Monday, December 31, 2018

രാപ്പൂ( കവിത)

രാപ്പൂ.....
*********
രാത്രി വിരിയുന്ന ചെമ്പകപ്പൂക്കളിൽ
ചിത്രപതംഗങ്ങൾ പാറുകില്ല
കരിവണ്ടുപാറിയടുത്തിടും നേരത്ത്
പൂവിന്റെ മിഴികളീറനാവും

കൊതിയുണ്ട് പൂവിന് പകലോനെകാണുവാൻ
ചിത്രപതംഗങ്ങളുമ്മവെക്കാൻ
ഉള്ളിലൊരായിരം മോഹമുയരുമ്പോൾ
കണ്ണുകളിറുകേയടച്ചിടുന്നു.

രാവിന്നിരുളിൽ മറഞ്ഞുനിന്നീടുന്ന
രാത്രിചരന്മാരവൾക്കു കാവൽ
ഇരുളിന്റെ മേലാപ്പുമൂടിപുതപ്പിച്ചു
ഒളിപകരാതവർ കാത്തിടുന്നു

ഇരുളുപുതപ്പിച്ചിറക്കുന്നു ഭൂമിയിൽ
പകലോന്റെ നേർവെട്ടം തെളിയും നേരം
കദനങ്ങൾതൻകഥ പറയുന്നു കണ്ണുകൾ
പരൽമീൻ പിടയ്ക്കുന്ന കണ്ണിമകൾ

മറ്റുള്ളപൂക്കളെ കാണുന്ന നേരത്ത്
ഉള്ളിലുയരുന്ന നൊമ്പരങ്ങൾ
വെളിയിൽ പറയുവാനാകതെ തടയുന്നു
ലംഘിക്കാനാകാത്ത  ദൈവശാസ്ത്രം
മൂത്തേടം

No comments:

Post a Comment