Monday, December 31, 2018

ഇതെങ്കിലും പറയണ്ടേ ( കവിത)

ഇതെങ്കിലും പറയണ്ടേ?
***********************
അരചർക്കറിയാമോ ഹൃത്തടം പിടയുമ്പോൾ
രക്തപുഷ്പാഞ്ജലിയായക്ഷരസംഘാതങ്ങൾ
കവിതൻ ഗർഭത്തിങ്കൽ വിരിയും സുമങ്ങളിൻ
പിറപ്പേ,തവിർക്കുവാൻ കഴിയില്ലൊരു കാലം

നാകാനുഭൂതികളെ വരിയായ് പകരുവോൻ
നരകയാതനയെയുള്ളത്തിൽ പേറീടുന്നു
നരനായ് നാരായണൻ ഭൂമിയിൽ പിറന്നാലും
നീരജഭാവമോടെത്തെളിയും നരാധമർ

വിധിയെന്നുരയ്ക്കുന്നോർ പിതൃഭാവങ്ങളായി
വിണ്ടലം കൊണ്ടുപോലും പത്തായം നിറയ്ക്കുവോർ
വിടൻമാരായിമാറുന്നിടയഗേഹങ്ങളിൽ
വിധിയെ തടയുവാനരുതാ നാരീജനം

കറുത്ത തുണിയൊന്നാൽ മിഴികൾ മൂടിക്കെട്ടി
കണ്ണുകൾത്തെരിയാത്ത കുരുടിപ്പെണ്ണാളവൾ
കറുത്തഗ്രന്ഥക്കെട്ടെ ചുമന്നു നടക്കുന്നോർ
കറുപ്പേ വെളുപ്പാക്കിത്തെളിയുന്നവളിടം

ഈച്ചര ദല്ലാളന്മാരിച്ചീച്ചി നീട്ടും നേരം
ഈടറവറിയാതെ ശിരസ്സു കുനിക്കുന്നോ!
ഈറം ചുമക്കാനായ് ഗർദ്ദഭങ്ങളല്ല നമ്മൾ
ഈറ്റുപുലിപോലെ മുന്നോട്ടു കുതിക്കേണ്ടേ?

ഇനിയുമെന്തു ചൊല്ലാൻ, അറിയും സഹൃദയാ!
ഇടനെഞ്ചിലിടയ്ക്കിടെയിടിവെട്ടിടുന്നില്ലേ?
ഈ മണ്ണിൽ മറച്ചുള്ള ക്ഷത്രിയ ഭാവങ്ങളെ
ഇനിയും തിരയാതെ സ്വസ്ഥമായുറങ്ങുന്നോ?
(മൂത്തേടം)
നീരജം= കഴുനായ,
ഇച്ചീച്ചി, ഈറം= മലം
ഈടറവ്= അഭിമാനക്ഷതം

ആരു നീ ( കവിത)

ആരു നീ
*********
ചെമ്പനീർസൂനമേ നിൻമൃദുമേനിയിൽ
ചുംബനം ഞാനൊന്നു നല്കിടട്ടേ?

ഗീതഗോവിന്ദത്തിൽ നായികാഭാവത്തിൽ
രാധയെന്നുള്ളൊരാ സുന്ദരിയെ !

മാറോടു ചേർത്തുപിടിച്ചൊരാ കണ്ണൻ്റെ
കള്ളക്കുസൃതികൾ കാട്ടിടട്ടേ?

കാർവർണ്ണൻ വേണുവാൽ രാഗമോതീടേ നിൻ-
മാറിടം മെല്ലെ ത്രസിച്ചതില്ലേ?

ചെന്തളിർമേനിയിൽ മന്ദസമീരനായ്
ഗോവിന്ദൻകൈത്തലം മേയുംനേരം

കോരിത്തരിച്ചിടും ഗോപീതനുപോലെ
വേപഥു പൂണ്ടങ്ങു നില്ക്കയാണോ?

വാനിലായ് ചന്ദ്രിക പുഞ്ചിരി തൂകവേ
കാമാർത്തയാകുമാ ഭൂമിയെപ്പോൽ

തൊണ്ടിപ്പഴത്തിനും നാണമേകുന്ന നിൻ-
ചെഞ്ചുണ്ടു രണ്ടുമേ ഈറനായി.

കാളിന്ദീതീരത്തു കണ്ണനെക്കാത്തൊരു
നിത്യസുഭഗയാം രാധയോ നീ?

