Monday, December 31, 2018

കാവ്യപ്രയോജനം( കവിത)

കാവ്യപ്രയോജനം
*****************
വരും വരും പ്രതീക്ഷയോടെ കാത്തിടുന്ന ഹൃത്തിലായ്
പ്രപഞ്ചപഞ്ചചാമരം വിരിച്ചിടേണമംബികേ
ജ്വലിച്ചിടേണമെന്നുമെൻ്റെ നെഞ്ചകത്തിനുള്ളിലായ്
ശുഭപ്രതീക്ഷയേകിടുന്ന പാദതാരകങ്ങളും

സ്വതന്ത്രമായ ചിന്തകൾക്കു മാർഗ്ഗദർശ്ശമേകി നീ
തെളിച്ചിടുന്ന വീഥികൾക്കു പൊൻവെളിച്ചമേകുവാൻ
തെളിഞ്ഞിടേണമെൻ്റെയുള്ളിൽ ദിവ്യനവ്യശക്തിയായ്
ശിവാത്മജേ! ഒഴുക്കമോടെ വാഗ്വിലാസമായി നീ

വിടർന്നിടുന്ന രമ്യമായ് സുഗന്ധവും പകർന്നിടാൻ
രസങ്ങളൊക്കെ സൂനമായ് വിരിഞ്ഞിടേണമെന്നിലായ്
പതംഗജാലമെന്നപോലെ വേഷഭൂഷണങ്ങളായ്
രതിത്വഭാവമെന്നുമെന്നുമംഗിയായി മാറണം

യശസ്സുയർന്നു നിന്നിടേണമെന്നുമീ ക്ഷിതിക്കുമേൽ
സമർത്ഥമായിയർത്ഥപൂർണ്ണ ജീവിതം ലഭിക്കണം.
കവിക്കുമാത്രമല്ലനല്ലിരുപ്പിടം ധരിത്രിയിൽ-
ക്കൊടുത്തിടേണമാസനം നടിച്ച പാത്രജീവനും

ശിവേതരക്ഷയേകണം പഠിച്ചിടുന്ന ഹൃത്തിനായ്
പരീക്ഷകൾക്കു മുന്നിലായ് ശിരസ്സുയർത്തി നിന്നിടാൻ
കടുത്ത വാതരോഗമങ്ങു മാറുവാൻ ഋഷീശ്വരൻ
ഝഷത്തെ തൊട്ടുകൂട്ടിയിട്ടു ലഭ്യമാക്കി മോചനം

വിവേകപൂർണ്ണമാകണം പദങ്ങളൊത്തു ചേരുവാൻ
ഗുണങ്ങളിൽ പ്രസിദ്ധമായതൊക്കെയും നിറഞ്ഞിടാൻ
ശിവം നിറഞ്ഞ വാക്കിനാൽ ശമം തെളിഞ്ഞു നില്ക്കണം
പതിക്കു നന്മയോതിടുന്ന വാമഭാഗമെന്നപോൽ

പ്രപഞ്ചനായികക്കു കാവ്യപൂജയൊന്നു ചെയ്തിടാൻ
നഭസ്സിലായ് തെളിഞ്ഞിടുന്ന താരകങ്ങളെന്നപോൽ
ഉദിച്ചിടേണമെൻ്റെയുള്ളിലക്ഷരങ്ങളെന്നുമേ
രചിച്ചിടുന്ന പദ്യമാകെ കാവ്യമായി മാറണം.
(മൂത്തേടം)

No comments:

Post a Comment