കഴിഞ്ഞകാലദു:ഖമൊക്കെ മാറ്റിവച്ച ഭാനുമാൻ
നഭസ്സിലായി വന്നുദിച്ചു; നവ്യമായ ചിന്തയാൽ
നിറഞ്ഞുനിന്ന വേദനയ്ക്കു ബിന്ദുവൊന്നുവച്ചു നാം
നിവർന്നുനിന്നുയർത്തിടേണ്ടെ കർമ്മഭൂമിയമ്മയെ.
ഇയർക്കയെന്നൊരംബയെപ്പിഴിഞ്ഞെടുത്ത മക്കളെ-
ത്തവിക്കവിട്ടൊരല്പനേരമംബചൊല്ലി പാഠവും
പഠിച്ചിടേണ്ടെ നമ്മളായ് തിരുത്തിടേണ്ടതല്ലയോ?
ജ്വലിച്ചിടേണ്ടെ നമ്മളിന്നു, പാരിനൊക്കെ ദീപമായ്?
പവിത്രമായ പമ്പയിൽക്കുതിച്ചുയർന്ന വെള്ളവും
നിരന്നുനിന്ന സഹ്യസാനുമണ്ഡലം വെടിച്ചതും
കറുത്തുനിന്ന വാനമന്നു പേപിടിച്ചുപെയ്തതും
മറന്നു, മൂഢരാകയോ ധരിത്രിയിൽ ചരിച്ചിടേ.
നശിച്ചുപോകവേണ്ടിയുള്ള രാജതന്ത്രഭാഷയാൽ
മറന്നുവച്ചുപോകയാണു നമ്മളന്നുറച്ചതും
മനസ്സിലുള്ള ഭോഗഭാവമിന്നുയർന്നുനില്ക്കയാൽ
പരസ്പരം പറഞ്ഞിടുന്ന മ്ലേച്ഛമായ വാക്കുകൾ.
പ്രപഞ്ചശക്തികൾക്കുനേരെ ഗോഷ്ടിയാൽ മദിക്കയും
പുളിച്ചുതേട്ടിടുന്ന വാക്കുരച്ചുനിന്നു, മോതിയും
തികഞ്ഞ ബുദ്ധിശാലിയെന്നുറച്ചുനിന്ന മക്കളേ;
സ്വയം കൃതഘ്നരാകയോ, സ്വയം കൃതാന്തരാകയോ?
(മൂത്തേടം)
No comments:
Post a Comment