ഞാന്‍ ഭാരതം
****************
പറഞ്ഞുവന്നതൊക്കെ സത്യമെന്നറിഞ്ഞുവെങ്കിലും
ഭയന്നിടുന്നു ഞാന്‍ ശിരസ്സുയര്‍ത്തിനിന്നു പോരിടാന്‍
ഉയര്‍ന്നിരുന്നു പണ്ടുവാനിലെൻ്റെ വീരശബ്ദവും
നഭസ്സിതില്‍ക്കഴിഞ്ഞുപോയ നല്ലനാളുമോര്‍മ്മയില്‍
ഉയര്‍ന്നുവന്ന സൂര്യനായ് കതിർച്ചൊരിഞ്ഞ നാളുകള്‍
അധര്‍മ്മമെന്നു ഹൃത്തുറച്ച കർമ്മരോധനത്തിനായ്
ചൊരിഞ്ഞിരുന്നു ശക്തമായ രശ്മികള്‍ നിരന്തരം
തളര്‍ന്നുപോയിയീ നിറഞ്ഞ സന്ധ്യയില്‍ മറഞ്ഞിടാന്‍
വിരിച്ച മാറു കാട്ടിനിന്നുറച്ചുനിന്നു പോരിടാന്‍
കുതിച്ചുയര്‍ന്ന ശത്രുശക്തിയൊക്കെ തച്ചുടച്ചിടാന്‍
ജയിച്ചു വീരനെന്നു പേരുകേട്ട വീര്യമൊക്കെയും
തളര്‍ന്നിടുന്നു എന്റെ, ചിന്തയുള്‍വലിഞ്ഞ നാളിതില്‍
നിറഞ്ഞിരുന്നു എന്റെയുള്ളിലമ്മയെന്ന ഭാവവും
പകര്‍ന്നിരുന്നു ഞാനിതെന്നും വിദ്യയീ ധരിത്രിയില്‍
നളന്ദയെന്ന പേരുകേട്ട സര്‍വ്വകാലവൈഭവം
കൊതിച്ചിരുന്നു ലോകമാകെയങ്ങുയര്‍ന്ന ശോഭയെ.
തടഞ്ഞതില്ലൊരിക്കലും കടന്നുവന്ന ചിന്തകള്‍
നിറഞ്ഞ ഹര്‍ഷമോടെയെന്റെ നെഞ്ചിനോടു ചേര്‍ത്തു ഞാന്‍
ഭയന്നിടുന്നു, ഇന്നു ഞാന്‍ വിരുന്നുവന്ന ചിന്തകള്‍
ചൊരിഞ്ഞ പാപപീഡനങ്ങളെന്നു ഞാന്‍ മറന്നിടും
വിരുന്നുവന്ന ചിന്തയാണു ധര്‍മ്മമെന്നുറച്ചവര്‍
സ്വധര്‍മ്മചിന്തയെ മറന്നു, ചെയ്തിടുന്ന കൂത്തുകള്‍.
തകര്‍ക്കയാണുയര്‍ന്നുനിന്ന ധന്യയായ ഭൂമിയെ
മറന്നിടില്ലൊരിക്കലും ക്ഷമിച്ചിടുന്നു ഇന്നു ഞാന്‍.
ജ്വലിച്ചിടുന്നുവങ്ങു ദൂരെ, ദീപമൊന്നു കാണ്‍കയായ്
സ്വധര്‍മ്മമാണു ജീവനെന്നുറച്ച നവ്യചിന്തകര്‍
മറഞ്ഞിടുന്നു, എന്റെ ഹൃത്തുറഞ്ഞ ദുഃഖഭാവവും
തെളിഞ്ഞിടുന്നു എന്‍മുഖം ശുഭപ്രതീക്ഷയോടെയും....
മൂത്തേടം
No comments:
Post a Comment