സാരംഗം മീട്ടീട്ടവനെ പ്രണയിച്ച
നിത്യതപസ്വിയാം മീരയോ നീ?

ആരുനീയാരുനീയാരുനീ ചൊല്ലുക
ഹൃത്തെത്തിരുടിയ സൂനമേ നീ?
മൂത്തേടം

നഷ്ടപ്രണയം ( കവിത)

നഷ്ടപ്രണയം
****************
നഷ്ടമായെങ്കിലും ഇഷ്ടമാണോമലേ!
നിൻ മിഴിയോരത്തെ പ്രണയാർദ്രവീചികൾ
കഷ്ടമാണെങ്കിലും ഇഷ്ടമാണോമലേ!
കരളിൽ നീ വിടർത്തിയ പ്രണയാർദ്രനോവുകൾ

കാലത്തിനപ്പുറം പൂവായ് വിടരുമാ-
രാഗത്തിൻ വിത്തുകൾ നീ വിതച്ചില്ലയോ
കാലം പറയാത്തൊരാ കഥകളെല്ലാമെൻ
രാഗാർദ്രമാനസം കവിതയായ് പേറുന്നു

അന്നെനിക്കേകിയ പ്രണയസന്ദേശങ്ങൾ
കാലത്തിൻ നോവുകൾ  മായ്ച്ചതില്ലിന്നുമേ
ആരുമറിയാതെയിന്നും ഞാൻ കാക്കുന്നു
കാലാതിവർത്തിയായ്  നിൻ പ്രണയകാവ്യങ്ങളേ

വിശ്വം വിളങ്ങുമാ പ്രണയകവ്യങ്ങളിൽ
നായകഭാവമായ് ഞാനൊരുങ്ങീടവേ
വിശ്വത്തിൻ സൗന്ദര്യമാകെ സ്വരൂപിച്ചു
നായികാഭാവത്തിൽ നീയിരുന്നീലയോ

വിധിയുടെ ക്രൂരമാം കളിയരങ്ങിലെ
കളിവിളക്കിൻ തിരിയാളിപടർന്നതും
വഹ്നിയിൻനാളങ്ങൾ നമ്മെപൊതിഞ്ഞതും
കൈവിട്ടുപോയൊരാ പ്രണയസ്വപ്നങ്ങളും

ഇന്നുമെന്നോർമ്മയിൽ നന്നായ് തെളിയുന്നു
കാലം കടന്നൊരീ  ജീവിതസന്ധ്യയിൽ
ഇനിയൊരുജന്മമുണ്ടാകയെങ്കിലോയീ
കണ്ണന്റെ രാധയായ് നീ പിറന്നീടേണം
( മൂത്തേടം )

വിധി( കവിത)

വിധി
***********
എത്രനാളിതുപോലെ കാത്തുകാത്തിരിക്കണം
എത്രയോ ഋതുക്കളും കൺമുന്നിൽ മറഞ്ഞില്ലേ
വിറക്കുംകരങ്ങളേ നിന്മുന്നിൽ നീട്ടിക്കൊണ്ട്
മരണദേവാ നിന്നെ കാത്തുഞാനിരിക്കുന്നു

മാതാവിനുദരത്തിൽ കഴിഞ്ഞ കാലങ്ങളെ
മാറ്റാരോ പറഞ്ഞൊരു അറിവുമാത്രമുള്ളിൽ
മാതാവിൻ മടിയിലായ്‌  അമുതം ഭുജിച്ചതും 
മറ്റാരോ പറഞ്ഞതും ഓർമ്മയിലിരിക്കുന്നു 

ബാല്യവും കൌമാരവും താണ്ടി ഞാൻ വളരവേ
മാതാവിൻ നെഞ്ചകത്തെയാലില വിറച്ചില്ലേ
പുത്രനെന്നുയർച്ചക്കായ് സ്വയമായെരിയവേ
മാതാവിൻ  മുഖശ്രീയോ "വൈരം" പോൽ തിളങ്ങീലേ

നവപ്രതീക്ഷകളെൻ  ഹൃത്തിങ്കൽ  വിരിയവേ
മനസ്വിനിയൊരുവൾ കൂട്ടായികൂടെക്കൂടി
പുതിയജീവിതത്തിൻ വഴിയിലെവിടെയോ
മാതാവിൻ കരങ്ങളെ വിട്ടുഞാൻ വിലകീല്ലേ

