Thursday, January 3, 2019

കലിയുഗ പാർത്ഥൻ( കവിത)

കലിയുഗ പാർത്ഥൻ
********************
പ്രപഞ്ചത്തിനാധാരരൂപേ മനോജ്ഞേ!
ശിവേ ശങ്കരീ! നിൻ്റെ പാദം തൊഴുന്നേൻ
ജ്വലിക്കേണമെന്നുള്ളിൽ ദീപം കണക്കേ
പ്രകാശം പരത്തി ധ്വനിക്കട്ടെ വാക്കും

നവോന്മേഷപൂർണ്ണം നഭസ്സിൻ്റെയാസ്യം
സുഗന്ധം പടർത്തിത്തലോടുന്നു കാറ്റും
ശ്രവിക്കാൻ കൊതിക്കും കിളിക്കൊഞ്ചലാലും
മനസ്സിൻ്റെയുള്ളിൽ പ്രസൂനം വിരിഞ്ഞു

ഉറക്കത്തിനാലസ്യഭാവം കളഞ്ഞി-
ട്ടുണർത്തട്ടെ ഞാനെൻ്റെ കണ്ണും മനസ്സും
കഴിഞ്ഞുള്ള കാലം മറക്കാതെ ഞാനീ
നടപ്പുള്ള കാലത്തെ കാവ്യം രചിക്കാം

ധനുർപ്പാഠമൊന്നും പഠിച്ചില്ലേ പാർത്ഥൻ
എടാകൂടമായിട്ടയക്കുന്നു ബാണം
വരത്തൻ്റെ ശാസ്ത്രം നയിക്കുന്ന നേരം
പവിത്രങ്ങളെന്തെന്നറിഞ്ഞില്ല പോലും

ഇരുട്ടിൻ്റെയാത്മാവു ചൊല്ലുന്ന ഗീതം
ശ്രവിച്ചിട്ടു നേടും ചതിക്കുന്ന മാർഗ്ഗം
കുരുക്ഷേത്രമാകെത്തിളയ്ക്കുന്ന ചോര-
പ്പുഴയ്ക്കുള്ള ശോണം കൊതിക്കുന്നു പാർത്ഥൻ.
മൂത്തേടം

Monday, December 31, 2018

വഴിതെറ്റിയ പെങ്ങൾക്കായി( കവിത)

വഴിതെറ്റിയ പെങ്ങള്‍ക്കായി
*****************************
പ്രണയം പരക്കുന്നു പാരില്‍ നിറയുന്നു
മാതൃത്വംപോലും വിറച്ചിടുന്നൂ.......
കേഴുന്നു മാതാവാ പുത്രിതന്‍ കാല്ക്കലായ്
പോകല്ലേ,പോകല്ലേയെന്‍മകളേ

''ശ്രുതി''ലയസംഗീതമായൊരു ഗേഹത്തില്‍
അപ''ശ്രുതി''യൊന്നങ്ങു വന്നിറങ്ങി.....
സംഗീതവൈരിയാ ''കാക്ക''തന്‍ വരവിനാല്‍
''ശ്രുതി'' മകളങ്ങു പൊലിഞ്ഞുപോയി

കാളകൂടവിഷമുള്ളില്‍ നിറച്ചവന്‍
കളിച്ചൊല്ലിയവളെ വളച്ചെടുത്തു
കള്ളപ്രണയത്തിന്‍ ലക്ഷ്യാര്‍ത്ഥമൊന്നും
കളിയായിപോലുമിന്നവളറിയാ.....

കോടതിമുറ്റത്തു കാലുപിടിച്ചമ്മ
പൊന്‍മകളോടന്നു കെഞ്ചിയില്ലേ.....
പോകല്ലേ,പോകല്ലേ യെന്‍ മകളേ
നീ,യമ്മയെ വിട്ടെങ്ങും പോയിടല്ലേ

പിഞ്ചിളം പല്ലുകള്‍ പൂക്കുന്നമുന്നയാ
അമ്മതന്‍ മാറിലെയമുതം  ഭുജിച്ചവള്‍
അമ്മതന്‍ മാറിലെയമൃതകുംഭങ്ങളില്‍
ആ കാലോണ്ടുതന്നെ ചവിട്ടിയില്ലേ

താഴത്തും വെക്കാതെ തലയിലും വെക്കാതെ
മാറോടുചേര്‍ത്തു വളര്‍ത്തിയച്ഛന്‍
ആ മാറിലെ ചൂടേറ്റുയര്‍ന്നവള്‍
ആ മാറില്‍തന്നെയിന്നാഞ്ഞടിച്ചു.....

