Monday, December 31, 2018

കാതലി ( കവിത)

കാതലി
*******
കാലം തികയാതെ കാലൻ വിളിക്കുന്നു
കാലന്റെ വരവിനായ്കാക്കുമീ നേരത്ത്
കാരണമെന്തെന്നറിയാതെൻ മാനസം
കാതലൊരുക്കിയ നോവിനാൽ  പിടയുന്നു

കാതലീ കാതര,യെൻ മനോമോഹിനി
കാലാതിവർത്തിയാമിതിഹാസരൂപിണി
കണ്ണന്റെ രാധയായ് എന്നോ പിറന്നവൾ
കാലം മാറയ്ക്കാത്ത സ്നേഹസ്വരൂപിണി

കാരണംകൂടാതൊരുനാൾ പിരിയുമ്പോൾ
കരളിനകത്തൊരു നെരിപ്പോടെരിയുന്നു
കാലന്റെ പാശമതെന്നെ പുണരവേ
കാലനെ ജയിച്ചിടും സാവിത്രിയാണോ നീ

കാലം വരിച്ചു ഞാൻ നിന്നെപ്പിരിഞ്ഞാലും
കാതരേ, യെന്നെകരുതി, കാലം കളയല്ലേ
കാലത്തെ താണ്ടുവാൻ കൂട്ടായൊരുത്തനെ
കരളിന്റെ കരളായി കൂടെനീ കൂട്ടണം

കാലത്തിൻ നിയതിയാൽ നിന്നെപ്പിരിയുന്നു
കാലം പറയുന്നു പുനർജന്മമുണ്ടെന്ന്
കാലത്തിൻ  വാക്കുകളുണ്മയെന്നാകിലോ!
കാതലീ നീയെനിക്കമ്മയായ് മാറണം.
(മൂത്തേടം )

No comments:

Post a Comment