നല്ല കരിവണ്ടു പാറുന്നു കാണുക
ചെമ്പകമൊന്നു വിരിഞ്ഞതുണ്ടേ
വാനിലായംശുമാൻ കൺതുറന്നിടവേ
ഭൂമിയിൽ രമ്യമിതൾവിരിച്ചൂ.
കൂടുവിട്ടുനൊന്നു ഞാൻ കൂടുമാറട്ടേയോ
ചെമ്പകസൂനത്തെയുമ്മവെക്കാൻ
ആ തിരുചുണ്ടിലെയീറനാം തേൻകണ-
മെൻ ചുണ്ടിൽ ചിത്രം വരച്ചിടട്ടേ!
കാലത്തുണരുന്ന ശൈശവസൂര്യൻ്റെ
ഛായ പതിഞ്ഞുവോ നിൻമേനിയിൽ?
നിൻമേനി നൊന്തുവോ? അംശുപരക്കയാൽ
വാടാതിരിക്കുവാനെന്തു ചെയ്യും
പത്രം വിടർത്തി ഞാൻ ഛത്രം ചമയ്ക്കട്ടെ
പ്രാണൻ്റെ പ്രാണനെ കാത്തിടാനായ്
പ്രേമമെന്നുള്ളൊരാ രണ്ടക്ഷരങ്ങളാ-
ലെന്നുള്ളിൽ നോവായ് പടരുക നീ
കണ്ണൻ്റെ രാധ മുഖം കുനിച്ചീടുന്നു
കാളിന്ദിതീരം നീ ധന്യമാക്കേ
രംഭ,തിലോത്തമയുർവശിമാരെല്ലാ-
മാസ്യം കുനിച്ചു മടങ്ങിടുന്നു
ലാവണ്യദേവത മാമലപുത്രിയും
നിന്നെക്കൊതിച്ചിടും ചാരുനേത്രേ!
മാനത്തെ മാരിവിൽ വർണ്ണങ്ങളെല്ലാമേ
നിൻമുന്നിൽ മങ്ങിമറഞ്ഞിടുന്നൂ
പെയ്യാൻ മടിക്കുന്നു മാരിമേഘങ്ങളും
നിൻമേനി നോവല്ലേയെന്നോർത്തുതാൻ
നിന്നിതൾതുമ്പിലെ ഹേമകണമിന്നു
ഹേമകിരണമുതിർത്തീടവേ
രാകേന്ദുവത്ഭുതഭാവമണിയുന്നു
തൻരശ്മിക്കിത്രയും ശോഭയുണ്ടോ?
മുഗ്ദലാവണ്യമേ ഞാനറിഞ്ഞില്ലിന്നും
മോഹിക്കാൻ യോഗ്യനല്ലെന്ന സത്യം
ചിത്രം വിചിത്രമെന്നിദയത്തുടിപ്പുക
ളെന്നുള്ളിലെന്നുമൊതുങ്ങിടട്ടേ
ആരുമേ കേൾക്കാതെ രാഗപ്രതീക്ഷതൻ
വേണുനാദങ്ങളുയർത്തിടട്ടേ.
(മൂത്തേടം)
No comments:
Post a Comment