കവി
*****
രാഗലോലനാം പാട്ടുകാരനിൻ
മോഹവാടിയിൽ പൂത്തചെമ്പകം
പൊന്നുഷസ്സുപോൽ വർണ്ണമാർന്നവൾ
ദു:ഖഹാരിയായ് വന്നുനില്ക്കവേ
ഹൃത്തടത്തിലായ് മന്ദിരംകെട്ടി
ഇഷ്ടദേവിയായ് പൂജചെയ്യവേ
മന്ത്രമോതിടും മന്ദമാരുതൻ
തെല്ലിടയ്ക്കുള്ളിൽ പിൻതിരിഞ്ഞുവോ?
നെഞ്ചകത്തിലെയാലിലയ്ക്കിന്നു-
ത്തെല്ലുവാട്ടവും വന്നുചേർന്നുവോ?
പൂർണ്ണനല്ലഞാനെന്നിരിക്കിലും
പൂർണ്ണമാകുമെൻ രാഗനോവുകൾ
നിൻപദങ്ങളിൽ വീണുറങ്ങവേ
തട്ടിമാറ്റിയോ നിൻ്റെ മാനസം
മാത്രയൊന്നുമേ നൊന്തതില്ലയോ?
ചൊല്ലിടേണമേ കാവ്യസുന്ദരി!
ദേഹമിന്നു ഞാൻ വഹ്നിദേവനായ്
കാഴ്ച്ചവെച്ചിടാം പുഞ്ചിരിക്കു, നീ
എന്നിരിക്കിലും ദേഹിയെന്നുമേ
ചേവടികൾക്കു മെത്തയായിടും
(മൂത്തേടം)
No comments:
Post a Comment