വിധി
***********
എത്രനാളിതുപോലെ കാത്തുകാത്തിരിക്കണം
എത്രയോ ഋതുക്കളും കൺമുന്നിൽ മറഞ്ഞില്ലേ
വിറക്കുംകരങ്ങളേ നിന്മുന്നിൽ നീട്ടിക്കൊണ്ട്
മരണദേവാ നിന്നെ കാത്തുഞാനിരിക്കുന്നു
മാതാവിനുദരത്തിൽ കഴിഞ്ഞ കാലങ്ങളെ
മാറ്റാരോ പറഞ്ഞൊരു അറിവുമാത്രമുള്ളിൽ
മാതാവിൻ മടിയിലായ് അമുതം ഭുജിച്ചതും
മറ്റാരോ പറഞ്ഞതും ഓർമ്മയിലിരിക്കുന്നു
ബാല്യവും കൌമാരവും താണ്ടി ഞാൻ വളരവേ
മാതാവിൻ നെഞ്ചകത്തെയാലില വിറച്ചില്ലേ
പുത്രനെന്നുയർച്ചക്കായ് സ്വയമായെരിയവേ
മാതാവിൻ മുഖശ്രീയോ "വൈരം" പോൽ തിളങ്ങീലേ
നവപ്രതീക്ഷകളെൻ ഹൃത്തിങ്കൽ വിരിയവേ
മനസ്വിനിയൊരുവൾ കൂട്ടായികൂടെക്കൂടി
പുതിയജീവിതത്തിൻ വഴിയിലെവിടെയോ
മാതാവിൻ കരങ്ങളെ വിട്ടുഞാൻ വിലകീല്ലേ
കാലങ്ങൾ കഴിയവേ സുതനും പിറന്നില്ലേ
ഹൃത്തിലോ പുതിയതാം വർണ്ണങ്ങൾ വിതറിയും
കിഴക്കുവിരിയുന്ന അരുണ ശോഭയ്ക്കൊപ്പം
ഹൃത്തിലോ വിടരുന്നു മോഹത്തിൻ പ്രതീക്ഷകൾ
കാലങ്ങൾ കഴിയവേ മോഹങ്ങൾ വളർന്നേപോയ്
തനിക്കുതാനും പിന്നെ പുരയ്ക്കു തൂണും മാത്രം
എന്നതും മറന്നുപോയ് മോഹങ്ങൾ ജ്വലിക്കവേ
കാലങ്ങൾ തിരിയുന്നു വെറുക്കപ്പെടുന്നോനായ്
ഇന്നിതാ മരണത്തിൻ ദേവനെ കാത്തുഞാനീ
കടയിൻ തിണ്ണമേലേ ഒതുങ്ങിക്കഴിയുന്നു
കൊഴിഞ്ഞ ജീവിതത്തിൻ വഴിയിലെവിടെയോ
കൈവിട്ടൊരു അമ്മതൻ കൈകളെ തിരയുന്നു
അകലെ ആകാശത്ത്, ദക്ഷിണമംബ രത്തിൽ
കൈകളെ രണ്ടും നീട്ടി എന്നെക്കാത്തിരിക്കുന്നു
അമ്മതൻ വാത്സല്യത്തെ വീണ്ടും നുകരാനായ്
മരണദേവാനാം നിൻ അടിമലർ തൊഴുന്നേൻ
( മൂത്തേടം )
No comments:
Post a Comment