അറിയില്ല പെണ്ണേ നിനക്കെന്തു നഷ്ടമെ-
ന്നറിയുവാന്‍ നിനക്കിന്നു ബോധമില്ലാ....
കാമന്റെ മാറിലെ രതിസുഖമറിയുവാന്‍
എന്തിനു പെണ്ണേ നീ സ്വയം നശിപ്പൂ......

രാജകുമാരിയായ് നിന്നെവളര്‍ത്തിയ
മാതാപിതാക്കളെ നീമറന്നൂ......
സ്വന്തമായ് ചിന്തിക്കാന്‍ നിന്നെനീയാക്കിയ
സംസ്കാരഗേഹവും നീയൊഴിഞ്ഞൂ.....

ഇനിയെത്രപേര്‍ക്കുനീ പങ്കുവെക്കപ്പെടും
അറിയില്ല പെണ്ണേ നിന്‍ഗതിയേ.......
സുരലോകമെന്നു നിനച്ചുനീ ചെന്നിടം
''അ''സുരലോകമെന്നു നീയറിയും കാലം

ഒരു രക്ഷക്കായ് നീ തേടിയലയുമ്പോള്‍
ഭയക്കേണ്ട പെണ്ണേ ഞങ്ങളുണ്ടിവിടെ
നിന്‍ പിടിവാശിക്കു മുന്നില്‍ തോറ്റെങ്കിലും
നിന്‍ സോദരര്‍ ഞങ്ങള്‍ കാത്തിരിക്കും..
മൂത്തേടം

ഉടലൊരു സർപ്പം ( കവിത)

ഉടലൊരു സര്‍പ്പം
*****************
വസന്തം വന്നു, കഥപറഞ്ഞ മാമരങ്ങളൊഴിയവേ
കാല്പനീക നാകഭൂവിലേദൻതോട്ടം കരിയവേ
ദുഃഖഭാവം തൃണസമാനമെന്നുറക്കെച്ചൊല്ലുവാൻ
നാകകന്യ പുണർന്നിടുന്ന പ്രപഞ്ചസത്യമീ തൃണം

ഒഴിഞ്ഞവയറിലെരിഞ്ഞുയരും യാഗതീയണയ്ക്കുവാൻ
രാത്രികാലശലഭമായി തെരുവുതോറും പറന്നവൾ
ഒളിപരത്തും ജീവനാഥൻ വാനിലങ്ങുയരവേ
പൊളിഭയന്നു ഭീതിയോടെ പുല്ലുക്കാട്ടിലൊളിച്ചിടും

വയറെരിയുമഗ്നിതാപമറിഞ്ഞിടാത്ത കൂട്ടരോ!
പിഴച്ചകന്യഭൃഷ്ടയെന്നോതി ശ്രീമുഖം തിരിച്ചിടും
ജ്വലിച്ചുയര്‍ന്ന മിത്രഭാവമാഴിയില്‍ മറയവേ
മുഖംമറച്ചു ഭൃഷ്ടയെ തേടിയവരെത്തിടും

പിറന്നപാപമുള്ളിലഗ്നി ലാവയായൊഴുകവേ
നിറഞ്ഞകണ്ണു തുടച്ചവളഗ്നിയ് ജ്വലിക്കവേ
വിലയ്ക്കെടുത്ത രാത്രിരജ്ജമാറിലവളിതാ
പിറന്നപടി സര്‍പ്പമായിഴഞ്ഞിടുന്നു കൂട്ടരേ...
മൂത്തേടം

മടങ്ങാ കരിവണ്ട് ( കവിത)

മടങ്ങാ, കരിവണ്ട്
***********************
സസ്യജാലങ്ങളില്‍ പൂക്കള്‍ വിരിച്ചിടും
വസന്തമിങ്ങെത്തി പെണ്ണേ?

ഉള്ളിന്റയുള്ളില്‍ നോവു പരത്തിടും
പ്രണയവുമെത്തി പെണ്ണേ?

പകലിന്‍നിലാവത്തു സ്വപ്നങ്ങള്‍ നെയ്യുന്ന
കാമുകനെത്തി പെണ്ണേ?

സൂര്യാംശു ദര്‍പ്പണമാക്കി, ചിരിക്കുന്ന
ഇന്ദുപോല്‍ നീയും പെണ്ണേ?

പൊന്നാമ്പല്‍ "ശ്രീ"യായി പുഞ്ചിരി തൂകേണ്ട
മുഖമെന്തേ വാടി പെണ്ണേ?

രാഗം നിറഞ്ഞുകവിയേണ്ട കണ്ണുകള്‍
നിറയുവതെന്തേ പെണ്ണേ?

