നഷ്ടപ്രണയം
****************
നഷ്ടമായെങ്കിലും ഇഷ്ടമാണോമലേ!
നിൻ മിഴിയോരത്തെ പ്രണയാർദ്രവീചികൾ
കഷ്ടമാണെങ്കിലും ഇഷ്ടമാണോമലേ!
കരളിൽ നീ വിടർത്തിയ പ്രണയാർദ്രനോവുകൾ
കാലത്തിനപ്പുറം പൂവായ് വിടരുമാ-
രാഗത്തിൻ വിത്തുകൾ നീ വിതച്ചില്ലയോ
കാലം പറയാത്തൊരാ കഥകളെല്ലാമെൻ
രാഗാർദ്രമാനസം കവിതയായ് പേറുന്നു
അന്നെനിക്കേകിയ പ്രണയസന്ദേശങ്ങൾ
കാലത്തിൻ നോവുകൾ മായ്ച്ചതില്ലിന്നുമേ
ആരുമറിയാതെയിന്നും ഞാൻ കാക്കുന്നു
കാലാതിവർത്തിയായ് നിൻ പ്രണയകാവ്യങ്ങളേ
വിശ്വം വിളങ്ങുമാ പ്രണയകവ്യങ്ങളിൽ
നായകഭാവമായ് ഞാനൊരുങ്ങീടവേ
വിശ്വത്തിൻ സൗന്ദര്യമാകെ സ്വരൂപിച്ചു
നായികാഭാവത്തിൽ നീയിരുന്നീലയോ
വിധിയുടെ ക്രൂരമാം കളിയരങ്ങിലെ
കളിവിളക്കിൻ തിരിയാളിപടർന്നതും
വഹ്നിയിൻനാളങ്ങൾ നമ്മെപൊതിഞ്ഞതും
കൈവിട്ടുപോയൊരാ പ്രണയസ്വപ്നങ്ങളും
ഇന്നുമെന്നോർമ്മയിൽ നന്നായ് തെളിയുന്നു
കാലം കടന്നൊരീ ജീവിതസന്ധ്യയിൽ
ഇനിയൊരുജന്മമുണ്ടാകയെങ്കിലോയീ
കണ്ണന്റെ രാധയായ് നീ പിറന്നീടേണം
( മൂത്തേടം )
No comments:
Post a Comment