Monday, December 31, 2018

ഇതെങ്കിലും പറയണ്ടേ ( കവിത)

ഇതെങ്കിലും പറയണ്ടേ?
***********************
അരചർക്കറിയാമോ ഹൃത്തടം പിടയുമ്പോൾ
രക്തപുഷ്പാഞ്ജലിയായക്ഷരസംഘാതങ്ങൾ
കവിതൻ ഗർഭത്തിങ്കൽ വിരിയും സുമങ്ങളിൻ
പിറപ്പേ,തവിർക്കുവാൻ കഴിയില്ലൊരു കാലം

നാകാനുഭൂതികളെ വരിയായ് പകരുവോൻ
നരകയാതനയെയുള്ളത്തിൽ പേറീടുന്നു
നരനായ് നാരായണൻ ഭൂമിയിൽ പിറന്നാലും
നീരജഭാവമോടെത്തെളിയും നരാധമർ

വിധിയെന്നുരയ്ക്കുന്നോർ പിതൃഭാവങ്ങളായി
വിണ്ടലം കൊണ്ടുപോലും പത്തായം നിറയ്ക്കുവോർ
വിടൻമാരായിമാറുന്നിടയഗേഹങ്ങളിൽ
വിധിയെ തടയുവാനരുതാ നാരീജനം

കറുത്ത തുണിയൊന്നാൽ മിഴികൾ മൂടിക്കെട്ടി
കണ്ണുകൾത്തെരിയാത്ത കുരുടിപ്പെണ്ണാളവൾ
കറുത്തഗ്രന്ഥക്കെട്ടെ ചുമന്നു നടക്കുന്നോർ
കറുപ്പേ വെളുപ്പാക്കിത്തെളിയുന്നവളിടം

ഈച്ചര ദല്ലാളന്മാരിച്ചീച്ചി നീട്ടും നേരം
ഈടറവറിയാതെ ശിരസ്സു കുനിക്കുന്നോ!
ഈറം ചുമക്കാനായ് ഗർദ്ദഭങ്ങളല്ല നമ്മൾ
ഈറ്റുപുലിപോലെ മുന്നോട്ടു കുതിക്കേണ്ടേ?

ഇനിയുമെന്തു ചൊല്ലാൻ, അറിയും സഹൃദയാ!
ഇടനെഞ്ചിലിടയ്ക്കിടെയിടിവെട്ടിടുന്നില്ലേ?
ഈ മണ്ണിൽ മറച്ചുള്ള ക്ഷത്രിയ ഭാവങ്ങളെ
ഇനിയും തിരയാതെ സ്വസ്ഥമായുറങ്ങുന്നോ?
(മൂത്തേടം)
നീരജം= കഴുനായ,
ഇച്ചീച്ചി, ഈറം= മലം
ഈടറവ്= അഭിമാനക്ഷതം

No comments:

Post a Comment