പ്രണയത്തിന്‍ ശീലുകള്‍ പാടേണ്ട ചുണ്ടുകള്‍
വിതുമ്പുവതെന്തേ പെണ്ണേ?

നെഞ്ചില്‍ തുടിക്കേണ്ട പ്രണയമിടിപ്പുകൾ
കേള്‍ക്കാത്തതെന്തേ പെണ്ണേ?

പകലോനൊരുക്കിയ ശീതളച്ഛായയില്‍
"വെന്ത"വനെത്തി പെണ്ണേ?

കാര്‍മുകില്‍വര്‍ഷമായ് നിന്നിലലിയുവാൻ
അവനിങ്ങെത്തി പെണ്ണേ?

പ്രണയപ്പൂവാടിയിന്‍ റാണി നീ മല്ലികേ,
കരിവണ്ടേ മറുക്കയാണോ?

വര്‍ണ്ണപതംഗത്തെ കണ്ടുഭ്രമിച്ചോ? യീ
കരിവണ്ടു പിരികയാണേ?

ഒട്ടും പതറണ്ട നിന്‍സുഖം മാത്രമേ
ഈ കരിവണ്ടു മോഹിച്ചുള്ളൂ.

(മൂത്തേടം)

ധിക്കാര രാമായണം ( കവിത)

ധിക്കാര രാമായണം
********************
ചത്ത മനസ്സിന്റെയുള്ളിൽ വിരിയുമോ?
ചെമ്പകംപോലുള്ള കാവ്യസൂനം
നിത്യവും മൃത്യുവെ പ്രീതനാക്കീടുമ്പോൾ
കാവ്യാങ്കണത്തിൽ ചിതയെരിയും

ആദിമഹാകവി പാടിയ കാവ്യത്തിൽ
ധിക്കാരമല്ലേ തെളിഞ്ഞു കാൺമൂ
ധിക്കാരം, ധിക്കാരം, ധിക്കാരം മാത്രമേ
രാമകഥയിൽ നിറഞ്ഞു നില്പ്പ്പൂ

വീര്യജനച്ഛനെ ധിക്കരിച്ചീട്ടന്നു
ആരണ്യയാത്രക്കു കോപ്പുകൂട്ടി
കാര്യം പറയുമ്പോളച്ഛന്റെ സത്യത്തെ
പാലിക്കാനെന്നു കളവുമോതി

ജാനകിയായവൾ ധിക്കാരം കൊണ്ടെത്രേ
ലക്കണരേഖ കടന്നുചെന്നു
മാരീചവാക്കുകൾ ധിക്കരിച്ചല്ലയോ
രാവണൻ സീതയെ കട്ടോണ്ടു പോയ്

ജ്യേഷ്ഠനാം ബാലിതൻ വാക്കു കേട്ടിട്ടാണോ
സുഗ്രീവൻ വാതിലടച്ചു പോന്നു
ഒളിയമ്പാൽ കൊന്നതു ധർമ്മധിക്കാര-
മല്ലെന്നു ചൊല്ലുവാനായിടുമോ?

ധിക്കാരംകൊണ്ടുതൻ പക്ഷം കരിഞ്ഞൊരു
സമ്പാതി തന്നുടെ വാക്കുകേട്ടു
ലങ്കക്കു ചാടിയ സുന്ദരൻ മർക്കടൻ
ലങ്കാപതിമുന്നിൽ ധിക്കാരിയായ്

ധിക്കാരമേറും നിശാചരവീരർകൾ
വാലറ്റമഗ്നികൊളുത്തി വിട്ടു
ധിക്കാരമേറിയ കുട്ടിക്കുരങ്ങപ്പോൾ
ലങ്കയെ മൊത്തമെരിച്ചു വിട്ടു

കാലമധികമായ് വൈകാതെ രാഘവൻ
ധിക്കാരിപാശിക്കു പാഠം ചൊല്ലി
ആഴികടന്നു ദശരഥനന്ദനൻ
ലങ്കേശൻതന്റെ തലയറുത്തു

ധിക്കാരിയായി പിരിഞ്ഞു വന്നുള്ളോനാം
രാവണസോദരൻ രാജാവായി
ധിക്കാരി വഹ്നി തിരിച്ചു കൊടുത്തതാൽ
രാമനും സീതയെ കൂട്ടിപ്പോന്നു.

