളിഞ്ഞഹൃത്തിലന്നുകണ്ട സുന്ദരങ്ങളൊക്കെയും
തകർന്നുവീണിടുന്നവേള,യെന്നുഞാൻ മറന്നിടാൻ

അകന്നുനിന്നു കാണണം പവിത്രവിഗ്രഹങ്ങളെ
പ്രതീക്ഷയെന്നതൊക്കെയും തകർന്നിടാതിരിക്കണം
ജനിച്ചതേ, ക്ഷിതിക്കുമേലെ ഭാരമായി മാറുവാൻ
അറിഞ്ഞിരുന്ന നേരമന്ത്യദേവനെ സ്മരിക്കണം

മൂത്തേടം