Monday, December 31, 2018

ആരു നീ ( കവിത)

ആരു നീ
*********
ചെമ്പനീർസൂനമേ നിൻമൃദുമേനിയിൽ
ചുംബനം ഞാനൊന്നു നല്കിടട്ടേ?

ഗീതഗോവിന്ദത്തിൽ നായികാഭാവത്തിൽ
രാധയെന്നുള്ളൊരാ സുന്ദരിയെ !

മാറോടു ചേർത്തുപിടിച്ചൊരാ കണ്ണൻ്റെ
കള്ളക്കുസൃതികൾ കാട്ടിടട്ടേ?

കാർവർണ്ണൻ വേണുവാൽ രാഗമോതീടേ നിൻ-
മാറിടം മെല്ലെ ത്രസിച്ചതില്ലേ?

ചെന്തളിർമേനിയിൽ മന്ദസമീരനായ്
ഗോവിന്ദൻകൈത്തലം മേയുംനേരം

കോരിത്തരിച്ചിടും ഗോപീതനുപോലെ
വേപഥു പൂണ്ടങ്ങു നില്ക്കയാണോ?

വാനിലായ് ചന്ദ്രിക പുഞ്ചിരി തൂകവേ
കാമാർത്തയാകുമാ ഭൂമിയെപ്പോൽ

തൊണ്ടിപ്പഴത്തിനും നാണമേകുന്ന നിൻ-
ചെഞ്ചുണ്ടു രണ്ടുമേ ഈറനായി.

കാളിന്ദീതീരത്തു കണ്ണനെക്കാത്തൊരു
നിത്യസുഭഗയാം രാധയോ നീ?

സാരംഗം മീട്ടീട്ടവനെ പ്രണയിച്ച
നിത്യതപസ്വിയാം മീരയോ നീ?

ആരുനീയാരുനീയാരുനീ ചൊല്ലുക
ഹൃത്തെത്തിരുടിയ സൂനമേ നീ?
മൂത്തേടം

No comments:

Post a Comment