ചൊല്ലുവാനേറെയുണ്ടിനിയുമെന്നുള്ളിലായ്
രാമായണത്തിലെ ധിക്കാരങ്ങൾ
ഉത്തരരാമായണത്തിൽ നിറയുന്നു
ധിക്കാരക്കഥകളിനിയുമേറേ.
(മൂത്തേടം)

ഞാൻ (കവിത)

ഞാൻ
*******
കിഴക്കിൻ്റെ വാനിൽ പ്രഭാതം വിരിഞ്ഞോ?
ചെമക്കുന്നോ, ധരിത്രിക്കു തുണ്ഡം തെളിഞ്ഞോ?
പ്രസൂനങ്ങളെല്ലാം വിടർന്നങ്ങുനിന്നോ?
പറക്കുന്നതില്ലേ പതംഗങ്ങളെല്ലാം?

പ്രപഞ്ചത്തിനാകെ പ്രകാശം പരത്താൻ
തെളിഞ്ഞുള്ള ഭാവം, എനിക്കുള്ളതല്ല
പിറക്കുന്ന നേരത്തിരുട്ടിൻ്റെ ദീപം
തെളിച്ചല്ലെ ദേവൻ പറഞ്ഞെന്നെവിട്ടു

കടുത്തുള്ളവാക്കെ ശ്രവിക്കേണ്ടതില്ല
ചെവിക്കല്ലുരണ്ടും തകർത്തല്ലെ വിട്ടു
വിധാതാവു കാരുണ്യവാനെന്നറിഞ്ഞും
മനസ്സാൽ തൊഴുന്നേൻ തൃപാദാംബുജങ്ങൾ

ഹ! രാഷ്ട്രീയമെന്നുള്ള പോരിൻ്റെ മാർഗ്ഗം
ജനത്രിക്കു ദു:ഖം കൊടുക്കുന്ന നേരം
അറിഞ്ഞെന്നു ഞാനും നടിക്കാതിരിക്കാം
നയത്തോടെയെന്നാലുയിർവാഴ്ന്നുപോകാം

ഇരുട്ടിൻ്റെ വക്താക്കളാകുന്ന മാർഗ്ഗം
വരത്തൻ്റെയാണെന്നറിഞ്ഞുള്ള നേരം
തിളയ്ക്കുന്നതില്ലെൻ്റെ കീലാലമൊട്ടും
ശവംപോലെയായാലുയിർപ്പിച്ചകിട്ടും

തിരഞ്ഞില്ല ഞാനും, കഴിഞ്ഞുള്ള കാലം
പ്രഭാപൂർണമായുള്ള ഭൂതത്തെയിന്നും
അറിഞ്ഞും, അറിഞ്ഞില്ലയെന്നുള്ള ഭാവം
നടിക്കുന്നയെന്നെപ്പഴിക്കേണ്ടതുണ്ടോ?

ഉദിക്കുന്നു ഭൂവിൽ, നഭസ്സിൻ പ്രകാശം
'സു' വാദർശ്ശഹാരം ഗളത്തിങ്കലിട്ടോർ
തനിക്കുള്ളതെല്ലാം സമാജത്തിനാക്കി-
ത്തപസ്സിൻ്റെ മാർഗ്ഗേച്ചരിക്കുന്ന വീരർ

നിറയ്ക്കാമവർതന്റെ പന്ഥാവിലെല്ലാം
മനസ്സിൻ്റെയുള്ളിൽ നിറഞ്ഞുള്ള മോദം
പദംവച്ചുനീങ്ങേയവർപാതനീളേ
മനസ്സോടെ ഞാനും മലർമെത്തയാകും
മൂത്തേടം

പ്രണയം ( കവിത)

പ്രണയം....പ്രണയം....പ്രണയം
****************************
പ്രണയമല്ലാതെന്തുഞാനെഴുതുവാൻ
പ്രണയം ചുരത്തുമീ മനസ്സിനുടയോൻ
പ്രണയം വിരിയുമാ മലർവാടിതന്നിൽ
പ്രണയാതുരനായ്ഞാൻ പാടിനടക്കട്ടെ

പ്രപഞ്ചത്തിനാധാര രൂപമീപ്രണയമേ
പ്രായം നികത്തും കാലമീപ്രണയമേ
പ്രേയസിക്കേറ്റം പ്രിയവുമെൻപ്രണയമേ
പ്രാണനായവനിയിൽ നിറവതും പ്രണയമേ

പ്രണയം വിരിയുമാത്താമരപൊയ്കയിൽ
പ്രണയം മൂളിപറന്നിടാമൊരു ഭൃംഗമായ്
പ്രാണനെ പ്രാണനാൽ പ്രണയിക്കും നേരത്ത്
പ്രാണന്റെ പ്രാണനായ് കാത്തിടാം നിന്നെഞാൻ
(മൂത്തേടം ) 12-08=2016