Saturday, December 29, 2018

കാലം (കവിത)

കാലം കഴിഞ്ഞിട്ടും വേകാതിരുന്നെന്നാൽ
കാലണപോലും മതിക്കില്ലിന്നാരുമേ...
കാലം നടക്കുമ്പോൾ മുന്നേനടക്കേണം
കാലസവിധത്തിലൊന്നാമനാവണം

കാലം കഴിഞ്ഞിട്ടും കാണാതിരുന്നെന്നാൽ
കാലനെത്തേടിനാമങ്ങോട്ടണയേണം
കാലം കഴിയുമ്പോൾ കാതൽ ദ്രവിച്ചിടേ
കാലത്തിനഗ്നിയിൽ ഹവിസ്സായ്ത്തീരണം

കാലം പറയും  കഥകളിലെന്നുമേ
കാലത്തിൻ  നായകനായി നീ,മാറണം
കാലം മറയ്ക്കാതെ നിൻ ചിതി,യോർക്കുവാൻ
കാലാതിവർത്തിയാം  കർമ്മങ്ങൾ ചെയ്യേണം

കാലത്തിൻ  കാരുണ്യം തേടിയലയല്ലേ
കാലത്തെ നിന്നോടു ചേർത്തുപിടിച്ചീടൂ...
കാലനും നിന്നിടം ശിരസ്സുനമിച്ചിടും
കാലത്തിനൊപ്പം തലയുയർത്തീടവേ

കാലചക്രാധിപൻ പൈശുനനാകുന്നു
കാലമധികമായ് നല്കില്ലവനെന്നും
'കാല'ത്തെ കർമ്മമായ് നിന്നോടു ചേർക്കുക
കാലം നിൻകാമിനിയാകട്ടെയെന്നുമേ...
(മൂത്തേടം)

No comments:

Post a Comment