Monday, December 31, 2018

പ്രണവം ( കവിത)

പ്രണവം
*************
ഇന്നുഞാനെഴുതുന്നില്ല പ്രിയേ
നിന്നെക്കുറിച്ചൊരു വാക്കുപോലും
ഉള്ളിന്റെയുള്ളിൽ തിരമാലപോലെ
പ്രണയസംഗീതമങ്ങലയടിക്കേ!

കരിനീലമിഴിയോരത്തു വിരിയുമാ
രാഗത്തെക്കുറിച്ചെന്തെഴുതാൻ
തൊണ്ടിപഴംപോലും നാണിച്ചു പോയിടും
ചുണ്ടിന്റെ മാധുര്യം ഞാൻ നുകരേ!

ഇന്ദുവുണരാ,യാമത്തെ പോലെനിൻ
കാർക്കുന്തൽ കെട്ടങ്ങഴിഞ്ഞുവീഴേ
നന്നായി പാടിപഠിച്ചൊരാ പാട്ടുകൾ
പാടാൻ കഴിയാതെ ഞാൻ മൂകനാകേ!

പ്രണയാർദ്രമാം നിൻമൊഴിമുത്തുകൾ
സപ്തസ്വരങ്ങളായ് മാറിടവേ
പതിനാറായിരത്തെട്ടു രാഗങ്ങളു- പ്രണവസംഗീതമായ് മാറിടുന്നു.

സന്ധ്യതൻ ശോണിമ ചാലിച്ചെഴുതിയ
നിന്നുടൽശോഭയെൻ കൺകുളിർക്കേ
ഹിമശൈലപുത്രിയെന്നുള്ളിൽ നിനച്ചിതാ
അഞ്ജലീബദ്ധനായ് നിന്നിടുന്നു.
( മൂത്തേടം ) .

No comments:

Post a Comment