Saturday, December 29, 2018

പാപി ഞാൻ( കവിത)


പുതുമയായൊരു പുഞ്ചിരിതൂകിയെൻ
പ്രണയവല്ലരി പൂത്തു തുടങ്ങവേ
മരണചിന്ത മനസ്സിലുയർന്നിടാൻ
കരണകാരണമെങ്ങനെ ചൊല്ലുവോം

കവിതയെന്നൊരു സുന്ദരഗാത്രിയെൻ
കരളിനുള്ളിലെ ചെമ്പകസൂനമായ്
രതിനിറഞ്ഞൊരു ഹാസമുതിർത്തിടേ
മമമനം തുടികൊട്ടിയുണർന്നതേ

പ്രതിഭയെന്നൊരു മർക്കടബുദ്ധിയെൻ
ഹൃദയവണ്ടിനെ തൊട്ടുവിളിക്കവേ
അതിരസം പകരും രതിയെന്നപോൽ
ലളിതഭാവനയെന്നെ മയക്കിയോ?

ധവളശോഭിതമാകുമൊരംബുജേ
നടുവിലായൊരു വീണയുമായവൾ
നയനമോഹിനിയായരുളീടവേ
ചപലമോഹമതെന്നിലുണർന്നതേ

അമൃതവർഷിണിയായൊരു ദേവിയാൽ
ക്ഷണികമായൊരു കാമമുണർന്നതോ?
നരകജീവിതമിന്നൊരു ദണ്ഡമായ്
കവിതയിക്ഷണമെന്നെയകറ്റുവാൻ

പുലരിസന്ധ്യയിലാകെ കറുത്തിതാ
ഹൃദയഭാരമുയർത്തുകയാണിവൻ
കഠിനമായൊരു മാരിയിലീദിനം
മരണശിക്ഷ വിധിച്ചിടുമന്തകൻ
(മൂത്തേടം)

No comments:

Post a Comment