Monday, December 31, 2018

ധിക്കാര രാമായണം ( കവിത)

ധിക്കാര രാമായണം
********************
ചത്ത മനസ്സിന്റെയുള്ളിൽ വിരിയുമോ?
ചെമ്പകംപോലുള്ള കാവ്യസൂനം
നിത്യവും മൃത്യുവെ പ്രീതനാക്കീടുമ്പോൾ
കാവ്യാങ്കണത്തിൽ ചിതയെരിയും

ആദിമഹാകവി പാടിയ കാവ്യത്തിൽ
ധിക്കാരമല്ലേ തെളിഞ്ഞു കാൺമൂ
ധിക്കാരം, ധിക്കാരം, ധിക്കാരം മാത്രമേ
രാമകഥയിൽ നിറഞ്ഞു നില്പ്പ്പൂ

വീര്യജനച്ഛനെ ധിക്കരിച്ചീട്ടന്നു
ആരണ്യയാത്രക്കു കോപ്പുകൂട്ടി
കാര്യം പറയുമ്പോളച്ഛന്റെ സത്യത്തെ
പാലിക്കാനെന്നു കളവുമോതി

ജാനകിയായവൾ ധിക്കാരം കൊണ്ടെത്രേ
ലക്കണരേഖ കടന്നുചെന്നു
മാരീചവാക്കുകൾ ധിക്കരിച്ചല്ലയോ
രാവണൻ സീതയെ കട്ടോണ്ടു പോയ്

ജ്യേഷ്ഠനാം ബാലിതൻ വാക്കു കേട്ടിട്ടാണോ
സുഗ്രീവൻ വാതിലടച്ചു പോന്നു
ഒളിയമ്പാൽ കൊന്നതു ധർമ്മധിക്കാര-
മല്ലെന്നു ചൊല്ലുവാനായിടുമോ?

ധിക്കാരംകൊണ്ടുതൻ പക്ഷം കരിഞ്ഞൊരു
സമ്പാതി തന്നുടെ വാക്കുകേട്ടു
ലങ്കക്കു ചാടിയ സുന്ദരൻ മർക്കടൻ
ലങ്കാപതിമുന്നിൽ ധിക്കാരിയായ്

ധിക്കാരമേറും നിശാചരവീരർകൾ
വാലറ്റമഗ്നികൊളുത്തി വിട്ടു
ധിക്കാരമേറിയ കുട്ടിക്കുരങ്ങപ്പോൾ
ലങ്കയെ മൊത്തമെരിച്ചു വിട്ടു

കാലമധികമായ് വൈകാതെ രാഘവൻ
ധിക്കാരിപാശിക്കു പാഠം ചൊല്ലി
ആഴികടന്നു ദശരഥനന്ദനൻ
ലങ്കേശൻതന്റെ തലയറുത്തു

ധിക്കാരിയായി പിരിഞ്ഞു വന്നുള്ളോനാം
രാവണസോദരൻ രാജാവായി
ധിക്കാരി വഹ്നി തിരിച്ചു കൊടുത്തതാൽ
രാമനും സീതയെ കൂട്ടിപ്പോന്നു.

ചൊല്ലുവാനേറെയുണ്ടിനിയുമെന്നുള്ളിലായ്
രാമായണത്തിലെ ധിക്കാരങ്ങൾ
ഉത്തരരാമായണത്തിൽ നിറയുന്നു
ധിക്കാരക്കഥകളിനിയുമേറേ.
(മൂത്തേടം)

No comments:

Post a Comment