കാലങ്ങൾ  കഴിയവേ സുതനും  പിറന്നില്ലേ
ഹൃത്തിലോ  പുതിയതാം വർണ്ണങ്ങൾ  വിതറിയും
കിഴക്കുവിരിയുന്ന അരുണ ശോഭയ്ക്കൊപ്പം
ഹൃത്തിലോ വിടരുന്നു മോഹത്തിൻ പ്രതീക്ഷകൾ

കാലങ്ങൾ  കഴിയവേ മോഹങ്ങൾ  വളർന്നേപോയ്
തനിക്കുതാനും പിന്നെ പുരയ്ക്കു തൂണും  മാത്രം
എന്നതും മറന്നുപോയ് മോഹങ്ങൾ ജ്വലിക്കവേ
കാലങ്ങൾ  തിരിയുന്നു വെറുക്കപ്പെടുന്നോനായ് 

ഇന്നിതാ മരണത്തിൻ ദേവനെ കാത്തുഞാനീ
കടയിൻ തിണ്ണമേലേ  ഒതുങ്ങിക്കഴിയുന്നു
കൊഴിഞ്ഞ ജീവിതത്തിൻ വഴിയിലെവിടെയോ
കൈവിട്ടൊരു അമ്മതൻ കൈകളെ തിരയുന്നു

അകലെ ആകാശത്ത്‌, ദക്ഷിണമംബ രത്തിൽ
കൈകളെ രണ്ടും നീട്ടി എന്നെക്കാത്തിരിക്കുന്നു
അമ്മതൻ  വാത്സല്യത്തെ വീണ്ടും നുകരാനായ്
മരണദേവാനാം നിൻ  അടിമലർ  തൊഴുന്നേൻ
( മൂത്തേടം )

എൻ്റെ കാമുകി (കവിത)

എന്റെ കാമുകി
*************************
അലോകലാവണ്യ കുസുമമൊന്നുവിടർന്നിരുന്നു
ഉലോക ഭ്രമരനയനങ്ങൾക്കനുഭൂതിയായി
സഹസ്രഫണനും  വർണ്ണനക്കസാധ്യയായി ,ഭുവിൽ 
തിളങ്ങി മലരേ പൗർണമിചന്ദ്രികയെന്നപോലെ

വിണ്ണിൽ വന്നു നിരന്നു വാനവരാകാഴ്ചകാണാൻ
മണ്ണിൽ വിടർന്നൊരതിമോഹനമാതാസ്വദിക്കാൻ
കണ്ണായിരൻ തന്നെമറന്നു പ്രേമ വിവശനായ്  
പെണ്ണേ നിൻ മോഹനരൂപ സൗന്ദര്യദാസനായി

പൂർവ്വാംബരം അരുണിമ പടർന്ന കാലം
മണ്ണിൽ വിളങ്ങിയൊരു  കാഞ്ചന രൂപഭംഗി
ബാലർക്കനിൻ ശോണിത ശോഭ കെടുത്തിടുമ്പോൾ
അരുണ രഥവേഗശതമിരട്ടിയാക്കി

പൂർവ്വാബരം വർണ്ണശബളമാക്കി
ബാലാർക്കനിൻ വദനദീപ്തി തിളങ്ങിടുമ്പോൾ
പൃഥ്വിക്കു നവ്യാനുഭൂതിയായി
മലരേനിൻ  മുഖദീപ്തി വിളങ്ങിടുന്നു 

ഹിമാംശുരഹിത നടുരാത്രിപോലെ
കാർവർണ്ണമൊത്തിടും ഘനകേശഭാരം
മലരടിതൊട്ടു രാഗമോതിടുമ്പോൾ
മലരമ്പൻമലർക്കണയേറ്റപോലെ

ത്രൈലോക്യ സൗന്ദര്യമാകെ സമാഹരിച്ചു
നീയെന്നൊരു മോഹനരൂപ സൃഷ്ടിചെയ്ത
കമലാസനാ, നിൻ  പാദപദ്മം മനസ്സാൽ 
സാഷ്ടാംഗം  തൊട്ടുതൊഴുതിടുന്നേൻ

(മൂത്തേടം)

പ്രണവം ( കവിത)

പ്രണവം
*************
ഇന്നുഞാനെഴുതുന്നില്ല പ്രിയേ
നിന്നെക്കുറിച്ചൊരു വാക്കുപോലും
ഉള്ളിന്റെയുള്ളിൽ തിരമാലപോലെ
പ്രണയസംഗീതമങ്ങലയടിക്കേ!

