Monday, December 31, 2018

സ്ത്രീ ( കവിത)

സ്ത്രീ
********
അമൃതമാകുമീ പ്രണയരൂപത്തിൽ
നഞ്ചുചേർക്കവേ അടിപതറിടും

പ്രിയമൊഴുകിടും അരുവിപോലവേ
പ്രേയസിമനം ഗമിച്ചിടും കാലം
പ്രിയനവനൊരു പുതിയ  പൂവിനെ
പ്രിയമോടങ്ങു നെഞ്ചിലേറ്റിയാൽ

കുതിച്ചുപാഞ്ഞിടും കരാളരുപമായ്
പ്രണയരൂപത്തിൽ മരണചിന്തകൾ
കുതിച്ചുപാഞ്ഞിടും മുന്നിലേക്കവൾ
മരണസാഗരം സ്വന്തമാക്കിടാൻ

തന്നെവേണ്ടെങ്കിൽ തനിക്കും വേണ്ടെന്ന്
ഉറച്ചമനമോടെ തിരിഞ്ഞു നില്ക്കണം
അബലയല്ലയെന്നറിക നീയെന്നും
അവനിവാഴുവാൻ ശക്തയായവൾ

സൃഷ്ടിയും നീ, സ്ഥിതിയും നീയല്ലോ!
സംഹരമൂർത്തി ദുർഗ്ഗയും നീയേ
അമൃതരുത്തിടും അംബയും നീയേ
അറിവരുത്തിടും വാണിയും നീയേ

ത്രേതത്തിലെ സീതയായതും
ദ്വാപരത്തിലോ  കൃഷ്ണയായതും
സംഘകാലത്തെ കണ്ണകീ രൂപം
അമൃതരൂപിണി ലളിതയും നീയേ

മാതൃഭാവത്തിൽ അംബിക നീയേ
സ്ഥിതിഭാവത്തിൽ ലക്ഷമിയും നീയേ
പ്രണയഭാവത്തിൽ രതീദേവിക്കൊപ്പം
സംഹരത്തിലോ ദുർഗ്ഗയും നീയേ

വിവിധഭാവത്തിലുലകുകാത്തിടും
സ്ത്രീ സ്വരുപമേ നമസ്കരിക്കുന്നു
പാദപത്മങ്ങൾ  മനസ്സാൽ തൊട്ടുഞാൻ
ഇദയകോവിലിൽ പ്രതിഷ്ഠിച്ചീടട്ടേ.
(മൂത്തേടം ) 16_08_2016

No comments:

Post a Comment