പാര്‍വ്വതീ പരിണയം
**************(മൂത്തേടം)
വിശ്വത്തിനാധാരരൂപന്‍ പ്രഭാകരന്‍
പൂര്‍വ്വാംബരത്തിലുദിച്ചു സുശോഭയില്‍
പാരാകെ പൂക്കള്‍ വിരിച്ചുകാക്കുന്നിതാ
മാംഗല്യമേടയ്ക്കലങ്കാരമെന്നപോല്‍.
പക്ഷികളൊക്കെ കളകൂജനങ്ങളാല്‍
മംഗളഗാനങ്ങള്‍ പാടിനടക്കുന്നു.
ദേവന്മാര്‍ ദ്യോവിലായ് വന്നുനിരക്കുന്നു
ആശിസ്സു നല്‍കുവാനുത്സാഹപൂര്‍ണ്ണരായ്
പ്രേമത്തിനുത്തമസാക്ഷിയാം ഗൗരിതന്‍
പുഞ്ചിരി പാരിനു ശ്രീയായ് വിളങ്ങുന്നു.
നാഗേന്ദ്രധാരി വരുന്നുണ്ടു, കൂടെയോ
വിഷ്ണുവും വേധാവുമുണ്ടു പാര്‍ശ്വസ്ഥരായ്
പാരാകെ ഘോഷംമുഴക്കിത്തിരിയുന്നു
ഭൂതഗണങ്ങളുമാമോദചിത്തരായ്.
കോമളരൂപിണി, കായാമ്പൂവര്‍ണ്ണിനി
കല്മഷനാശിനി, നാരായണീദേവി,
നവവധൂലാവണ്യമോടെ വന്നീടവേ
കുരവയിട്ടീടുന്നു കാനനനാരികള്‍
മയിലുകളാനന്ദനൃത്തമാടീടുന്നു
കുയിലുകള്‍ മാംഗല്യമന്ത്രമോതീടുന്നൂ...
കാട്ടാനക്കൂട്ടം പനിനീരു വീശുന്നു
കാട്ടുരാജാക്കളോ സ്വാഗതമോതുന്നു.
പാരാകെയാനന്ദക്കുളിരണിഞ്ഞീടുന്നു
വാനമോ പനിമഴ മെല്ലേ പൊഴിക്കുന്നു.
ചിത്തംനിറഞ്ഞവരാനന്ദതുന്ദിലര്‍
''ജയജയശങ്കര''ഘോഷം മുഴക്കുന്നു.
അവനിക്കു നോവാത്ത പാദചലനമായ്
അവനീധരസുത മന്ദം ഗമിക്കുന്നു.
കാഞ്ചനവര്‍ണ്ണത്തനുവില്‍ മരവുരി
മാന്‍മിഴിയാളവള്‍ ത്രൈലോക്യസുന്ദരി !
ചെമ്പനീര്‍പ്പൂക്കളും നാണിച്ചുപോയിടും
ചെഞ്ചുണ്ടു മെല്ലേ വിടര്‍ത്തി ഹസിച്ചവള്‍ !
തുമ്പപ്പൂ തുല്യമാം ദന്തനിര കാണ്‍കേ
ഛായാപതിമുഖം തെല്ലു കനത്തുവോ!
ശതകോടിസൂര്യപ്രഭപോലും മങ്ങിടും
രത്നം പതിച്ചു തിളങ്ങുന്നു മൂക്കത്തി,
പൊന്നിൻനിറമാര്‍ന്ന നാസികത്തുമ്പിലും
'ശ്രീ'യിന്‍ മുഖശ്രീയിരട്ടിയാക്കീടുവാന്‍.
പനിമതിയില്ലാത്ത രാവിന്‍നിറമാര്‍ന്നൊ-
രിടതൂര്‍ന്ന ഘനശോഭ കേശഭാരത്തിലും
കാണ്‍കേ, കുനിഞ്ഞ ശിരസ്സുമായ് നില്ക്കുന്നു
ഉര്‍വ്വശി,മേനക,രംഭ,തിലോത്തമ.
ഭസ്മാംഗരാഗന്‍, പരംപുരുഷോത്തമന്‍
പാറോട്ടിദേവിയെ തിരുമണംചെയ്യുവാന്‍
മേടയിലേറിയിരുന്നതു കാണ്‍കയാല്‍
പാദപദ്മങ്ങളോ ചിത്രമെഴുതുന്നു.
മംഗല്യസൂത്രം ഭവന്‍ കൈയിലേന്തവേ
മാമലപുത്രിയോ നാണിച്ചുനില്ക്കുന്നൂ
ദുന്ദുഭിനാദം മുഴങ്ങിയുച്ചത്തിലായ്
ഗന്ധര്‍വഗായകര്‍ വീണ മീട്ടീടുന്നു.
അരുണന്‍ രഥവേഗം തെല്ലുകുറയ്ക്കുന്നു
നിശ്ചലരായ് നിന്നു പക്ഷിമൃഗാദികള്‍
ശൈലേശപുത്രിക്കു മാംഗല്യനാളല്ലോ
ശങ്കരീശങ്കരരൊന്നാവും നാളല്ലോ
മനവും ശരീരവും തുല്യം പകുത്തൊരാ
അര്‍ദ്ധനാരീശ്വരദേവനെ കുമ്പിടാം.
ദ്വൈതങ്ങളല്ലാ പുരുഷപ്രകൃതികള്‍
ശക്തിസ്വരൂപമാം ദേവിയെ കുമ്പിടാം.
കൂടുമ്പോളിമ്പം തുളുമ്പുന്ന വീടുകള്‍
അര്‍ദ്ധനാരീശ്വരക്ഷേത്രങ്ങളല്ലയോ!.
ശങ്കരീശങ്കരര്‍ വാഴും ഗൃഹങ്ങളില്‍
വാണിയും ലക്ഷ്മിയും വന്നുവസിക്കുന്നു
പുലരട്ടെയോരോ സനാതനഗേഹവും
അര്‍ദ്ധനാരീശ്വരമന്ദിരമെന്നപോല്‍ !
മൂത്തേടം
No comments:
Post a Comment