ഞാൻ
*******
കിഴക്കിൻ്റെ വാനിൽ പ്രഭാതം വിരിഞ്ഞോ?
ചെമക്കുന്നോ, ധരിത്രിക്കു തുണ്ഡം തെളിഞ്ഞോ?
പ്രസൂനങ്ങളെല്ലാം വിടർന്നങ്ങുനിന്നോ?
പറക്കുന്നതില്ലേ പതംഗങ്ങളെല്ലാം?
പ്രപഞ്ചത്തിനാകെ പ്രകാശം പരത്താൻ
തെളിഞ്ഞുള്ള ഭാവം, എനിക്കുള്ളതല്ല
പിറക്കുന്ന നേരത്തിരുട്ടിൻ്റെ ദീപം
തെളിച്ചല്ലെ ദേവൻ പറഞ്ഞെന്നെവിട്ടു
കടുത്തുള്ളവാക്കെ ശ്രവിക്കേണ്ടതില്ല
ചെവിക്കല്ലുരണ്ടും തകർത്തല്ലെ വിട്ടു
വിധാതാവു കാരുണ്യവാനെന്നറിഞ്ഞും
മനസ്സാൽ തൊഴുന്നേൻ തൃപാദാംബുജങ്ങൾ
ഹ! രാഷ്ട്രീയമെന്നുള്ള പോരിൻ്റെ മാർഗ്ഗം
ജനത്രിക്കു ദു:ഖം കൊടുക്കുന്ന നേരം
അറിഞ്ഞെന്നു ഞാനും നടിക്കാതിരിക്കാം
നയത്തോടെയെന്നാലുയിർവാഴ്ന്നുപോകാം
ഇരുട്ടിൻ്റെ വക്താക്കളാകുന്ന മാർഗ്ഗം
വരത്തൻ്റെയാണെന്നറിഞ്ഞുള്ള നേരം
തിളയ്ക്കുന്നതില്ലെൻ്റെ കീലാലമൊട്ടും
ശവംപോലെയായാലുയിർപ്പിച്ചകിട്ടും
തിരഞ്ഞില്ല ഞാനും, കഴിഞ്ഞുള്ള കാലം
പ്രഭാപൂർണമായുള്ള ഭൂതത്തെയിന്നും
അറിഞ്ഞും, അറിഞ്ഞില്ലയെന്നുള്ള ഭാവം
നടിക്കുന്നയെന്നെപ്പഴിക്കേണ്ടതുണ്ടോ?
ഉദിക്കുന്നു ഭൂവിൽ, നഭസ്സിൻ പ്രകാശം
'സു' വാദർശ്ശഹാരം ഗളത്തിങ്കലിട്ടോർ
തനിക്കുള്ളതെല്ലാം സമാജത്തിനാക്കി-
ത്തപസ്സിൻ്റെ മാർഗ്ഗേച്ചരിക്കുന്ന വീരർ
നിറയ്ക്കാമവർതന്റെ പന്ഥാവിലെല്ലാം
മനസ്സിൻ്റെയുള്ളിൽ നിറഞ്ഞുള്ള മോദം
പദംവച്ചുനീങ്ങേയവർപാതനീളേ
മനസ്സോടെ ഞാനും മലർമെത്തയാകും
മൂത്തേടം
No comments:
Post a Comment