കരിനീലമിഴിയോരത്തു വിരിയുമാ
രാഗത്തെക്കുറിച്ചെന്തെഴുതാൻ
തൊണ്ടിപഴംപോലും നാണിച്ചു പോയിടും
ചുണ്ടിന്റെ മാധുര്യം ഞാൻ നുകരേ!

ഇന്ദുവുണരാ,യാമത്തെ പോലെനിൻ
കാർക്കുന്തൽ കെട്ടങ്ങഴിഞ്ഞുവീഴേ
നന്നായി പാടിപഠിച്ചൊരാ പാട്ടുകൾ
പാടാൻ കഴിയാതെ ഞാൻ മൂകനാകേ!

പ്രണയാർദ്രമാം നിൻമൊഴിമുത്തുകൾ
സപ്തസ്വരങ്ങളായ് മാറിടവേ
പതിനാറായിരത്തെട്ടു രാഗങ്ങളു- പ്രണവസംഗീതമായ് മാറിടുന്നു.

സന്ധ്യതൻ ശോണിമ ചാലിച്ചെഴുതിയ
നിന്നുടൽശോഭയെൻ കൺകുളിർക്കേ
ഹിമശൈലപുത്രിയെന്നുള്ളിൽ നിനച്ചിതാ
അഞ്ജലീബദ്ധനായ് നിന്നിടുന്നു.
( മൂത്തേടം ) .

ഇതാ രാധ (കവിത)

ഇതാ രാധ
**********
കണ്ണനെ കാണുവാൻ രാധയിരുന്നോരാ
കാളിന്ദിത്തീരം കഥപറയും

കൂട്ടരുമൊത്തെന്നും ഗോക്കളെ മേയ്ക്കുന്ന
ഗോപാലൻതൻ്റെ കഥപറയും

കാളിയഗർവ്വത്തെ കാലനം ചെയ്തൊരാ
കാല്ച്ചിലമ്പിൻ്റെ കഥപറയും

ഗോവർദ്ധനഗിരി കൈകളിലേന്തിയ
ഗോവിന്ദൻതൻ്റെ കഥപറയും

രാധതൻ ഹൃത്തിലായ് പൂത്തുനിന്നുള്ളോരാ
രാഗന്ധിപ്പൂവിൻ കഥപറയും

പ്രാണൻ്റെ പ്രാണനായ് രാധ പ്രണയിച്ച
പ്രേമാനുരാഗ കഥപറയും

ദ്വാരക തന്നിലെ പൊന്നൊളി കണ്ടപ്പോൾ
താശിമറന്ന കഥപറയും

വിണ്ടലം പോലുള്ള മന്ദിരം കണ്ടപ്പേൾ
വീടുമറന്ന കഥപറയും

മൊഞ്ചുള്ള പെണ്ണുങ്ങളെട്ടെണ്ണം വന്നപ്പോൾ
തഞ്ചത്തിൽ രാധയെ വിട്ടു കണ്ണൻ

കണ്ണനെ കാണുവാൻ രാധയിരുന്നോരാ
കാളിന്ദിത്തീരം കഥപറയും

കണ്ണനെ മാറിൻ്റെയുള്ളിൽ പ്രതിഷ്ഠിച്ച
കാമിനിതൻ്റെ കഥപറയും

കണ്ണൻ പിരിഞ്ഞതാൽ പാടാൻ മറന്നൊരാ
കോലകുഴലിൻ കഥപറയും

കണ്ണന്റെ  വേണു  ചുരത്തിടും നാദത്തെ
കേൾക്കാതെ ഗോക്കളുമക്ഷമരായ്

വൃന്ദാവനത്തിലെ ജാലകമൊക്കെയും
വന്ധ്യയെന്നോണം തലകുനിച്ചോ?

കണ്ണനെ കാണാതെ നെഞ്ചകം വിങ്ങുന്ന
കായമ്പുവർണ്ണയാമായർപ്പെണ്ണിൻ

രാഗം മറന്നിട്ടു കൊട്ടാരം പൂകിയ
രാമകനീയാനു മാപ്പു നല്കും

നാരീകുലത്തിലെയുത്തമയായുള്ള
നാരീമണി രാധേ! കുമ്പിടുന്നേൻ.
(മൂത്തേടം)